ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ; പ്രാർഥനയോടെ ലക്ഷക്കണക്കിന് വിശ്വാസികൾ...

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ. ഒമാനിൽ നാളെ പെരുന്നാൾ ആഘോഷിക്കും.സൗദിയിൽ ഇന്നലെ ശവ്വാൽ മാസപ്പിറ കണ്ടതോടെ ഇന്ന് ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സൗദി സുപ്രീം കോടതിയാണ് പ്രഖ്യാപിച്ചത്. ഇതോടെ ഒമാൻ ഒഴികെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളും ഇന്ന് ചെറിയ പെരുന്നാളായി പ്രഖ്യാപിച്ചു. ഒമാനിൽ ഇന്നലെ മാസപ്പിറ കാണാത്തതിനാൽ ഇന്ന് റമദാൻ 30 പൂർത്തിയാക്കും. നാളെയാണ് ഒമാനിൽ ചെറിയ പെരുന്നാൾ. പെരുന്നാൾ നമസ്കാരത്തിനായി സൗദിയിലും മറ്റു ഗൾഫ് രാജ്യങ്ങളിലുമുള്ള പള്ളികളും ഈദ് ഗാഹുകളും ഒരുങ്ങി. സൗദിയിൽ മാത്രം നാലായിരത്തോളം ഈദ് ഗാഹുകൾ ഉൾപ്പെടെ ഇരുപതിനായിരത്തോളം സ്ഥലങ്ങളിലാണ് പെരുന്നാൾ നമസ്കാരം നടക്കുന്നത്. മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളിൽ ലക്ഷക്കണക്കിന് വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കും.
ഇന്നലെ മാസം കണ്ടതോടെ തന്നെ വിശ്വാസികൾ തക്ബീർ ധ്വനികൾ മുഴക്കി പെരുന്നാളിനെ സ്വാഗതം ചെയ്തു. ഫിതർ സക്കാത്തിന്റെ ഭാഗമായി അരിയും മറ്റു ധാന്യങ്ങളും പാവപ്പെട്ടവർക്ക് വിതരണം ചെയ്തു. മൈലാഞ്ചിയിട്ടും മധുരം വിതരണം ചെയ്തും ആശംസകൾ കൈമാറിയും മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളും ആഘോഷത്തിന് തുടക്കമിട്ടു. സൗദിയുടെ വിവിധ ഭാഗങ്ങളിൽ വെടിക്കെട്ടും കലാ പരിപാടികളും ഉൾപ്പെടെ ആഘോഷ പരിപാടികൾ നടക്കുന്നുണ്ട്. രാവിലെ 6.30 ന് മക്കയിൽ പെരുന്നാൾ നമസ്‌കാരം നടന്നു. ഗൾഫ് രാജ്യങ്ങളിലെമ്പാടും മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്‌കാരത്തിന് സൗകര്യങ്ങൾ ഒരുക്കിയിരുന്നു. വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും ഈദ് ഗാഹുകൾ നടക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള മതപണ്ഡിതരാണ് പലയിടത്തും മലയാളി സംഘടനകളുടെ ഈദ്ഗാഹുകൾക്ക് നേതൃത്വം നൽകുന്നത്.
ഒമാനിൽ റമസാൻ 30 പൂർത്തീകരിച്ച് തിങ്കളാഴ്ചയാണ് പെരുന്നാൾ. പെരുന്നാൾ നാളെ ആയതുവഴി യുഎഇ നിവാസികൾക്ക് ആഘോഷത്തിന് നാല് ദിവസത്തെ അവധി ലഭിക്കും. ശവ്വാൽ 1 മുതൽ 3 വരെയാണ് യുഎഇയിൽ പെരുന്നാളവധി. രാവിലെ 5.43 നാണ് ഖത്തറിൽ പെരുന്നാൾ നമസ്കാരം നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 700 ഓളം കേന്ദ്രങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പെരുന്നാൾ നമസ്കാരത്തിന് മതകാര്യ മന്ത്രാലയം സൗകര്യം ഒരുക്കിരുന്നു.
ഇന്ന് രാവിലെ സൂര്യോദയത്തിന് ശേഷം 15 മിനിറ്റ് കഴിഞ്ഞാണ് സൗദിയിൽ ഈദുൽ ഫിത്ർ നമസ്കാരം നടന്നത്. മഴയുടെ സാഹചര്യമുണ്ടെങ്കിൽ ഈദുഗാഹുകളിലെ നമസ്കാരം മസ്ജിദുകളിലേക്ക് മാറ്റും എന്ന് നേരത്തെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഈദുൽ ഫിത്ർ നമസ്‌കാരത്തിനായി സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിലെ പള്ളികളിലും ഈദ് ഗാഹുകളിലുമുള്ള തയ്യാറെടുപ്പുകൾ നേരത്തെ തന്നെ പൂർത്തിയാക്കിയതായി മതകാര്യ വകുപ്പ് അറിയിച്ചിരുന്നു.
വിവിധ പ്രദേശങ്ങളിലായി 15,948 പള്ളികളും 3,939 ഈദ് ഗാഹുകളും ഒരുക്കിയിരുന്നു. ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ച് സൂര്യോദയത്തിന് 15 മിനിറ്റിന് ശേഷമാണു ഈദ് നമസ്‌കാരം നടന്നത്. പള്ളികളിലെയും ഈദ് ഗാഹുകളിലെയും ക്രമീകരണങ്ങൾ നിരീക്ഷിക്കുന്നതിനായി 6,000-ൽ അധികം നിരീക്ഷകരെ നിയോഗിച്ചിരുന്നു.
പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള അശ്രദ്ധയോ അലംഭാവമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1933 എന്ന ഗുണഭോക്തൃ സേവന കേന്ദ്രവുമായി ബന്ധപ്പെടാൻ മതകാര്യ മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചിട്ടുണ്ട്. കുവൈത്തിൽ ഇന്ന് ഈദുൽ ഫിത്ർ വന്നതുകൊണ്ട് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും മൂന്നു ദിവസത്തെ അവധി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് 30, 31, 1 തീയതികളാണ് അവധി.
https://www.facebook.com/Malayalivartha