ഹജ് കൂടുതൽ സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ട് ഉംറ വീസയിൽ നിയന്ത്രണം ഏർപ്പെടുത്തി സൗദി...

മക്കയിൽ സന്ദർശക വീസയിൽ കഴിയുന്നവർക്കുള്ള മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു. ഈ വർഷത്തെ ഹജ് കൂടുതൽ സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ട് ആണ് ഉംറ വീസയിൽ സൗദി നിയന്ത്രണം. ഉംറയ്ക്ക് അനുമതി നൽകുന്നത് ഈ മാസം 29 മുതൽ ജൂൺ 10 വരെ നിർത്തിവെയ്ക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശങ്ങളിൽനിന്നുള്ള ഉംറ തീർഥാടകർക്ക് സൗദിയിൽ പ്രവേശിക്കാനുള്ള അവസാന തീയതി ഇന്നലെ ആയിരുന്നു (ഏപ്രിൽ 13). ഇനി ജൂൺ 10 വരെ ഉംറ വീസയിൽ സൗദിയിൽ പ്രവേശിക്കാനാകില്ല. ഇതേവരെ സൗദിയിൽനിന്ന് എത്തിയ ഉംറ വീസക്കാർ ഏപ്രിൽ 29ന് മുൻപ് സൗദിയിൽ നിന്ന് പുറത്തു കടക്കണം.
ഇതിനുശേഷവും രാജ്യത്ത് തങ്ങിയാൽ കനത്ത പിഴ നേരിടേണ്ടിവരും. ഇങ്ങനെ രാജ്യത്ത് തങ്ങിയാൽ ഇവരെ കൊണ്ടുവന്ന ഉംറ വീസ കമ്പനിക്ക് ഒരാൾക്ക് ഒരു ലക്ഷം റിയാൽ വീതമാണ് പിഴ ഈടാക്കുക. തിരിച്ചുപോകാത്ത ഉംറ വീസക്കാരെ പറ്റിയുള്ള വിവരം അതാത് കമ്പനികൾ അധികൃതരെ അറിയിക്കണം. 23 മുതൽ ഹജ് പെർമിറ്റില്ലാത്ത വിദേശികൾക്ക് മക്കയിൽ പ്രവേശിക്കാനാകില്ല.
മക്ക ഇഖാമ (താമസരേഖ) ഉള്ളവർക്ക് ഇത് ബാധകമല്ല. മക്കയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന, സൗദിയിൽ നിയമാനുസൃതം കഴിയുന്ന വിദേശികൾ ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് പ്രത്യേക പെർമിറ്റ് നേടണം. അനുമതിയില്ലാതെ മക്കയിൽ പ്രവേശിക്കുന്നവർക്ക് പിഴ ചുമത്തും. ഹജ് സീസണിൽ മക്കയിൽ ജോലി ചെയ്യാൻ ബന്ധപ്പെട്ട വകുപ്പുകൾ പ്രത്യേക അനുമതി നൽകും.
വിസിറ്റ് വീസയിൽ മക്കയിൽ കഴിയുന്ന വിദേശികൾ ഈ മാസം 29ന് മുമ്പ് തിരിച്ചുപോകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഈ വർഷത്തെ ഹജ് സീസണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പാലിക്കണമെന്നും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha