ഏഴു വയസുകാരിയുടെ വായില്‍ 202 പല്ലുകള്‍
ഏഴു വയസുകാരി മകള്‍ എപ്പോഴും പല്ലു വേദന പറയുമ്പോള്‍, അമ്മ വഴക്കു പറയും പഠിക്കാതിരിക്കാനുള്ള അടവാണ് എന്ന് കരുതി. വായും കവിളുമെല്ലാം നീരുവച്ചു വീര്‍ത്തപ്പോഴാണ് മകളുടെ വാക്ക് അമ്മ വിശ്വസിച്ചത്. തുടര്‍ന്ന് മകളെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ദന്തരോഗ വിഭാഗത്തിലെത്തിച്ചു. കുട്ടിയെ പരിശോധിച്ച ഡോക്റ്റര്‍മാര്‍ അത്ഭുതപ്പെട്ടു. 32 പല്ലുകള്‍ക്ക് മാത്രം വളരാന്‍ സ്ഥലുമുള്ളയിടത്ത് 202 പല്ലുകളാണ് ആ കുഞ്ഞുവായില്‍ ഉണ്ടായിരുന്നത്.
ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശിനിയായ ബലികയ്ക്കാണ് 202 പല്ലുകളുമായി വേദന സഹിച്ച് കഴിയേണ്ടി വന്നത്. എക്‌സ്‌റേ പരിശോധനയിലാണ് കൂടുതലുള്ള പല്ലുകളുടെ വിവരം അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് എയിംസിലെ ഓറല്‍ ആന്റ് മാക്‌സിലോ ഫേഷ്യല്‍ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. അജയ്‌റോയ് ചൗധരിയുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയയിലൂടെ പല്ലുകള്‍ പുറത്തെടുത്തു.
കോംപൗണ്ട് ഒഡോന്റോമ എന്ന സങ്കീര്‍ണ്ണമായ ഒരു ദന്തരോഗം കൊണ്ട് ഉണ്ടാകുന്ന ഒരു തരം ട്യൂമറാണിത്. സാധാരണമായ ദന്തകോശങ്ങള്‍ അസാധാരണ രീതിയില്‍ വളര്‍ന്നുണ്ടാകുന്ന മുഴയാണത്. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് അധികമുള്ള മുഴുവന്‍ പല്ലുകളും നീക്കം ചെയ്തത്.
അത്ര ഗുരുതരമായ ശസ്ത്രക്രിയ അല്ലായിരുന്നുവെങ്കിലും, വളരെ കൃത്യതയോടെ ചെയ്തില്ലെങ്കില്‍ മോണയ്ക്ക് ഒടിവു സംഭവിച്ച് മാറ്റാനാവാത്ത മുഖവൈരൂപ്യം സംഭവിക്കാന്‍ ഇടയുണ്ടായിരുന്നു. ഡോക്റ്റര്‍മാര്‍ പേരുവെളിപ്പെടുത്താത്ത ആ പെണ്‍കുട്ടി ആഹാരം ചവച്ചുകഴിയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha