അമ്മമാരുടെ ഗര്‍ഭപാത്രം സ്വീകരിച്ച മക്കള്‍ പ്രസവിച്ചു
വൈദ്യശാസ്ത്രരംഗത്ത് മറ്റൊരു വിപ്ലവം. ലോകത്തിലാദ്യമായി അമ്മമാരില്‍ നിന്നു ഗര്‍ഭപാത്രം സ്വീകരിച്ച മക്കള്‍ പ്രസവിച്ചു. സ്വീഡനിലാണ് വൈദ്യശാസ്ത്രരംഗത്തെ നാഴികക്കല്ലായ സംഭവം. അമ്മമാരുടെ പേരുവിവരം പുറത്തു വിട്ടിട്ടില്ല. രണ്ട് ആണ്‍കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. രണ്ടു മാസം മുന്‍പു നടന്ന പ്രസവത്തിന്റെ വാര്‍ത്ത ഇപ്പോഴാണു പുറത്തുവിട്ടത്. സ്വീഡനിലെയും ബ്രിട്ടനിലെയും ഗവേഷകരുടെ ദീര്‍ഘകാല ശ്രമങ്ങളാണു വിജയം കണ്ടത്.
ഒന്‍പതു യുവതികളിലാണ് അമ്മമാരുടെ ഗര്‍ഭപാത്രം വച്ചുപിടിപ്പിച്ചത്. അതില്‍ രണ്ടു പേരാണ് ഇപ്പോള്‍ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയത്. ഗര്‍ഭപാത്രമില്ലാതെ ജനിച്ച സ്വീഡിഷ് യുവതിയാണ് അമ്മയില്‍ നിന്നു കടംകൊണ്ട ഗര്‍ഭപാത്രത്തില്‍ കുഞ്ഞിനു ജന്മം നല്‍കിയ ആദ്യത്തെയാള്‍. കാന്‍സര്‍ രോഗചികില്‍സയുടെ ഭാഗമായി ഗര്‍ഭപാത്രം നീക്കം ചെയ്ത യുവതിയായിരുന്നു രണ്ടാമത്തേത്.
സ്വീഡനും ബ്രിട്ടനുമാണ് ഗര്‍ഭപാത്രമാറ്റിവയ്ക്കല്‍ ഗവേഷണങ്ങളില്‍ സജീവമായിട്ടുള്ളത്. ജീവിച്ചിരിക്കുന്നവര്‍ ഗര്‍ഭപാത്രം ദാനം ചെയ്യുന്നതിനെയാണു സ്വീഡിഷ് ഗവേഷകര്‍ പ്രോത്സാഹിപ്പിക്കുന്നത്. ബ്രിട്ടിഷ് ഗവേഷകരാകട്ടെ മസ്തിഷ്‌കമരണം സംഭവിച്ചവരുടെ ഗര്‍ഭപാത്രം പുറത്തെടുത്തു മറ്റുള്ളവരില്‍ വച്ചു പിടിപ്പിക്കുന്നതിനെ അനുകൂലിക്കുന്നു. പ്രധാന രക്തക്കുഴലുകള്‍, കൂടുതല്‍ ടിഷ്യൂകള്‍ എന്നിവ ഗര്‍ഭപാത്രത്തിനൊപ്പം ദാതാവിനായി എടുക്കാമെന്നതാണ് ഇതിന്റെ മെച്ചമായി ബ്രിട്ടിഷ് ഡോക്ടര്‍മാര്‍ പറയുന്നത്. രണ്ടു രീതിയിലായാലും പ്രസവിച്ച സ്ത്രീകളുടെ ഗര്‍ഭപാത്രം മാത്രമേ മാറ്റിവയ്ക്കലിനായി സ്വീകരിക്കൂ.
അവയവമാറ്റ ശസ്ത്രക്രിയയിലൂടെ വച്ചു പിടിപ്പിച്ച ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന ലോകത്തെ ആദ്യ കുഞ്ഞു പിറന്നതും ഈയിടെയാണ്. രക്തബന്ധമില്ലാത്ത സ്ത്രീയില്‍ നിന്നു ഗര്‍ഭപാത്രം സ്വീകരിച്ച യുവതി ഒക്‌ടോബര്‍ ആദ്യമാണു സ്വീഡനില്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. വിന്‍സന്റ് എന്നാണ് കുഞ്ഞിന്റെ പേര്.
ജന്മനാ ഗര്‍ഭപാത്രമില്ലാതിരുന്നു മുപ്പത്തിനാലുകാരിക്ക്, അറുപത്തൊന്നുകാരിയായ സുഹൃത്താണ് ഗര്‍ഭപാത്രം ദാനം ചെയ്തത്. ഇതിനു പിന്നാലെയാണ് അമ്മമാരില്‍ നിന്നു തന്നെ സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍ നിന്നുള്ള പിറവി. തുര്‍ക്കിയിലും സൗദി അറേബ്യയിലും മുന്‍പു ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ നടന്നിട്ടുണ്ടെങ്കിലും കുഞ്ഞുങ്ങള്‍ പിറന്നിരുന്നില്ല. മറ്റ് അവയവമാറ്റങ്ങളെക്കാള്‍ സങ്കീര്‍ണതയേറിയതാണ് ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha