കാലാവസ്ഥാ വ്യതിയാനങ്ങളുടെ അപകട മുനമ്പില്‍ നിൽക്കുന്നത് കേരളമടക്കം, ഇന്ത്യയിലെ 14 സംസ്ഥാനങ്ങൾ....
കാലാവസ്ഥാ വ്യതിയാനം, അതിന്റെ ദുരന്തങ്ങള്‍ എന്നെല്ലാം കേള്‍ക്കുമ്പോള്‍ നമ്മളില്‍ ചിലര്‍ക്കെങ്കിലും ഒരു ചിന്തയുണ്ടാവും അത്തരമൊരു ദുരന്തം നമ്മളെ ബാധിക്കില്ല എന്നും, നമ്മളല്ലല്ലോ അതിന് കാരണക്കാര്‍ എന്നുമൊക്കെ. പക്ഷെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങൾ നാമുൾപ്പടെ ലോകത്തില്‍ എതൊരാളും പ്രതീക്ഷിക്കുക തന്നെ വേണം. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ ഗുരുതരമാണ്. കേരളമടക്കം ഇന്ത്യയിലെ 14 സംസ്ഥാനങ്ങളാണ് കാലാവസ്ഥാ വ്യതിയാനങ്ങളുടെ അപകട മുനമ്പില്‍ നിൽക്കുന്നത്.
2050ഓടെ കനത്ത നാശനഷ്ടമുണ്ടാകുന്ന 100 മേഖലകളുടെ പട്ടികയിലാണ് ഇന്ത്യയില്‍ നിന്നുള്ള 14 സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ചൈനയ്ക്ക് ശേഷം, പട്ടികയില്‍ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള രാജ്യം ഇന്ത്യയാണ്. പട്ടികയിലെ ആദ്യ 50ല്‍ ഇന്ത്യയില്‍ നിന്നുള്ള എട്ട് സംസ്ഥാനങ്ങളുണ്ട്. ബിഹാര്‍ (22), ഉത്തര്‍പ്രദേശ് (25), അസം (28), രാജസ്ഥാന്‍ (32), തമിഴ്‌നാട് (36), മഹാരാഷ്ട്ര (38), ഗുജറാത്ത് (48), പഞ്ചാബ് (50) എന്നിങ്ങനെയാണ് സ്ഥാനങ്ങള്‍. കേരളം, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഹരിയാന, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവയാണ് 100 സ്ഥാനങ്ങള്‍ക്കുള്ളിലെ സംസ്ഥാനങ്ങള്‍. കേരളം 52-ാം സ്ഥാനത്താണ്.
14 സംസ്ഥാനങ്ങളിലും പ്രളയമായിരിക്കും വലിയ നാശ നഷ്ടം സൃഷ്ടിക്കുകയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോകത്തൊട്ടാകെ നൂറുകോടിയോളം പേര്‍ കാലാവസ്ഥാ ദുരന്തങ്ങളുടെ കെടുതികള്‍ അനുഭവിക്കേണ്ടിവരും. പ്രളയം കഴിഞ്ഞാല്‍ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തങ്ങള്‍ കനത്ത ചൂട്, കാട്ടുതീ, മണ്ണൊലിപ്പ്, തീവ്രതകൂടിയ കാറ്റ്, ശൈത്യ തരംഗം എന്നിവയാണ്.
മനുഷ്യ നിര്‍മ്മിതികളെ തുടര്‍ന്ന് 2050ഓടെ അസമിലെ കാലാവസ്ഥാ അപകടസാധ്യത 1990 അപേക്ഷിച്ച് 330 ശതമാനം വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഓസ്ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രോസ് ഡിപെന്‍ഡന്‍സി ഇനീഷ്യേറ്റീവി (എക്സ്ഡിഐ)ന്റേതാണ് റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പഠനം നടത്തുന്ന സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് എക്സ്ഡിഐ.
2050ഓടെ ലോകമെമ്പാടുമുള്ള 2,600ലധികം സംസ്ഥാനങ്ങളിലും പ്രവിശ്യകളിലും മനുഷ്യരുടെ ഇടപെടലുകളെ തുടര്‍ന്ന് ഉണ്ടായേക്കാവുന്ന ഭൗതിക കാലാവസ്ഥാ അപകടസാധ്യതയെക്കുറിച്ചാണ് എക്സ്ഡിഐ പഠനം നടത്തിയത്. മനുഷ്യരുടെ ഇടപെടലുകള്‍ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുക ചൈനയും യുഎസും ഇന്ത്യയുമായിരിക്കും.
അപകടസാധ്യതയില്‍ 200വരെയുള്ള പട്ടികയില്‍ ഭൂരിപക്ഷവും (114) ഏഷ്യന്‍ സംസ്ഥാനങ്ങളാണ്. സിന്ധ് ഉള്‍പ്പെടെ പാകിസ്ഥാനില്‍ നിന്നും നിരവധി പ്രവിശ്യകള്‍ ആദ്യ 100ലുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിനും ഓഗസ്റ്റിനും ഇടയിലുണ്ടായ പ്രളയം പാകിസ്ഥാന്റെ 30 ശതമാനം പ്രദേശങ്ങളെയും ബാധിച്ചിരുന്നു. സിന്ധ് പ്രവിശ്യയിലെ ഒമ്പത് ലക്ഷത്തിലധികം വീടുകൾക്ക് ഭാഗികമായോ പൂർണമായോ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
വെല്ലുവിളി നേരിടുന്ന മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി സംരക്ഷിക്കുക മാത്രമാണ് പോംവഴിയായി നിര്‍ദേശിക്കുന്നത്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള താപനിലയില്‍ 3 ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവ് രേഖപ്പെടുത്തുമെന്ന് ഇന്റര്‍ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചും ചൂണ്ടിക്കാട്ടുന്നുണ്ട്.
https://www.facebook.com/Malayalivartha