ആലിപ്പഴമല്ല, ആകാശത്ത് നിന്ന് പെയ്തിറങ്ങിയത് മീൻ മഴ, ഇത് അത്ഭുത പ്രതിഭാസം
മഴ പെയ്യുമ്പോൾ ആലിപ്പഴം വീഴുന്നത് നമ്മളിൽ പലരും കണ്ടിട്ടുണ്ടാവും. എന്നാൽ മഴ പെയ്യുമ്പോൾ ഒപ്പം നല്ല പെടയ്ക്കുന്ന മീനും കൂടി കിട്ടിയാലോ? ആരായാലും ഇത് ആദ്യം കേൾക്കുമ്പോൾ നുണക്കഥയാണെന്നോ വ്യാജവാര്‍ത്തയാണെന്നോ എന്നുതന്നെകും കരുതുക. കേള്‍ക്കുമ്പോള്‍ വ്യാജമാണെന്ന് തോന്നുമെങ്കിലും കാര്യം സത്യമാണ്. അത്തരമൊന്നു അത്ഭുത പ്രതിഭാസം അങ്ങ് ഓസ്ട്രേലിയയിലെ ഒരു നഗരത്തിൽ സംഭവിച്ചിരിക്കുകയാണ്. ഒരു വലിയ കൊടുങ്കാറ്റോടുകൂടി പെയ്ത മഴയിലാണ് മത്സ്യങ്ങൾ വീഴാൻ തുടങ്ങിയത്.
ഓസ്ട്രേലിയൻ നഗരമായ കാതറിന്‍റെ തെക്കുപടിഞ്ഞാറായി ഏകദേശം 560 കിലോ അകലെയായി സ്ഥിതി ചെയ്യുന്ന ലജമാനു എന്ന പ്രദേശത്താണ് മഴയോടൊപ്പം മീനുകൾ പെയ്തിറങ്ങിയത്. രണ്ട് വിരലുകളുടെ വലിപ്പത്തിലുള്ള മത്സ്യങ്ങളാണ് മഴയിൽ വീണത്. മഴ പെയ്തതിന് ശേഷം എല്ലായിടത്തും മത്സ്യങ്ങൾ ചിതറിക്കിടക്കുന്നതാണ് ഇപ്പോൾ ആ നാട്ടിലെ ജനങ്ങൾ കാണുന്നത്. അപ്പോഴും അവയ്ക്ക് ജീവനുണ്ടായിരുന്നു. സമീപവാസികളും കുട്ടികളുമെല്ലാം മഴയത്ത് മീന്‍ പെറുക്കുന്നതിന്‍റെ തിരക്കിലായിരുന്നു.
ഇതിനെ ദൈവത്തിന്റെ അനുഗ്രഹം എന്നാണ് ജനങ്ങൾ പറയുന്നത്. ചുഴലിക്കാറ്റുണ്ടാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലെ പ്രതിഭാസം സംഭവിക്കുക. ആദ്യം ശക്തമായ കാറ്റുണ്ടായി. പിന്നാലെ മഴയും. മഴയ്ക്കൊപ്പം ആകാശത്ത് നിന്ന് മീനുകള്‍ വീണുതുടങ്ങി എന്നാണ് സംഭവത്തിന്‍റെ ദൃക്സാക്ഷിയായ ജപ്പനാന്‍ഗ പറയുന്നത്. എന്നാല്‍ അതിശക്തമായ ചുഴലിക്കാറ്റുണ്ടാകുമ്പോള്‍ ജലാശയങ്ങളില്‍ നിന്ന് വെള്ളവും മീനുകളുമടക്കം അന്തരീക്ഷത്തിലേക്ക് ഉയരുകയും പിന്നീട് അവ മഴയ്ക്കൊപ്പം താഴേക്ക് വീഴുകയും ചെയ്യുന്നതാണ് ഈ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രീയവശം.
സമാനമായ രീതിയില്‍ ഇതിനുമുന്‍പും മീൻമഴയുണ്ടായിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതിന് മുന്‍പ്, 1974, 2004, 2010 വര്‍ഷങ്ങളിലും സമാനമായ പ്രതിഭാസമുണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടായ മീൻ മഴ ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം ഒരു ആഘോഷം തന്നെയായിരുന്നു. രണ്ട് വിരലുകളുടെ വലിപ്പമുള്ള പ്രാദേശികമായി ഏറ്റവുമധികം ലഭ്യമായ മീൻ തന്നെയാണ് മീൻ മഴയിലും പെയ്തിരിക്കുന്നത്.
മീനുകള്‍ ജീവനോടെയിരിക്കാൻ കാരണം, അവ അന്തരീക്ഷത്തില്‍ ഒരുപാട് മുകളിലായി പോയി, മരവിക്കുന്ന അവസ്ഥയില്‍ എത്തിയില്ല എന്നതിനാലാണെന്ന് മത്സ്യങ്ങളെ കുറിച്ച് പഠിച്ചിട്ടുള്ള വിദഗ്ധൻ മൈക്കല്‍ ഹാമ്മെര്‍ പറയുന്നു. എന്തായാലും ഇപ്പോഴും മീന്‍മഴയുടെ ആത്ഭുതം വിട്ടുമാറാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍.
https://www.facebook.com/Malayalivartha