'ഫാൻസ് കോൾ മീ തമന്ന' മാരകായുധങ്ങളുമായി റീൽസ് ചെയ്ത കഞ്ചാവ് കേസിലെ പ്രതിയായ യുവതിയെ തെരഞ്ഞ് പൊലീസ്: സമ്പന്ന കുടുംബങ്ങളിൽപ്പെട്ട യുവാക്കളുമായി അടുപ്പം സ്ഥാപിച്ച് ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാനും മിടുക്കി: മാരകായുധങ്ങൾ ഉപയോഗിച്ച് വീഡിയോ പോസ്റ്റ് ചെയ്യുന്നത് എതിർസംഘങ്ങളെ ഭീഷണിപ്പെടുത്താൻ...
റീൽസ് വീഡിയോയ്ക്ക് മാരകായുധങ്ങൾ ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത യുവതിയ്ക്കെതിരെ കേസ്. തമിഴ്നാട് വിരുദുനഗർ സ്വദേശിനി വിനോദിനി എന്ന തമന്ന(23)യാണ് പ്രതി. കോയമ്പത്തൂർ സിറ്റി പൊലീസ് യുവതിയെ പിടികൂടാൻ പ്രത്യേകസംഘത്തെ നിയമിച്ചിട്ടുണ്ട്. പെൺകുട്ടിയ്ക്കായി തിരച്ചിൽ ആരംഭിച്ചുവെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
'ഫാൻസ് കോൾ മീ തമന്ന' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നത്. പ്രാഗ ബ്രദേഴ്സ് എന്ന ഇൻസ്റ്റാഗ്രാം പേജിലും യുവതി സജീവമാണ്. ക്രിമിനൽ സംഘത്തിൽപ്പെട്ട യുവാക്കളാണ് ഈ പേജിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. മാരകായുധങ്ങൾ ഉപയോഗിച്ചാണ് മിക്ക വീഡിയോയും തമന്ന പോസ്റ്റ് ചെയ്തിരിക്കുന്നത്.
എതിർ സംഘങ്ങളെ ഭീഷണിപ്പെടുത്തുക എന്നതാണ് ഇത്തരം വീഡിയോകളുടെ ഉദ്ദേശ്യമെന്നും പൊലീസ് അറിയിച്ചു. തമന്ന നേരത്തെ കഞ്ചാവ് കേസിലടക്കം പിടിയിലായിട്ടുണ്ടെന്ന് കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷണർ വി ബാലകൃഷ്ണൻ പറഞ്ഞു.
യുവതി സമ്പന്ന കുടുംബങ്ങളിൽപ്പെട്ട യുവാക്കളുമായി അടുപ്പം സ്ഥാപിച്ച് ഇവരെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha