ആത്മസുഹൃത്തിന്റെ മരണാനന്തര ചടങ്ങുകൾക്ക് എത്തി അവസാനമായി കണ്ട് വീട്ടിലേയ്ക്ക് മടങ്ങിയ യുവാവ് മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ...
സുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. പുഷ്പരാജൻ പ്രമീള ദമ്പതികളുടെ മകൻ അശ്വിൻ രാജ് (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് സംഭവം. വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് അശ്വിൻ രാജിനെ കണ്ടെത്തിയത്.
അശ്വിൻ രാജിന്റെ സുഹൃത്ത് ആറ്റിങ്ങൽ സ്വദേശി ശ്രേഷ്ഠ കഴിഞ്ഞ ദിവസം കല്ലമ്പലത്ത് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. തുടർന്ന് ഇന്ന് മരണാന്തര ചടങ്ങിൽ പങ്കെടുത്ത് വീട്ടിൽ മടങ്ങിയെത്തിയ ശേഷം അശ്വിൻ മുറിയിൽ പോവുകയായിരുന്നുവെന്നും കുറച്ച് കഴിഞ്ഞും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മുറിക്കുള്ളിൽ തുങ്ങിയ നിലയിൽ അശ്വിനെ കാണപ്പെട്ടതെന്നുമാണ് റിപ്പോർട്ട്.
തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ശ്രേഷ്ഠയുടെ മരണത്തിൽ അശ്വിൻ രാജ് മാനസികമായി വളരെ വിഷമത്തിൽ ആയിരുന്നെന്നും സ്കൂൾ പഠന കാലം മുതലുള്ള സുഹൃത്തിന്റെ പെട്ടെന്നുള്ള വേർപാട് താങ്ങാവുന്നതിലും അപ്പുറമായിരുന്നു എന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്.
ഐടിഐ പഠനം കഴിഞ്ഞ അശ്വിൻ രാജ് സ്വന്തമായി ഡീസൽ പമ്പ് വർക്ക്‌ഷോപ്പ് നടത്തുകയായിരുന്നു. ബസ് സ്റ്റോപ്പിൽ അപ്രതീക്ഷിതമായി കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിലാണ് ശ്രേഷ്ഠ മരിച്ചത്. ദേശീയപാതയിൽ പൊലീസ് സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. കൊല്ലം ഭാഗത്ത് നിന്ന് നിയന്ത്രണം വിട്ടെത്തിയ കാർ ആറ്റിങ്ങൽ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറിയത്.
സ്റ്റോപ്പിൽ സ്വകാര്യ ബസ് നിർത്തിയിട്ട് ആളെ കയറ്റുകയായിരുന്നു ഈ സമയം. കൊല്ലം ഭാഗത്ത് നിന്ന് വന്ന കാർ ബസിന്റെ ഇടത് വശത്ത് ഇടിച്ച ശേഷം ആൾ കയറുന്ന ഭാഗത്തേക്ക് നിയന്ത്രണം വിട്ട് ഇടിച്ച് കയറി. കൂട്ട നിലവിളി ഉയർന്നതോടെ നാട്ടുകാർ ഓടിക്കൂടി. പരുക്ക് പറ്റിയവർ എല്ലാം കെടിസിടി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർഥികളാണ്. കാർ ഇടിച്ച ശേഷം സമീപത്തെ മൈൽ കുറ്റിയിൽ ഇടിച്ചു നിന്നു.
ഉടൻ തന്നെ നാട്ടുകാരും മറ്റ് വിദ്യാർഥികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.ഉടൻ പൊലീസ് എത്തി രക്ഷാനടപടികൾ നടത്തിയിരുന്നു. ശ്രേഷ്ഠയ്ക്കൊപ്പം 17 വിദ്യാർഥികൾക്കു പരുക്കേറ്റു. 2 പേരുടെ നില ഗുരുതരമായിരുന്നു. കെടിസിടി ആർട്സ് ആൻഡ് സയൻസ് കോളജിലെ എംഎ ഒന്നാം വർഷ വിദ്യാർഥിയായ ശ്രേഷ്ഠയുടെ മരണം സഹപാഠികൾക്കും ഉൾക്കൊള്ളാനായിട്ടില്ല. കോളജിൽ നിന്നെത്തിയ വിദ്യാർഥികൾ ബസ് സ്റ്റോപ്പിൽ എത്തിയ ബസിൽ കയറാൻ ക്യൂ നിൽക്കുകയായിരുന്നു. അപ്പോഴാണു കൊല്ലം ഭാഗത്തുനിന്നു വന്ന കാർ വിദ്യാർഥികൾക്കിടയിലേക്ക് ഇടിച്ചുകയറിയത്.
കാർ ഓടിച്ചിരുന്ന കൊല്ലം അഞ്ചാലുംമൂട് ആയില്യത്തിൽ ബിജുവിനെ (44) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. ബിസിനസ് ആവശ്യത്തിനായി തിരുവനന്തപുരത്തേക്കു പോകുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിനു നൽകിയ മൊഴി. ബിജു ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക വിലയിരുത്തലെന്ന് പൊലീസ് പറഞ്ഞു.
അപകടത്തിൻ്റെ വലിയ ശബ്ദവും കൂട്ടനിലവിളിയും കേട്ട് ഓടിയെത്തിയവർ കണ്ടത് പരിക്കേറ്റ് പലയിടത്തായി ചിതറി വീണുകിടക്കുന്ന കുട്ടികളെയാണ്. വിദ്യാർത്ഥികൾ കാറിന് അടിയിലായപ്പോഴും കാർ ഡ്രൈവർ രക്ഷപ്പെടാൻ വാഹനം പുറകോട്ട് എടുക്കുകയും വിദ്യാർത്ഥികളുടെ ദേഹത്തു കാർ കയറി ഇറങ്ങുകയും ചെയ്തു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ഓടിക്കൂടിയ നാട്ടുകാരും മറ്റു വിദ്യാർത്ഥികളും കാറിൽ അടിച്ചു ബഹളം വെച്ചപ്പോഴാണ് കാർ നിർത്താൻ ഡ്രൈവർ തയ്യാറായത്. എല്ലാവരും ഒരുമനസ്സോടെ പ്രവർത്തന നിരതരായതോടെ രക്ഷപ്രവർത്തനം ഊർജ്ജിതമായി. നാട്ടുകാരും മറ്റു വിദ്യാർത്ഥികളും ചേർന്ന് കാറിനു അടിയിൽ പെട്ട വിദ്യാർത്ഥികളെയും കാറിടിച്ചു പരിക്കേറ്റ മറ്റു വിദ്യാർത്ഥികളെയും തൊട്ടടുത്തുള്ള കെടിസിടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha