ഒരു മാമ്പഴം വിറ്റത് 10,600 രൂപയ്ക്ക്...! ലോകത്തിലെ തന്നെ ഏറ്റവും വിലയും നിലയും ഭംഗിയുമുള്ള മിയാസാക്കി മാമ്പഴം പശ്ചിമബംഗാളിലും, ജപ്പാനില്‍ നിന്നുള്ള അതിവിശേഷപ്പെട്ട മാമ്പഴം ഒരെണ്ണം ഒരു ലക്ഷത്തിന് വിദേശവിപണിയില്‍ വിറ്റ ചരിത്രമുണ്ട്
ഒരു മിയാസാക്കി മാമ്പഴത്തിന് വില പതിനായിരത്തിലേറെ രൂപ. ലോകത്തിലെ തന്നെ ഏറ്റവും വിലയും നിലയും ഭംഗിയുമുള്ള ഈ വയലറ്റ് മാങ്ങ വിളഞ്ഞത് പശ്ചിമബംഗാളിലെ ബിര്‍ബം ജില്ലയിലെ ഒരു മുസ്ലീം പള്ളിയുടെ വളപ്പിലാണ്. ജപ്പാനില്‍ നിന്നുള്ള അതിവിശേഷപ്പെട്ട മിയാസാക്കി മാങ്ങ ഒരെണ്ണം ഒരു ലക്ഷം രൂപയ്ക്കു വരെ വിദേശവിപണിയില്‍ വിറ്റ ചരിത്രമുണ്ട്. ഒരു കിലോ മിയാസാക്കി മാമ്പഴത്തിന് മൂന്നു ലക്ഷം രൂപ വരെ മാര്‍ക്കറ്റില്‍ വിലയുണ്ട്.
നമ്മുടെ നാട്ടില്‍ സുലഭമായി എത്തുന്ന നീലം, സിന്ദൂരം തുടങ്ങിയ മാങ്ങകള്‍ക്ക് നാട്ടിലിപ്പോള്‍ കിലോയ്ക്ക് അന്‍പതോ അറുപതോ രൂപ മാത്രം വിലയുള്ള കാലത്താണ് 360 ഗ്രാം തൂക്കമുള്ള ഒരു മാങ്ങയ്ക്ക് 10,600 രൂപ വില വീണിരിക്കുന്നത്. ബംഗാളിലെ ബിര്‍ബം ജില്ലയിലെ ദുബ്രജ്പൂര്‍ ഗാസിയ മോസ്‌ക് വളപ്പിലാണ് വിശേഷപ്പെട്ട മിയാസാക്കി മാവുള്ളത്.
സയ്ദ് നിസാമുദീന്‍ എന്ന ചെറുപ്പക്കാരനാണ് മോസ്‌ക് വളപ്പില്‍ ഈ വിശേഷാല്‍ ഇനം മാവ് രണ്ടു വര്‍ഷം മുന്‍പ് നട്ടു വളര്‍ത്തയതെന്നാണ് ദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഈ ചെറുപ്പക്കാരന്‍ അപ്രതീക്ഷിതമായി മരണമടഞ്ഞ സാഹചര്യത്തില്‍ എവിടെ നിന്നാണ് ഈ മാവിന്‍ തൈ കൊണ്ടുവന്നതെന്ന് ആര്‍ക്കും തന്നെ അറിയില്ല.
കഴിഞ്ഞ വര്‍ഷവും ഈ മാവില്‍ ഒന്നു രണ്ടു കായുണ്ടായെങ്കിലും ഇത് അതിവിശേഷപ്പെട്ട വിദേശ ഇനമാണെന്ന് ആര്‍ക്കും അറിവില്ലായിരുന്നു. ഇക്കൊല്ലം കായിച്ച മാങ്ങളുടെ ആകര്‍ഷകനായ വയലറ്റും ചുവപ്പും നിറം നിരീക്ഷിച്ചവരാണ് ഇത് മിയാസാക്കി മാമ്പഴമാണെന്ന് തിരിച്ചറിഞ്ഞത്. മാങ്ങയുടെ അപൂര്‍വ മൂല്യം അറിഞ്ഞ് മോസ്‌ക് അധികൃതര്‍ ഈ മാവിലെ മിയാസാക്കി മാമ്പഴം പ്രദേശത്ത് പൊതുവായി പരസ്യം നല്‍കി ലേലം ചെയ്തുവരികയാണ്.
ഇത്തരമൊരു ലേലത്തിലാണ് ഒരു മാമ്പഴം കഴിഞ്ഞ വെള്ളിയാഴ്ച പതിനായിരത്തില്‍പരം രൂപയ്ക്ക് പ്രദേശത്തെ ബിസിനസുകാരനായ മിര്‍സ ഇസാസ് ബിഗ് ലേലത്തില്‍ പിടിച്ചത്. ശേഷിക്കുന്ന മാങ്ങകളും മോസ് പുനര്‍നിര്‍മാണ ഫണ്ട് ശേഖരണത്തിനായി ലേലം ചെയ്യാനാണ് നിലവിലെ തീരുമാനം. വരുംവര്‍ഷങ്ങളില്‍ ഈ മാവ് മോസ്‌കിന് വന്‍തോതില്‍ വരുമാനം നല്‍കുമെന്നാണ് ദേശവാസികള്‍ പറയുന്നത്. മാങ്ങയുടെ വിലയും മാവിന്റെ മൂല്യവും തിരിച്ചറിഞ്ഞതോടെ ശേഷിക്കുന്ന മാങ്ങകള്‍ക്ക് രാവും പകലും കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
വൈകാതെ ഈ മാവ് ഉയരത്തിലുള്ള ചുറ്റുമതിലിനുള്ളിലാക്കി സുരക്ഷിതമാക്കാനും തീരുമാനമായിട്ടുണ്ട്. ഇപ്പോള്‍ എട്ടടി ഉയരം മാത്രമേയുള്ളു ഈ ചെറിയ മാവിന്. അടുത്ത വര്‍ഷം കാലാവസ്ഥ അനുകൂലമായാല്‍ നൂറ് മാങ്ങയെങ്കിലും ഇതിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ലോകത്തിലെ തന്നെ ഏറ്റവും വിലയും നിലയുമുള്ള മിയാസാക്കി മാങ്ങ മൂപ്പെത്തും വരെ വയലറ്റ് നിറവും പഴുക്കുമ്പോള്‍ തിളക്കമുള്ള ചുവപ്പുമായി തീരും. സൂര്യന്റെ മുട്ട എന്ന് അറിയപ്പെടുന്ന ഈ മാങ്ങ ജപ്പാനില്‍ നിന്ന് വിവിധ രാജ്യങ്ങളില്‍ എത്തിയിട്ടുണ്ട്.
ദക്ഷിണ ജപ്പാനിലെ ക്യോഷു മേഖലയിലെ മിയാസാക്കിയാണ് ഈ മാവിനത്തിന്റെ കേന്ദ്രം. പില്‍ക്കാലത്ത് ഈ വിശേഷാല്‍ മാങ്ങ കടന്നു ചെന്നിടത്തെല്ലാം മിസാസാക്കി എന്നറിയപ്പെടുന്നു. ഇന്ത്യയില്‍ ഒരു മിയാസാക്കി മാവിന്‍തൈയുടെ വില 700 രൂപ വരെയാണ്. 2017ല്‍ ഒരു കിലോ മിയാസാക്കി മാമ്പഴം 2.7 ലക്ഷം രൂപയ്ക്ക് വിറ്റുപോയ ചരിത്രമുണ്ട്. നിലവില്‍ ബംഗാളിലെ മാല്‍ഡയില്‍ മിയാസാക്കി മാവ് വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ബംഗാളിലെ കൃഷിവകുപ്പ് ജപ്പാനിലെ മിയാസാക്കിയില്‍ നിന്ന് നേരിട്ട് അന്‍പത് മാവിന്‍തൈകള്‍ എത്തിച്ചാണ് കൃഷി ആരംഭിച്ചിരിക്കുന്നത്.
ഈ ഇനം ബംഗാളിലെ കാലാവസ്ഥയില്‍ നന്നായി വളരുന്ന സാഹചര്യത്തില്‍ വന്‍തോതില്‍ മിയാസാക്കി മാവിന്‍തോട്ടങ്ങള്‍ വളര്‍ത്തി സാമ്പത്തിക നേട്ടമുണ്ടാക്കാനാണ് കൃഷിവകുപ്പിന്റെ തീരുമാനം. കേരളത്തിലും ഈ മാവിനം വളരുമെന്നാണ് കാര്‍ഷിക വിദഗ്ധര്‍ പറയുന്നത്. ജപ്പാനില്‍ നിന്ന് ബംഗ്‌ളാദേശി, തായ്‌ലാന്‍ഡ്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്കും മിയാസാക്കി മാവുകള്‍ എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നാലു വര്‍ഷമായി വിവിധ സംസ്ഥാനങ്ങളില്‍ ഈ ഇനം കൃഷി ചെയ്തുവരുന്നു.
ഇന്ത്യയില്‍ ഏറ്റവും വിലയുള്ള മാവിനങ്ങളിലൊന്നാണ് അല്‍ഫോന്‍സോ. കര്‍ണാടക, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളില്‍ വ്യാപകമായി ഈ മാങ്ങയിനം കിലോയ്ക്ക് മൂവായിരം രൂപ വരെ വിലയുണ്ട്. എന്നാല്‍ ജപ്പാനില്‍നിന്നുള്ള മിയാസാക്കി മാങ്ങയിനത്തിന്റെ അടുത്തൊന്നും എത്തില്ല ഇന്ത്യയില്‍ പോര്‍ച്ചുഗീസുകാര്‍ വ്യാപകമായി കൃഷി ചെയ്ത അല്‍ഫോന്‍സോ മാവും മാങ്ങയും.
ജപ്പാനില്‍ സാധാരണയായി കാണപ്പെടുന്ന ഈ മാമ്പഴത്തിന്റെ വിളവെടുപ്പ് സീസണ്‍ പ്രധാനമായും ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയാണ്. മിയാസാക്കി മാമ്പഴം പഴുക്കുമ്പോള്‍ ആകര്‍ഷകമായ പരിവര്‍ത്തനത്തിന് വിധേയമാകുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രതേകത. തുടക്കത്തില്‍ പര്‍പ്പിള്‍ നിറമാണെങ്കില്‍, മാമ്പഴത്തിന്റെ പാകമാകുമ്പോള്‍ ജ്വലിക്കുന്ന ചുവപ്പായി മാറുന്നു. ആന്റി ഓക്സിഡന്റുകള്‍, ബീറ്റാ കരോട്ടിന്‍, ഫോളിക് അസിഡ് എന്നിവയുടെയെല്ലാം മികച്ച സ്രോതസ്സാണ് മിയാസാക്കി മാമ്പഴം.
https://www.facebook.com/Malayalivartha