ആദിത്യ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം സൂര്യന്റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ചുള്ള പഠനം: പ്രതീക്ഷയിൽ ഇസ്രോയും രാജ്യവും...
ബഹിരാകാശാധിഷ്ഠിത ദൗത്യമായ 'ആദിത്യ എല്‍1' ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ചിരിക്കുകയാണ്. ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങി പത്ത് ദിവസങ്ങള്‍ക്കകമാണ് രാജ്യത്തിന്റെ അഭിമാനം വീണ്ടും വാനോളമുയര്‍ത്തി ഇസ്‌റോയുടെ അടുത്ത ചരിത്ര നേട്ടം. ബഹിരാകാശ ദൗത്യങ്ങളില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ് സൂര്യനിലേക്കുള്ള പര്യവേക്ഷണമെന്നതിനാല്‍ ഇന്ത്യയുടെ ആദിത്യ എല്‍1-ന്റെ ഭാവിയെന്തെന്ന് ഉറ്റുനോക്കുകയാണ് ശാസ്ത്രലോകം. ചന്ദ്രനിലും ചൊവ്വയിലും ഇതിനകം വിജയക്കൊടി പാറിച്ച ഇസ്റോ സൂര്യനിലും ഇന്ത്യയുടെ പേരെഴുതിച്ചേർക്കാന്‍ തയ്യാറെടുക്കുകയാണ്. സൂര്യനെ ലക്ഷ്യമിട്ട് വിക്ഷേപിച്ച ആദിത്യ എല്‍1 ലക്ഷ്യത്തിലെത്താന്‍ ഏകദേശം നാല് മാസത്തോളം (125 ദിവസം) സമയമെടുക്കും.
ഇതിനായുള്ള കാത്തിരിപ്പാണ് ഇനി. നിലവില്‍ ഭൂമിയുടെ ഏറ്റവും താഴ്ന്ന ഭ്രമണപഥത്തിലുള്ള പേടകം അടുത്ത കുറച്ചുദിവസം ഭൂമിയെ തന്നെ വലംവെക്കും. വൈകാതെ പേടകത്തിന്റെ ഭ്രമണപഥം കൂടുതല്‍ ദീര്‍ഘവൃത്താകൃതിയിലുള്ള പാതയിലേക്ക് മാറ്റും.
തുടര്‍ന്ന് പേടകത്തില്‍ തന്നെയുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനം ഉപയോഗിച്ച് പടിപടിയായി ഭ്രമണപഥം മാറ്റി ക്രമേണ ഭൂമിയുടെ ആകര്‍ഷണ വലയം ഭേദിച്ച് പേടകത്തെ ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോ മീറ്റര്‍ അകലെയുള്ള 'ലഗ്രാഞ്ച് 1' അഥവാ 'എല്‍1' പോയന്റിലേക്ക് എത്തിക്കും. ഇത്രയും ദീര്‍ഘമായ നടപടികളുള്ളതിനാലാണ് ആദിത്യ സൂര്യന് സമീപത്തേക്കെത്താന്‍ നാലു മാസത്തോളം സമയമെടുക്കുന്നത്. 2024 ജനുവരി തുടക്കത്തിലായിരിക്കും ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തെത്തുകയെന്നാണ് നിലവിലെ നിഗമനം.
സൂര്യനിലെ കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഭൂമി ഉള്‍പ്പെടെയുള്ള എല്ലാ ഗ്രഹങ്ങളേയും ബാധിക്കുമെന്നതിനാല്‍ സൂര്യനെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. സൂര്യന്റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ചുള്ള പഠനമാണ് ആദിത്യ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഇവിടെയുള്ള താപവ്യതിയാനം പേടകം കൃത്യമായി വിശകലനം ചെയ്യും. സൂര്യനില്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് തത്സമയം നിരീക്ഷിക്കാനും ആ മാറ്റങ്ങള്‍ എങ്ങനെ ബഹിരാകാശത്തിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നുവെന്നും ദൗത്യത്തിലൂടെ പഠിക്കും. ഇവയ്ക്ക് പുറമേ സൗരവാതങ്ങള്‍,
സൗരവികിരണങ്ങള്‍ മൂലം ഭൂമിയുടെ അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, പ്ലാസ്മാ പ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷന്‍, സൂര്യന്റെ കാന്തികക്ഷേത്രം എന്നിവയെക്കുറിച്ചും പേടകം വിശദമായി പഠിക്കും. സൂര്യനില്‍നിന്നുള്ള പല ഊര്‍ജപ്രവാഹങ്ങളേയും ഭൂമിക്ക് ചുറ്റുമുള്ള ശക്തമായ കാന്തികവലയമാണ് തടയുന്നത്. അതുകൊണ്ടാണ് നമ്മള്‍ ഭൂമിയില്‍ സുരക്ഷിതരായി ഇരിക്കുന്നത്. ചില സമയങ്ങളില്‍ ഈ പ്രതിഭാസം തീവ്രമാകുമ്പോള്‍ ഭൂമിയിലെ സാങ്കേതിക വിദ്യകള്‍ക്ക് നാശം സംഭവിക്കാനും ഇടവന്നേക്കും.
ഇതുവഴി വലിയ നാശനഷ്ടവും സംഭവിച്ചേക്കാം. അതിനാല്‍ സൂര്യന്റെ പ്രഭാവം മൂലമുള്ള ബഹിരാകാശ കാലാവസ്ഥയെക്കുറിച്ച് മനസിലാക്കുക എന്നതും അതിനെ മുന്‍കൂട്ടി പ്രവചിക്കുക എന്നതും വളരെ പ്രധാനപ്പെട്ടതാണ്. ബഹിരാകാശത്ത് കൃത്യമായ കാലാവസ്ഥാ പ്രവചനത്തിന് സാധ്യമാകുന്ന കണ്ടെത്തലുകള്‍ ആദിത്യയില്‍നിന്ന് ലഭിച്ചാല്‍ ശാസ്ത്രലോകത്തിനും അത് വലിയ നേട്ടമാകും.
എല്‍1 പോയന്റിലെത്തി കഴിഞ്ഞാല്‍ പേടകത്തിലെ പ്രധാന പേലോഡായ വിസിബിള്‍ എമിഷന്‍ ലൈന്‍ കോറോണഗ്രാഫ് (വി.ഇ.എല്‍.സി.) ഓരോ മിനിറ്റിലും ഓരോ ചിത്രം വീതം ഭൂമിയിലേക്ക് അയക്കും. അതായത് ഒരു ദിവസം (24 മണിക്കൂറില്‍) സൂര്യന്റെ 1440 ചിത്രങ്ങള്‍ ഐഎസ്ആര്‍ഒയ്ക്ക് ലഭിക്കും.
ഐ.എസ്ആര്‍.ഒയുടെ ഇന്ത്യന്‍ സ്പേസ് സയന്‍സ് ഡാറ്റാ സെന്ററില്‍ (ഐഎസ്എസ്ഡിസി) നിന്ന് ലഭിക്കുന്ന ഡാറ്റ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പറേഷന്‍ സെന്ററിലെത്തുകയും അവിടെ നിന്ന് ശാസ്ത്രവിശകലനത്തിന് അനുയോജ്യമാകും വിധം ആ ഡാറ്റയെ മാറ്റുകയും ചെയ്യും. ഇത് സൂക്ഷ്മമായി വിലയിരുത്തി സൂര്യനിലെ പല കാര്യങ്ങളിലും വ്യക്തമായ ധാരണയുണ്ടാക്കാന്‍ ഇസ്റോയ്ക്ക് സാധിക്കും. 15 വര്‍ഷത്തോളം നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് സൂര്യനിലേക്ക് ഇസ്റോ ആദ്യ പേടകം അയച്ചത്.
https://www.facebook.com/Malayalivartha