അന്റാർട്ടിക്കയിലെ മഞ്ഞ് മലകളിൽ പൂക്കൾ വിരിയുന്നു...മഞ്ഞ് മലയിൽ പൂക്കൾ തളിർത്തു നിൽക്കുന്നത് വരാനിരിക്കുന്ന വിപത്തിന്റെ സൂചനയായിട്ടാണ് ഗവേഷകർ കാണുന്നത്. ആഗോളതാപനം വർദ്ധിക്കുന്നുവെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി
അന്റാർട്ടിക്കയിലെ മഞ്ഞ് മലകളിൽ പൂക്കൾ വിരിഞ്ഞു തുടങ്ങി. തൂവെള്ള നിറത്തിൽ വ്യാപിച്ചു കിടക്കുന്ന മഞ്ഞുമലയിൽ പല വർണങ്ങളിൽ വിടർന്നു നിൽക്കുന്ന പൂക്കൾ കാണാൻ തന്നെ നല്ല ഭംഗിയാണ് , എന്നാൽ, ഈ പൂക്കൾ വിരിയുന്നതിൽ സന്തോഷിക്കുകയല്ല, നിരാശപ്പടുകയാണ് വേണ്ടതെന്നാണ് ശാസ്ത്രലോകം പറയുന്നത്. മഞ്ഞ് മലയിൽ പൂക്കൾ തളിർത്തു നിൽക്കുന്നത് വരാനിരിക്കുന്ന വിപത്തിന്റെ സൂചനയായിട്ടാണ് ഗവേഷകർ കാണുന്നത്. ആഗോളതാപനം വർദ്ധിക്കുന്നുവെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.
ഐസും മഞ്ഞും മൂടിക്കിടക്കുന്നതിനാൽ, ചെടികൾക്ക് വളരാൻ മുമ്പ് അധികം സ്ഥലം ഇവിടെ ഉണ്ടായിരുന്നില്ല. മരങ്ങളോ കുറ്റിച്ചെടികളോ ഇല്ലാത്ത ഭൂപ്രദേശത്ത് സസ്യങ്ങളുടെ സാന്നിധ്യമുള്ളത് സൗത്ത് ഓർക്ക്‌നി ദ്വീപുകൾ, സൗത്ത് ഷെറ്റ്‌ലാൻഡ് ദ്വീപുകൾ, പടിഞ്ഞാറൻ അന്റാർട്ടിക് പെനിൻസുല എന്നിവിടങ്ങളിൽ മാത്രമാണ്.. മഞ്ഞുമലകളാൽ നിറഞ്ഞ് മരവിച്ചിരിക്കുന്ന ഭൂഖണ്ഡത്തിൽ അന്റാർട്ടിക് ഹെയർ ഗ്രാസ്, അന്റാർട്ടിക്ക് പേൾവോർട്ട് എന്നിങ്ങനെ രണ്ട് ഇനം പൂച്ചെടികൾ മാത്രമാണുള്ളത്.
ആഗോളതാപനം മൂലം മഞ്ഞ് ഉരുകി തുടങ്ങിയതിനാലാണ് ഇവിടത്തെ ചെടികളിലെ വളർച്ചയും വേഗത്തിലായി തുടങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 50 വർഷത്തെ സർവേകൾ പരിശോധിക്കുമ്പോൾ ഈ പ്രദേശങ്ങൾ സസ്യങ്ങളാൽ കൂടുതൽ സമ്പന്നമാകുന്നുവെന്ന് മാത്രമല്ല, കാലാവസ്ഥ ചൂടുപിടിക്കുന്നതിനനുസരിച്ച് അവ ഓരോ വർഷവും വേഗത്തിൽ വളരുകയും ചെയ്യുന്നുണ്ട്. 1960 മുതൽ 2009 വരെയുള്ള 50 വർഷങ്ങളിലുണ്ടായ വളർച്ച 2009-2019 കാലഘട്ടത്തിൽ ഉണ്ടായതായി സർവേ ചൂണ്ടിക്കാട്ടുന്നു.
മനുഷ്യരുൾപ്പെടെയുള്ള എല്ലാ സസ്തനികൾക്കും അതിജീവിക്കാൻ കഴിയാത്തവിധം ഭൂമിയിൽ ചൂട് വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് സംബന്ധിച്ചുള്ള പഠനം നടത്തിയ ഗവേഷക സംഘത്തെ നയിച്ചത് ബ്രിസ്റ്റോൾ സർവകലാശാലയിലെ പാലിയോക്ലൈമേറ്റ് ശാസ്ത്രജ്ഞൻ അലക്സാണ്ടർ ഫാർൺസ്വർത്ത് ആണ്. സൂര്യന്റെ ചൂട്, ഭൂഖണ്ഡങ്ങളുടെ ഭൂമിശാസ്ത്രത്തിലുണ്ടായ മാറ്റം, കാർബൺ ഡൈ ഓക്സൈഡിന്റെ വർദ്ധനവ് എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ കാരണമായിരിക്കും ഭാവിയിൽ കാലാവസ്ഥ മാരകമായി മാറാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
250 ദശലക്ഷം വർഷങ്ങൾക്ക് ശേഷം ഭൂമധ്യരേഖയിൽ പാംഗിയ അൾട്ടിമ എന്ന് വിളിക്കപ്പെടുന്ന ഒരു പുതിയ ഭൂഖണ്ഡം രൂപപ്പെടുമെന്ന് ശാസ്ത്രജ്ഞർ പ്രവചിക്കുന്നു. സമുദ്രത്തിൽ നിന്ന് വളരെ ദൂരെയുള്ള പരന്ന പ്രദേശങ്ങൾ ഉൾപ്പെടുന്ന ഭൂപ്രകൃതി. പാംഗിയ അൾട്ടിമ കാലാവസ്ഥയെയും സ്വാധീനിക്കും. കാർബൺ ഡൈ ഓക്‌സൈഡിനെ പുറന്തള്ളുന്ന അഗ്നിപർവ്വതങ്ങളാൽ നിറഞ്ഞതായിരിക്കും പാംഗിയ അൾട്ടിമ. അതിനാൽ വായുവിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് ഉയരാൻ സാധ്യതയുണ്ട്.
മനുഷ്യരെപ്പോലെ തന്നെ ഭൂമിയിലെ എല്ലാ സസ്തനികൾക്കും കാര്യങ്ങൾ കൂടുതൽ വഷളാകുമെന്ന് ഡോ. ഫാർൺസ്‌വർത്തും അദ്ദേഹത്തിന്റെ സംഘവും പറയുന്നു. മിക്കവാറും എല്ലാ പ്രദേശങ്ങൾക്കും അതിജീവിക്കാൻ കഴിയാത്തവിധം ചൂടാകും ഭൂമിയിൽ അനുഭവപ്പെടാൻ പോകുന്നത്. കൂട്ട വംശനാശത്തിന് അവ കാരണമായേക്കാം. സസ്തനികൾ കുറച്ചുകാലം പിടിച്ചു നിന്നേക്കാം. എങ്കിലും 200 ദശലക്ഷം വർഷങ്ങൾക്കിപ്പുറം ഭൂമിയിൽ നിന്നും സസ്തനികൾ അപ്രത്യക്ഷമാകും.
https://www.facebook.com/Malayalivartha