ഗണേശ വിഗ്രഹം പുഴയിൽ ഒഴുക്കിയ കാരണം വിചിത്രം... ക്‌ളൈമാക്‌സ് ഇങ്ങനെ...
ദുരൂഹ സാഹചര്യത്തിൽ പുഴയിൽ കാണപ്പെട്ട ഗണേശ വിഗ്രഹവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം ചെന്നെത്തിയത് സിനിമയെ വെല്ലുന്ന ക്ലൈമാക്‌സിൽ. ഇരിട്ടി പുഴയുടെ ഭാഗമായ താന്തോട് കണ്ടെത്തിയ വിഗ്രഹത്തെക്കുറിച്ച് ഇരിട്ടി പോലീസ് നടത്തിയ അന്വേഷണമാണ് രസകരമായ പര്യവസാനത്തിലെത്തിയത്. ഗണേശ പ്രതിമ വീട്ടിൽ സൂക്ഷിച്ചിരുന്നതാണെന്ന് കണ്ടെത്തി. അനർത്ഥങ്ങൾ സംഭവിച്ചപ്പോൾ ഉടമ പുഴയിൽ നിക്ഷേപിച്ചതാണെന്നാണ് പൊലീസ് പറയുന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ താന്തോട് ചോംകുന്ന് ശിവക്ഷേത്രത്തിന്റെ ബലിതർപ്പണം നടത്തുന്ന പഴശ്ശി ജലസംഭരണി പുഴയിലാണ് ഗണേശ വിഗ്രഹം കണ്ടെത്തിയത്. മുക്കാൽ ഭാഗത്തോളം വെള്ളത്തിൽ മുങ്ങിക്കിടന്ന വിഗ്രഹത്തിന്റെ കഴുത്തിനു മുകളിലുള്ള ഭാഗവും പ്രഭാവലയവും മാത്രമാണ് പുറത്തു കാണാനായത്.
വിവരമറിഞ്ഞ് ഭക്തരടക്കം നൂറുകണക്കിനാളുകൾ തടിച്ചുകൂടി. കഥകൾ പലതും നിമിഷങ്ങൾക്കകം പടർന്നു. സ്ഥലത്തെത്തിയ പോലീസ് സംഘത്തിന്റെ ആദ്യ നിഗമനം ഗണേശോത്സവത്തിന്റെ ഭാഗമായി നിമഞ്ജനം ചെയ്ത വിഗ്രഹമാണിതെന്നായിരുന്നു. നാട്ടുകാരിൽ ചിലർ പുഴയിലിറങ്ങി വിഗ്രഹം എടുത്തതോടെ സത്യാവസ്ഥ അറിയാനുള്ള ആകാംഷയിലായിരുന്നു ഭക്തർ.
മൂന്നടിയിലേറെ ഉയരമുള്ള വലിയ ഭാരമുള്ള ലോഹ വിഗ്രഹമായിരുന്നു ഇത്. അഞ്ചോളം പേർ ചേർന്നാണ് വെള്ളത്തിൽ നിന്നും കരയിലെത്തിച്ചത്. ലോഹ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യാറില്ലാത്തതിനാൽ ഇത് എങ്ങിനെ ഇവിടെ വന്നു എന്നതായി സംശയം. ഇതിനിടയിൽ പഞ്ചലോഹ വിഗ്രഹമാണോ എന്ന സംശയവും ഉയർന്നു. ക്ഷേത്ര കവർച്ചക്കാർ ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്ന് ചിലർ സംശയമുയർത്തി.
വിഗ്രഹം പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റി. വിദഗ്ദ്ധ പരിശോധനയിൽ പഞ്ചലോഹമല്ലെന്ന സ്ഥിരീകരണം ലഭിച്ചു. ഒന്നിലധികം ലോഹക്കൂട്ടുകൾ ചേർത്താണിത് നിർമിച്ചതെന്നും വ്യക്തമായി. സമീപ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ നിന്നൊന്നും വിഗ്രഹങ്ങൾ മോഷണം പോയിട്ടില്ലെന്ന് അന്വേഷണത്തിൽ വിവരം ലഭിച്ചതോടെയാണ് വിഗ്രഹത്തിന് പിന്നിലെ കഥകളെക്കുറിച്ച് ഇരിട്ടി സി.ഐ, കെ.ജെ. വിനോയിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
ഇനിയാണ് ട്വിസ്റ്റ് .അന്വേഷണം നടത്തിയ ഇരിട്ടി സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ കണ്ടെത്തൽ ഇങ്ങനെയാണ് ...2010 ൽ ഇരിട്ടിയിലെ ഒരു ജ്വല്ലറി ഉടമ കണ്ണൂരിൽ നിന്നും 6800 രൂപയ്ക്ക് ഒരു ഗണപതി പ്രതിമ വാങ്ങി വീട്ടിൽ കൊണ്ടു വയ്ക്കുന്നു.2017 ൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ പൂജക്കെത്തിയ കർണാടക സ്വദേശിയായ പൂജാരി ഈ വിഗ്രഹം തനിക്ക് തരുമോ എന്ന് ചോദിച്ചു. വിഗ്രഹം ജൂവലറി ഉടമ പൂജാരിക്ക് കൈമാറുന്നു.
പൂജാരി ഗണപതി പ്രതിമ വീട്ടിൽ കൊണ്ടുപോയി പൂജകൾ നടത്തി. ഇതിനു ശേഷം ചില അനർത്ഥങ്ങൾ വീട്ടിൽ സംഭവിച്ചു. പുജാരി പ്രതിമ വീട്ടിൽ നിന്ന് എടുത്ത് വരാന്തയിൽ വച്ചു. രണ്ടാഴ്ച മുമ്പ് പഴയ സാധനങ്ങൾ എടുക്കാനായി വീട്ടിൽ എത്തിയ പുന്നാട് സ്വദേശി വിഗ്രഹം കാണുകയും അത് തനിക്കു തരുമോ എന്ന് ചോദിക്കുകയും ചെയ്തു.
പൂജാരി സന്തോഷത്തോടെ വിഗ്രഹം ഇയാൾക്ക് കൈമാറി. അമൂല്യ വിഗ്രഹമാണെന്ന ധാരണയിൽ ഇയാൾ വിഗ്രഹം വീട്ടിലെത്തിക്കുകയും വീട്ടുകാർ ആരും കാണാതെ ചകരിക്കുള്ളിൽ ഒളിപ്പിച്ചു വെക്കുകയും ചെയ്തു. ഇതിന് ശേഷം വീട്ടിൽ പല അനർത്ഥങ്ങളും ഉണ്ടാവുകയും ഇയാളുടെ ഉറക്കം നഷ്ടപ്പെടുകയും ചെയ്തു. വിഗ്രഹം സൂക്ഷിച്ചതു മൂലമാണ് ഇതുണ്ടായതെന്ന വിശ്വാസത്തിൽ വിഗ്രഹം എവിടെയെങ്കിലും ഉപേക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്തു.
പിന്നീട് അർദ്ധ രാത്രിയിൽ വാഹനത്തിൽ കയറ്റി പഴശ്ശി ജലാശയത്തിൽ ഉപേക്ഷിക്കുകയും ചെയ്തു. പുഴയിൽ നീരൊഴുക്കിൽ മാറ്റം വന്നപ്പോഴാണ് വിഗ്രഹത്തിന്റെ ഒരു ഭാഗം മുകളിലേക്ക് ഉയർന്നു വന്നതും നാട്ടുകാർ ഇത് കണ്ടതും. ഇരിട്ടി പോലീസ് സ്‌റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന വിഗ്രഹം കർണാടക സ്വദേശിക്ക് തന്നെ തിരിച്ചു നൽകാനാണ് തീരുമാനം.
https://www.facebook.com/Malayalivartha