അതിരുവിട്ട വിവാഹാഘോഷത്തിനിടെ ഗതാഗത കുരുക്ക്; വരന്റെ സുഹൃത്തുക്കൾ ഒരുക്കിയ ഒട്ടകയാത്രയിൽ സംഭവിച്ചത്...
ഒട്ടകത്തിന്റെ പുറത്ത് കയറി വരൻ വന്നതിന് പിന്നാലെ, കണ്ണൂർ വാരത്ത് അതിരുവിട്ട വിവാഹാഘോഷച്ചടങ്ങിനെതിരെ കേസെടുത്ത് പൊലീസ്. ഗതാഗത തടസമുണ്ടാക്കി വിവാഹാഘോഷം നടത്തിയതിനാണ് വരൻ റിസ്വാനെയും 25 സുഹൃത്തുക്കളെയും ചേർത്ത് ചക്കരക്കൽ പൊലീസ് കേസ് എടുത്തിരിക്കുന്നത്. വിവാഹ ആഘോഷം അതിരുവിട്ടതിൽ വധുവിന്റെ വീട്ടുകാരിൽ നിന്ന് വിശീകരണം ചോദിച്ചതായി മഹല്ല് കമ്മിറ്റിയും വ്യക്തമാക്കി. കഴിഞ്ഞ ഞായറഴ്ച കണ്ണൂർ വാരത്ത് നടന്ന വിവാഹ വിരുന്നിന്റെ ഭാഗമായാണ് വളപട്ടണം സ്വദേശി റിസ്വാൻ ഒട്ടകപുറത്ത് കയറി വധുവിന്റെ വീട്ടിലേക്ക് വന്നത്. ശനിയാഴ്ച്ച വിവാഹം കഴിഞ്ഞ് പിറ്റേന്നായിരുന്നു വിരുന്ന്. വളപട്ടണത്ത് നിന്ന് പുറപ്പെട്ട വരന്റെ കൂട്ടർ മുണ്ടയാട് എത്തിയപ്പോഴാണ് കൂട്ടുകാരുടെ ഒരു സംഘം ഇടപ്പെട്ട് റിസ്വാനെ ഒട്ടകപുറത്ത് കയറ്റിയത്.
അലങ്കരിച്ച ഒട്ടകത്തിന് മുകളിൽ കിരീടം ചൂടി കോട്ടും സ്യൂട്ടും അണിഞ്ഞ് വരൻ. അകമ്പടിയായി ബാന്റ് മേളവും പുഷ്പവൃഷ്ടിയും .വിരുന്നിന് എത്തിയവർക്കും റോഡിലൂടെ പോയവർക്കുമെല്ലാം കൗതുകം സൃഷ്ട്ടിച്ചു. പക്ഷേ പെട്ടെന്ന് വലിയ ഗതാഗത കുരുക്കിന് വഴിവെച്ചു . കണ്ണൂർ - ഇരിട്ടി റോഡിൽ വിമാന താവളത്തിലേക്ക് അടക്കം പോകേണ്ടവർ കുടുങ്ങി.. ആൾക്കൂട്ടത്തെ ഒഴിവാക്കാൻ ചക്കരക്കൽ പൊലീസിന് ഒടുവിൽ ലാത്തി വീശേണ്ടി വന്നു.. വരനെ ഓട്ടക പുറത്തു നിന്ന് പൊലീസ് താഴെ ഇറക്കുകയും ചെയ്തു. റിസ്വാന്റെ സുഹൃത്തുക്കൾ ഒരുക്കിയ ഒട്ടകയാത്ര വധുവിന്റെ വീട്ടുകാർക്കും മുൻകൂട്ടി അറിയില്ലായിരുന്നു. ആഘോഷം അതിരുവിട്ട സങ്കടത്തിലാണ് രണ്ടു കുടുംബവും. ആഘോഷത്തിനെതിരെ മഹല്ല് കമ്മിറ്റിയിൽ നിന്നടക്കം വിമർശനം ഉയർന്നതിനു പിന്നാലെയാണ് ചക്കരക്കൽ പൊലീസ് കേസ് എടുത്തത്.
എന്നാൽ ഗതാഗതം തടസപ്പെടുത്തി നടത്തിയ വിവാഹ ആഘോഷം വീട്ടുകാരുടെ അറിവോടെയല്ലെന്ന് വരന്‍റെ പിതാവ് വ്യക്തമാക്കി. അത്തരം ആഘോഷങ്ങള്‍ക്ക് എതിരാണെന്നും വരന്‍ റിസ്വാന്‍റെ പിതാവ് പറഞ്ഞു. റിസ്വാന്റെ സുഹൃത്തുക്കൾ ഒരുക്കിയ ആഘോഷമായിരുന്നു. കണ്ടപ്പോൾ തന്നെ തടയാൻ ശ്രമിച്ചതാണെന്നും ഇത്തരം ആഘോഷങ്ങൾ ഇനി ഉണ്ടാകാൻ പാടില്ലെന്നും റഹീസ് പറഞ്ഞു.
അന്യായമായി സംഘം ചേർന്നതിനും ഗതാഗതതടസ്സമുണ്ടാക്കിയതിനുമാണ് കേസെടുത്തതെന്ന് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു. വഴിമുടക്കിയുളള കല്യാണ ഘോഷയാത്രയും ആഘോഷത്തിന്റെ വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
ആംബുലൻസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കുരുക്കിൽ കുടുങ്ങിയതിനാൽ വിവാഹ ഘോഷയാത്ര ഗതാഗതക്കുരുക്കിന് ഇടയാക്കിയതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഘോഷയാത്രയിൽ പുക തോക്കുകൾ ഉപയോഗിച്ചതും സഹയാത്രികരുടെ സൈറ്റ് തടഞ്ഞതും പരാതിയിൽ പരാമർശിച്ചു.
തിരക്ക് കാരണം ആംബുലൻസ് കുടുങ്ങിയതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വരനെ നിർബന്ധിച്ച് ഒട്ടകത്തിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. വരനൊപ്പം എത്തിയ രണ്ടുപേരെ പോലീസ് ചോദ്യം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരെ പിന്നീട് താക്കീത് നൽകി വിട്ടയച്ചു. കഴിഞ്ഞയാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ‘ഒട്ടക കല്യാണം’ നടന്നത്.
https://www.facebook.com/Malayalivartha