മിതമദ്യപാനം പ്രമേഹത്തെ നിയന്ത്രിക്കുമെന്ന് പഠനം
പരിധിവിടാത്ത മദ്യപാനികൾക്ക് സന്തോഷവാർത്ത. മിതമായ മദ്യപാനം പ്രമേഹ സാധ്യത കുറക്കുമെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. ആഴ്ചയിൽ മൂന്നോ നാലോ തവണ മാത്രം മദ്യപിക്കുന്നവരിൽ തീരെ മദ്യപിക്കാത്തവരെ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറവാണെന്നാണ് ഡാനിഷ് ഗവേഷകരുടെ കണ്ടെത്തൽ.
വൈൻ ഉപയോഗിക്കുന്നവരിലാണ് പ്രമേഹം കൂടുതൽ നിയന്ത്രണ വിധേയമായി കാണുന്നതെന്നും ഡയബറ്റോളജിയ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 70,000ത്തോളം പേരെ ഉള്‍പ്പെടുത്തി സർവെ നടത്തിയാണ് കണ്ടെത്തലിൽ എത്തിയതെന്നാണ് ഗവേഷകരുടെ അവകാശവാദം. എന്നാൽ പഠനത്തെ തള്ളിപ്പറഞ്ഞ് ഇംഗ്ലണ്ടിലെ പൊതുജന ആരോഗ്യ രംഗത്തുള്ളവരും രംഗത്തുവന്നിട്ടുണ്ട്. പഠനം മദ്യപാനത്തിന് പച്ചക്കൊടി വീശുന്നതല്ലെന്നാണ് ഇവർ പറയുന്നത്. മദ്യപാനം കാൻസർ, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം പോലുള്ള രോഗപരമ്പരകൾക്ക് തന്നെ കാരണമാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
അഞ്ച് വർഷം നീണ്ട പഠനത്തിനിടെ 859 പുരുഷൻമാരെയും 887 സ്ത്രീകളെയും കൃത്യമായി പിന്തുടർന്നതായി പഠനത്തിന് നേതൃത്വം നൽകിയ ദക്ഷിണ ഡെൻമാർക്ക് സർവകലാശാലയുടെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പബ്ലിക് ഹെൽത്തിലെ പ്രഫ. ജാനെ ടോൾസ്ട്രപ് പറയുന്നു. സ്ത്രീകളിൽ മിതമായി മദ്യപിക്കുന്നവര്‍ക്ക്, ആഴ്ചയിൽ ഒരുതവണ മാത്രം മദ്യപിക്കുന്നവരെ അപേക്ഷിച്ച് 32ശതമാനം വരെ പ്രമേഹ സാധ്യത കുറവാണെന്ന് പഠനം പറയുന്നു. പുരുഷൻമാരിൽ ഇത് 27 ശതമാനവുമാണ്. ചുവന്ന വൈൻ ആണ് പ്രമേഹം നിയന്ത്രിക്കുന്നതിൽ മുന്നിലെന്നാണ് പറയുന്നത്. എല്ലാമദ്യത്തിലും ഇൗ ഗുണം ലഭിക്കില്ലെന്നും പഠനം പറയുന്നു.
https://www.facebook.com/Malayalivartha