അന്തര്‍ സംസ്ഥാന വാഹന മോഷണക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയുടെ അടിവസ്ത്രം പരിശോധിച്ച പോലീസ് ഞെട്ടി;സംഭവം തിരുവനന്തപുരത്ത്
അന്തര്‍ സംസ്ഥാന വാഹന മോഷണക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയുടെ അടിവസ്ത്രം പരിശോധിച്ച പോലീസ് ഞെട്ടി.നെയ്യാറ്റിന്‍കര സബ് ജയിലില്‍ കഴിയുന്ന തമിഴ്‌നാട് സ്വദേശിയായ പരമശിവത്തിന്റെ അടിവസ്ത്രം പരിശോധിച്ചപ്പോഴാണ് പോലീസ് അമ്പരന്നു പോയത്.പരിശോധനയില്‍ കൈവിലങ്ങിന്റെ താക്കോലാണ് പോലീസിനു ലഭിച്ചത്. നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ് ജയിലില്‍ ദേഹപരിശോധനയ്ക്കിടെ അസി. പ്രിസണ്‍ ഓഫീസര്‍ ജിഎസ് ഗോപകുമാറാണ് താക്കോല്‍ പിടിച്ചെടുത്തത്.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടുകയെന്ന ലക്ഷ്യത്തോടെയാണ് പരമശിവം താക്കോല്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു വച്ചതെന്നാണ് പോലീസിന്റെ നിഗമനം.വാഹനമോഷണക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പരമശിവത്തെയും കൂട്ടാളിയെയും തമിഴ്‌നാട്ടില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയ ശേഷം ഒക്ടോബര്‍ 30നാണ് ജയിലില്‍ തിരികെയെത്തിച്ചത്.
ദേഹ പരിശോധനയ്ക്കിടെ വസ്ത്രങ്ങള്‍ പരിശോധിക്കുമ്പോഴാണ് അടിവസ്ത്രത്തിനുള്ളില്‍ താക്കോല്‍ കണ്ടെത്തിയത്. തുണിക്കുള്ളില്‍ ആയുധങ്ങളോ മറ്റു ലോഹങ്ങളോ ഒളിപ്പിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ പോലീസ് ഇത് നിലത്തേക്ക് എറിയുകയായിരുന്നു. അടിവസ്ത്രം നിലത്ത് ഇട്ടതിനെ തുടര്‍ന്നു ഇരുമ്പിന്റെ ശബ്ദം കേട്ടതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് താക്കോല്‍ പൊതിഞ്ഞിരിക്കുന്നത് കണ്ടെത്തിയത്.
താക്കോല്‍ കൈവിലങിന്റേതാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തിയപ്പോള്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് നെയ്യാറ്റിന്‍കര സബ് ജയില്‍ സൂപ്രണ്ട് ജയില്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
പരമശിവത്തിന്റെ പക്കല്‍ നിന്നു ലഭിച്ച കൈവിലങ്ങിന്റെ താക്കോല്‍ ഇയാള്‍ക്ക് എങ്ങനെ ലഭിച്ചുവെന്നതാണ് പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. കഴക്കൂട്ടം സ്റ്റേഷനിലെ ലോക്കപ്പിലാണ് താന്‍ വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്നതെന്നും അടിവസ്ത്രത്തിന് അകത്ത് താക്കോല്‍ എങ്ങനെ ലഭിച്ചുവെന്ന് അറിയില്ലെന്നുമാണ് പരമശിവം പോലീസിനോട് പറഞ്ഞത്.
https://www.facebook.com/Malayalivartha