ഗൂഗിളിന്റെ കൃത്രിമഉപഗ്രഹം ഓസ്‌ട്രേലിയയില്‍ കണ്ട 'അശ്ലീല' കാഴ്ച!
ഓസ്‌ട്രേലിയയില്‍, വിക്ടോറിയയിലെ ജെലോങ്ങിലുള്ള തങ്ങളുടെ കൃഷിയിടം ഗൂഗിള്‍ മാപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത് കാണാനുള്ള കൗതുകത്തോടെ പരിശോധിക്കുകയായിരുന്നു ഒരാള്‍. മാര്‍ക്കസ് ഹില്ലിനു സമീപത്തെ ഒരു തടാകത്തോടു ചേര്‍ന്നായിരുന്നു അത്. തടാകമാകട്ടെ ഒരു വര്‍ഷത്തോളമായി വറ്റിവരണ്ടു കിടക്കുകയാണ്.
കൃഷിയിടത്തിന്റെ സാറ്റലൈറ്റ് ഇമേജ് 'സൂം' ചെയ്തു നോക്കുന്നതിനിടെയായിരുന്നു , തടാകത്തിന്റെ വറ്റിവരണ്ട തടത്തില്‍ ആരോ ചെയ്തു വച്ചിരിക്കുന്ന കുസൃതി കണ്ണില്‍പെട്ടത്. ഒരു വലിയ പുരുഷ ജനനേന്ദ്രിയത്തിന്റെ ചിത്രമായിരുന്നു തടാകത്തിലെ ചെളിയില്‍ ആരോ വരച്ചു വച്ചിരുന്നത്. അതാകട്ടെ ഗൂഗിള്‍ സാറ്റലൈറ്റില്‍ പോലും വളരെ കൃത്യമായി കാണാവുന്ന അത്ര വലുപ്പത്തില്‍. അതിന് ഉത്തരവാദികളായവരെ കണ്ടുപിടിക്കാന്‍ നടത്തിയ അന്വേഷണം ചെന്നെത്തിയത് അയാളുടെ സ്വന്തം അനന്തരവന്മാരില്‍ തന്നെയായിരുന്നു. ഇരുവരും അക്കാര്യം സമ്മതിക്കുകയും ചെയ്തു. അമ്മാവന്‍ പറഞ്ഞ്പറഞ്ഞ് ജെലോങ്ങിലുള്ള മറ്റുള്ളവരും സംഗതി അറിഞ്ഞു. പലരും ഈ കാഴ്ച കാണാനെത്തി. അപ്പോഴും ഇതാരാണ് വരച്ചതെന്നു മാത്രം പുള്ളിക്കാരന്‍ ആരോടും പറഞ്ഞില്ല.
വരച്ചവര്‍ക്ക് വയറുനിറയെ ബിയര്‍ വരെ ഓഫര്‍ ലഭിച്ചു. കാരണം ജെലോങ്ങിന്റെ 'പ്രശസ്തി' അപ്പോഴേക്കും ലോകം മുഴുവന്‍ എത്തിച്ചിരുന്നു ഈ ചിത്രം. ഒരു ഫെയ്‌സ്ബുക് പേജാണ് അതിനു കാരണമായത്. അതില്‍ ഗൂഗിള്‍ മാപ്പിലെ ലൊക്കേഷന്‍ സഹിതം ഈ 'കൂറ്റന്‍' ജനനേന്ദ്രിയത്തിന്റെ ചിത്രം ഷെയര്‍ ചെയ്തു. ചിത്രം കാണാനെത്തിയവരാകട്ടെ അവരുടെ സുഹൃത്തുക്കളെ ആ പോസ്റ്റിനു താഴെ 'മെന്‍ഷന്‍' ചെയ്യാനും തുടങ്ങി. വൈകാതെ തന്നെ ഫോട്ടോ വൈറലായി. വാര്‍ത്താ ഏജന്‍സിയും അത് ഏറ്റെടുത്തു. രാജ്യാന്തര മാധ്യമങ്ങളിലും വാര്‍ത്ത വന്നു. ഗൂഗിളിന്റെ സാറ്റലൈറ്റിനു പോലും പിടിച്ചെടുക്കാന്‍ സാധിക്കും വിധം ആരാണതു വരച്ചതെന്ന കൗതുകം അപ്പോഴും ബാക്കി നിന്നു. ഏകദേശം 50 മീറ്ററോളം നീളമുള്ളതായിരുന്നു ആ ചിത്രം. അതായത് ഒരു ഒളിംപിക് നീന്തല്‍ക്കുളത്തിന്റെയത്ര വലുപ്പം.
അതിനിടെ ഒരു പ്രാദേശിക പോര്‍ട്ടല്‍ ഇതിനു പിന്നിലെ ചിത്രകാരന്മാരെ കണ്ടെത്തി. പക്ഷേ പേരു വെളിപ്പെടുത്തിയില്ല. ഒരുനാള്‍ വെറുതെ തടാകത്തിലൂടെ നടക്കുന്നതിനിടെയാണ് ജാക്കിനും ജോനിനും ഇത്തരമൊരു ഐഡിയ തോന്നിയത്. ഉപ്പുപരലുകള്‍ പോലെയായിരുന്നു അതിനോടകം തടാകത്തിലെ മണ്ണ്. പക്ഷേ ഒന്നിളക്കി മറിച്ചാലോ ചെളി നിറഞ്ഞ രൂപത്തിലും. അതായത് വെളുത്ത പ്രതലം ഇളക്കിയാല്‍ അകത്ത് കറുത്ത മണ്ണാണ്. അങ്ങനെ ആ നേരത്തു തോന്നിയ കുസൃതിയാണ് ആ ഭാഗത്ത് ചവിട്ടി നടന്ന് 'അശ്ലീല' ചിത്രം ഉണ്ടാക്കാന്‍ കാരണമായത്.
ചിത്രം കാണാന്‍ ന്യൂയോര്‍ക്കില്‍ നിന്നു വരെ ആളെത്തിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ചിത്രം വഴിയുള്ള ടൂറിസവും അതുവഴി കച്ചവടവും കൂടിയതോടെയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് വയറു നിറയെ 'ബിയര്‍ ഓഫര്‍' വന്നത്. പക്ഷേ ഇപ്പോള്‍ ആ ചിത്രം കാണാനാവില്ല. അധികൃതര്‍ മായ്ച്ചു കളഞ്ഞതൊന്നുമല്ല, പ്രകൃതി തന്നെയാണത് ഇല്ലാതാക്കിയത്. തടാകത്തില്‍ മഴ പെയ്ത് വെള്ളം നിറഞ്ഞതോടെ ചിത്രം എന്നന്നേക്കുമായി ഇല്ലാതായി. പക്ഷേ ഗൂഗിള്‍ മാപ്പില്‍ അത് അങ്ങനെ തന്നെ കാലങ്ങളോളം ഉണ്ടാവും.
https://www.facebook.com/Malayalivartha