ചെറു ജീവികളും മുട്ടകളും ഉരഗങ്ങളുമൊക്കെ കഴിച്ച് മടുത്തിട്ടാവണം, വേറിട്ട സ്വാദ് തേടിയ ഒരു മൂര്‍ഖന്റെ വയറിലുണ്ടായിരുന്നത് സവാള!
ഗതികെട്ടാല്‍ പുലി പുല്ലും തിന്നുമെന്നൊരു ചൊല്ലുണ്ട്. ഒഡീഷയിലെ ചെണ്ടിപ്പഡ ഗ്രാമത്തിലുള്ള ശുശാന്ദ് ബഹ്‌റയുടെ വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തിയ മൂര്‍ഖന്‍ അത് ശരിവയ്ക്കുകയാണ്. സാധാരണ ചെറു ജീവികളും മുട്ടകളും ഉരഗങ്ങളുമൊക്കെയാണ് മൂര്‍ഖന്‍ പാമ്പിന്റെ ഭക്ഷണങ്ങളില്‍ പെടുക. ഇതിനു വിപരീതമായി ഈ മൂര്‍ഖന്റെ വയറിനുള്ളിലുണ്ടായിരുന്നത് 11 സവാളകളാണ്.
വീട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് എത്തിയ എന്‍ജിഒ സംഘത്തിലെ പാമ്പുപിടിത്ത വിദഗ്ധരാണ് വീടിനുള്ളില്‍ നിന്നും പാമ്പിനെ പിടികൂടിയത്. പാമ്പിന്റെ വാലില്‍ പിടിച്ചു തൂക്കിയെടുത്തപ്പോഴാണ് ഒന്നിനു പിറകേ ഒന്നൊന്നായി 11 സവാളകള്‍ പാമ്പ് ഛര്‍ദ്ദിച്ചത്.
ഇതോടൊപ്പം ഒരു തവളയുമുണ്ടായിരുന്നു. വിശപ്പ് സഹിക്കാനാവാതെയാണ് പാമ്പ് സവാള വിഴുങ്ങിയതെന്നാണ് നിഗമനം. ആദ്യമായാണ് ഒരു മൂര്‍ഖന്‍ പാമ്പ് സവാള ഭക്ഷിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതെന്ന് എന്‍ജിഒ അംഗമായ ഹിമാന്‍ഷു ശേഖര്‍ പറഞ്ഞു.
പഴങ്ങളും പച്ചക്കറികളുമൊന്നും പാമ്പുകള്‍ ഭക്ഷിക്കില്ലെന്ന ധാരണ തിരുത്തിക്കുറിക്കുന്നതാണ് ഈ സംഭവമെന്ന് സ്‌നേക്ക് ഹെല്‍പ്‌ലൈന്‍ ജനറല്‍ സെക്രട്ടറിയായ ശുഭേന്ദു മാലിക് വ്യക്തമാക്കി. പിടികൂടിയ പാമ്പിനെ പിന്നീട് വനത്തിനുള്ളിലേക്ക് തുറന്നുവിട്ടു.
https://www.facebook.com/Malayalivartha