ഷാര്‍ജ ഫുട്‌ബോള്‍ കൂടാരത്തില്‍ ആവേശപ്പൂരം
റഷ്യയിലെ ഫുട്‌ബോള്‍ ആവേശം ഷാര്‍ജയിലും കത്തിപ്പടരുന്നു. പൊതുജനങ്ങള്‍ക്ക് ലോക കപ്പ് ഫുട്‌ബോള്‍ കാണാന്‍ ഷാര്‍ജ സര്‍ക്കാരിന്റെ മീഡിയ ബ്യൂറോ് അത്യാധുനിക സൗകര്യങ്ങളോടെയാണ് അവസരമൊരുക്കി ഇരിക്കുന്നത്.
കാല്‍പ്പന്തിന്റെ ആവേശക്കാഴ്ചകള്‍ ആരവങ്ങളാകുന്നത് അല്‍ മജാസ് ആംഫി തിയറ്ററിലെ പ്രത്യേക കൂടാരത്തില്‍. മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ ദിവസേന ഇവിടെ കളി കാണാന്‍ എത്തുന്നു.
ലോകത്ത് ഫുട്‌ബോള്‍ ജ്വരം ഏറ്റവും കൂടുതല്‍ തലയ്ക്കു പിടിച്ച രാജ്യമെന്ന ഖ്യാതി നേടിയ യുഎഇയില്‍ കളി കാണുന്നതിനുമുണ്ട് അറേബ്യന്‍ ടച്ച്. മരുഭൂമിയിലെ കൂടാരത്തിന്റെ രീതിയിലാണ് ടെന്റ് ഒരുക്കിയത്. കസേരയിലും സോഫയിലും നിലത്തുമെല്ലാം ഇരുന്ന് കളി ആസ്വദിക്കാം.
കളി തുടങ്ങും മുന്‍പേ ഇരിപ്പിടങ്ങള്‍ നിറയും. കളിക്കാരുടെ ഓരോ നീക്കവും ആരാധകര്‍ ആഘോഷമാക്കുന്നു. ഇഷ്ടപ്പെട്ട ടീം അംഗങ്ങള്‍ പന്തടക്കത്തില്‍ മേല്‍ക്കോയ്മ കാട്ടുമ്പോഴും പ്രതിരോധത്തിന്‍ വന്‍മതില്‍ തീര്‍ക്കുമ്പോഴും പിന്തുണയ്ക്കാന്‍ ആരാധകരേറെ.
എന്നാല്‍ നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും തുല്യത പാലിക്കുമ്പോള്‍ കളിക്കാരെക്കാള്‍ നെഞ്ചിടിപ്പ് ആരാധകര്‍ക്കാണ്. ശീതീകരിച്ച കൂടാരത്തിലിരുന്ന് കൂറ്റന്‍ സ്‌ക്രീനില്‍ കളികാണുന്നതിന്റെ ആവേശമൊന്നു വേറെ തന്നെയാണെന്ന് ഏവരും പറയുന്നു. ലോക കപ്പ് ഫൈനല്‍ നടക്കുന്ന ജൂലൈ 15 വരെ ടെന്റ് സജീവമായിരിക്കും.
https://www.facebook.com/Malayalivartha