പോലീസ്, റവന്യൂ, വനം, മൃഗസംരക്ഷണ ഉദ്യോഗസ്ഥരെ അഞ്ചുമണിക്കൂര്‍ വിറപ്പിച്ച പോത്ത് പന്നിക്കുള്ള കെണിയില്‍ കുരുങ്ങി!
പെരുമ്പിലാവില്‍നിന്ന് വരവൂര്‍ രാമന്‍ചിറയിലേക്ക് കൊണ്ടുവന്ന പോത്തുകളിലൊന്നിന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വരവൂരില്‍ വച്ച് വിറളിപിടിച്ചു. വരവൂര്‍ കല്ലിങ്ങമഠത്തില്‍ അബൂബക്കറിന്റേതാണ് പോത്ത്.
വിരണ്ട പോത്ത് ഇടവഴികളിലും പറമ്പുകളിലും ഓടിക്കയറി. കിഴക്കൂട്ട് പടി മനീഷ്, കുന്നത്ത് പീടികയില്‍ മൊയ്തീന്‍, മുണ്ടനാട്ടുപീടികയില്‍ റംല, പൂങ്കുടിയില്‍ അഗസ്റ്റിന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. പോലീസ്, റവന്യൂ, വനം, മൃഗസംരക്ഷണ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
വരവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബാബുവിന്റെ നേതൃത്വത്തില്‍ നാട്ടുകാരും പോത്തിനെ പിടിച്ചുകെട്ടാന്‍ ഏറെ പ്രയത്‌നിച്ചു. യു.ആര്‍. പ്രദീപ് എം.എല്‍.എ. നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് തഹസില്‍ദാര്‍ ടി.എന്‍. രാജുവും സ്ഥലത്തെത്തിയിരുന്നു.
ഉച്ചയ്ക്ക് 12 മണി മുതല്‍ അഞ്ചുമണിക്കൂറോളം ആര്‍ക്കും പിടികൊടുക്കാതെ വിരണ്ട് ഓടിയിരുന്ന പോത്ത് വൈകിട്ട് നാലുമണിയോടെ കുരുക്കില്‍ അകപ്പെട്ടു. കാട്ടുപന്നി വേട്ടയ്ക്ക് സാമൂഹികവിരുദ്ധര്‍ ഒരുക്കിയ കുരുക്കില്‍ പോത്തിന്റെ മുഖം കുരുങ്ങുകയായിരുന്നു. ഉടന്‍ കയറുമായി ഓടിയെത്തി നാട്ടുകാര്‍ പിടിച്ചുകെട്ടുകയും ചെയ്തു.
https://www.facebook.com/Malayalivartha