സ്രാവ് കടിച്ച പാടുകള്‍ ഉള്ളതിന്റെ പേരില്‍ പ്രശസ്ത ആയതില്‍ പരിതപിക്കുന്ന ഒരു വനിതാഡോക്ടര്‍!
മാഡ്രിഡ് ട്രെയിന്‍ ബോംബിങ് നടന്ന ദിവസം പരിക്കേറ്റവരെ ചികില്‍സിച്ചവര്‍, ഗവേഷണങ്ങള്‍ നടത്തി അവാര്‍ഡ് ലഭിയ്ക്കുന്നവര്‍ , അതി സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ നടത്തുന്നവരൊക്കെ പ്രശസ്തരാകാറുണ്ട്, കഷ്ടം എനിക്ക് പ്രശസ്തി കിട്ടുന്നതോ... ഒരു സ്രാവിന്റെ കടി കിട്ടിയ ആള്‍ എന്ന നിലയിലും.. അല്‍പ കാലം മുന്‍പ് സമൂഹ മാധമത്തില്‍ ഒരു വനിതാ ഡോക്ടറുടേതായി വന്ന ഒരു പോസ്റ്റ് ആണിത്. പ്രസ്തുത വനിത അല്പം പരിഭവത്തോടെ പറഞ്ഞിരിക്കുന്ന സംഭവം നടന്നത് കാനറി ദ്വീപില്‍ വച്ച് 2015-ല്‍ ആണ്.
ക്രിസ്റ്റിന ഒഡേജ എന്ന 38-കാരിയായ വനിതാ ഡോക്ടര്‍ സ്‌പെയിനിലെ കാനറി ദ്വീപില്‍ അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു. ഗ്രാന്‍ കാനേറിയയിലെ അരിനഗ ബീച്ചില്‍ നിന്നും 20 മീറ്റര്‍ അകലെ കടലില്‍ നീന്താന്‍ ഇറങ്ങിയപ്പോള്‍ ഒരു സ്രാവിന്റെ ആക്രമണത്തിന് ഇരയാകുക ആയിരുന്നു. ഈ വിവരം സ്വന്തം ട്വിറ്റര്‍പേജിലൂടെ അവര്‍ തന്നെയാണ് വെളിപ്പെടുത്തിയതും.
ഒരു സ്രാവുമായി ഒരു ആകസ്മിക സംഗമത്തിന് എനിക്കിന്ന് ഇടവന്നു. ഡിസംബര്‍ മാസത്തില്‍ കാനറിയില്‍ നീന്താന്‍ ഇറങ്ങിയാല്‍ ഇങ്ങനെ ഒക്കെ ഇരിക്കും എന്ന അടിക്കുറിപ്പോടെ സ്രാവിന്റെ കടിയേറ്റ പാടുകളുടെ ചിത്രം അവര്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ ചിത്രം പുറത്തു വന്നതോടെ മാധ്യമ പ്രവര്‍ത്തകര്‍ അവരെ തേടി എത്തി തുടങ്ങി. പത്രങ്ങളിലും , ടീവി യിലും എല്ലാം സ്രാവിന്റെ ആക്രമണത്തിന് ഇരയായ വനിതാ ഡോക്ടറുടെ കഥയേ ഉള്ളൂ.
അതോടെ ക്രിസ്റ്റീന ഓഡേജയ്ക്ക് മനസ്സ് മടുത്തു. ഉടന്‍ അവര്‍ അതിനു മറുപടിയുമായി വീണ്ടും ട്വിറ്ററില്‍ എത്തി. സുഹൃത്തുക്കളേ ഇതിനെ വലിയൊരു സംഭവം ആക്കരുതേ... തുന്നലിട്ട് ബാന്‍ഡേജ് ഇട്ടിരിക്കുന്നത് കൊണ്ട് മാത്രം ഞാന്‍ അടങ്ങിയിരിക്കുന്നതാണ്. അല്ലെങ്കില്‍ ആശുപത്രിയില്‍ നിന്നിറങ്ങി നേരെ നീന്താന്‍ പോകാനായിരുന്നു പരിപാടി എന്നൊക്കെ പറഞ്ഞു. അതിന് ശേഷമാണ് തനിക്കു പ്രശസ്തി വരാന്‍ കണ്ട വഴിയെ കുറിച്ച് സ്വയം സഹതപിച്ചത്.
എതായാലും സ്രാവിന്റെ വായില്‍ പെട്ടിട്ട് കഥ പറയാന്‍ ബാക്കി ആയത് ഒരു വാര്‍ത്തയേ അല്ലെന്ന് ക്രിസ്റ്റീനയ്ക്ക് തോന്നിയാലും, ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു കാക്കയുടെ കൊത്ത് പോലും കൊണ്ടിട്ടില്ലാത്തവര്‍ക്ക് ഭീമന്‍ സ്രാവിന്റെ കൈയ്യില്‍ നിന്നും കടി വാങ്ങിയ ആളിനെ കുറിച്ച് അറിയുന്നത് കൗതുകം തന്നെ ആയിരിക്കും!
https://www.facebook.com/Malayalivartha