തടികൂടിയ മുള്ളന്‍ പന്നിക്ക് പ്രത്യേക ഡയറ്റ്!
കഴിഞ്ഞ ശൈത്യകാലത്ത് ഒരു വഴിയാത്രക്കാരനാണ്, കനത്ത മഞ്ഞത്ത് തണുത്തുവിറച്ചു സ്‌കോട്ട്‌ലന്‍ഡിലെ ഒരു വഴിയില്‍ കിടന്ന ഒരു മുള്ളന്‍പന്നിയെ അബെര്‍ഡെന്‍ഷ്രയിനിലുള്ള മൃഗസംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ചത്. മൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്ന് നല്ല പരിചരണവും ഭക്ഷണവുമൊക്കെ കിട്ടിയതോടെ കാലാവസ്ഥ മാറിയിട്ടും മുള്ളന്‍പന്നി ഇവിടംവിട്ട് പോകാന്‍ തയാറായില്ല.
അവര്‍ മുള്ളന്‍പന്നിക്ക് ആര്‍ബിക്കിള്‍ എന്ന് പേരും ഇട്ടു. പ്രത്യേകിച്ച് പണിയൊന്നും ചെയ്യാതെ വെറുതെ ഇരുന്ന് ശാപ്പാടടിച്ച മുള്ളന്‍പന്നിയുടെ തടി ഓരോ ദിവസവും കൂടിക്കൂടിവന്നു. കഴിഞ്ഞദിവസം മൃഗസംരക്ഷണ കേന്ദ്രത്തിലെ ഡോക്ടര്‍ ആര്‍ബിക്കിളിനെ വെറുതെ ഒന്നു തൂക്കി നോക്കി. രണ്ടരക്കിലോയായിരുന്നു ഇഷ്ടന്റെ തൂക്കം. സാധാരണ സ്‌കോട്ട്‌ലന്‍ഡില്‍ കണ്ടുവരുന്ന മുള്ളന്‍ പന്നികളേക്കാള്‍ നാലിരട്ടിയുണ്ട് ഭാരം.
ശരീരഭാരം കൂടിയതിനാല്‍ ശരിക്കു നടക്കാന്‍ പോലും ആര്‍ബിക്കിളിനാകുന്നില്ല. ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ ശരീരം ചുരുട്ടി ബോളുപോലെയാക്കുന്ന പതിവ് മുള്ളന്‍പന്നികള്‍ക്കുണ്ട്. ഇതിനും ഇപ്പോള്‍ ആര്‍ബിക്കിളിന് കഴിയുന്നില്ല.അതുകൊണ്ട് ഇനിമുതല്‍ ആര്‍ബിക്കിളിന്റെ ഭക്ഷണം നിയന്ത്രിക്കണമെന്ന് മൃഗസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരോട് ഡോക്ടര്‍ ആവശ്യപ്പെട്ടു.
ഡോക്ടര്‍ കുറിച്ചു നല്‍കിയിരിക്കുന്ന ഡയറ്റ് മെനു അനുസരിച്ച് മാത്രമെ ആര്‍ബിക്കിളിന് ഇനി ഭക്ഷണം കിട്ടുകയുള്ളു. പോരാത്തതിന് ഇവനെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്ത് പല സ്ഥലങ്ങളിലായി ഭക്ഷണം വിതറി ഇടാനും ഡോക്ടര്‍ നിര്‍ദേശിച്ചു. അങ്ങനെയെങ്കിലും കുറച്ച് നടത്താനാണ് നിര്‍ദേശം. ആര്‍ബിക്കിളിന്റെ തടികുറഞ്ഞാല്‍ ഉടന്‍ തന്നെ കാട്ടില്‍ കൊണ്ടുപോയി വിടാനാണ് തീരുമാനം.
https://www.facebook.com/Malayalivartha