മത്സ്യത്തൊഴിലാളികള്‍, നദിയില്‍ വച്ച് കടുവയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
കണ്ടല്‍ക്കാടുകളും കായലുകളും നിറഞ്ഞ സുന്ദര്‍ബന്‍ വനമേഖലയില്‍ മീന്‍ പിടിക്കാനിറങ്ങിയ ഒരു സംഘം, നദി മുറിച്ചു കടക്കുകയായിരുന്ന കടുവയെ ക്രൂരമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.യുനസ്‌കോയുടെ പരിസ്ഥിതി പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇടമാണ് ഇത്.
കടുവയുടെ സമീപത്തേക്ക് ബോട്ട് അടുപ്പിച്ചതിനുശേഷമായിരുന്നു ഇവരുടെ ആക്രമണം. കടുവ നീന്തുന്നത് ദൂരെ നിന്നു കണ്ടതോടെയാണ് ഇവര്‍ അതിനടുത്തേക്ക് ചെന്നത്. അടുത്തെത്തിയപ്പോള്‍ മുതല്‍ ഒച്ച വച്ചും കയ്യിലുള്ള മുളങ്കമ്പ് കൊണ്ട് വെള്ളത്തില്‍ അടിച്ചും ഇവര്‍ കടുവയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു. അല്‍പ്പം കഴിഞ്ഞതോടെ പ്രകോപിതനായ കടുവ തിരികെ ഗര്‍ജ്ജിച്ചു. ഇതോടൊപ്പം തന്നെ ബോട്ടിനടുത്തേക്ക് നീന്തിയെത്തി. ഇതോടെയാണ് കയ്യിലിരുന്ന മുളങ്കമ്പ് കൊണ്ട് കടുവയുടെ പുറത്ത് ആഞ്ഞടിച്ചത്.
നാലോ അഞ്ചോ തവണ കടുവയെ ഇത്തരത്തില്‍ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ബോട്ടിലുണ്ടായിരുന്ന ഒരാള്‍ തന്നെയാണ് വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. കടുവയെ അടിക്കുന്നത് ബോട്ടിലുണ്ടായിരുന്നവര്‍ ആസ്വദിക്കുന്നതും ഉച്ചത്തില്‍ ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഇന്ത്യന്‍ അതിര്‍ത്തിയിലുള്ള കെന്‍ഡോ ദ്വീപിന് സമീപമാണ് ഈ ആക്രമണം നടന്നത്. സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ സുന്ദര്‍ബന്‍ ബയോസ്ഫിയര്‍ റിസര്‍വിന്റെ ഇന്ത്യന്‍ ഡയറക്ടര്‍ ആര്‍.പി സെയ്‌നി ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ടുള്ളവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കും.
അതേസമയം മുളങ്കമ്പുകൊണ്ടുള്ള അടിയില്‍ കടുവയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല. സുന്ദര്‍ബന്‍ മേഖലകളിലെ കടുവകള്‍ മികച്ച നീന്തല്‍ക്കാരാണെങ്കിലും അടിയേറ്റത് നടുവിനായതുകൊണ്ട് കടുവ നീന്തി കര പറ്റിക്കാണുമോ എന്ന സംശയമുണ്ട്.
https://www.facebook.com/Malayalivartha