തം ലുവാംഗ് ഗുഹയില്‍ നിന്ന് കുട്ടികളുടെ കത്ത്
ഒരു വെളിച്ചത്തരി പോലും കാണാനാവാതെ തായ്‌ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ നാളുകളായി കുടുങ്ങിക്കിടക്കുന്ന കുട്ടികള്‍, ഇവരുടെ അരികിലേക്ക് നീന്തിയെത്തിയ ബ്രിട്ടീഷ് രക്ഷാപ്രവര്‍ത്തകരുടെ കൈവശം മാതാപിതാക്കള്‍ക്ക് കത്ത് എഴുതി കൊടുത്തുവിട്ടു. 'ഞങ്ങള്‍ ശക്തരാണ്. ആരും ഞങ്ങളെ ഓര്‍ത്ത് വിഷമിക്കരുത്. തിരിച്ചു വരുമ്പോള്‍ വറുത്ത ചിക്കന്‍ ഉള്‍പ്പടെയുള്ള ഭക്ഷണം ഞങ്ങള്‍ക്കു വേണം'.
ഞങ്ങള്‍ ഇപ്പോഴും ആരോഗ്യമുള്ളവരാണ്. ഭയപ്പെടേണ്ടതില്ല. എന്നാല്‍ പുറത്തെത്തിയാല്‍ ടീച്ചര്‍ കൂടുതല്‍ ഹോംവര്‍ക്കുകള്‍ തന്നേക്കരുതെന്നും തമാശയായി ഒരാള്‍ എഴുതി. ഗുഹയ്ക്കകത്ത് കയറിയതിനു തങ്ങളെ കുറ്റപ്പെടുത്തരുതെന്നും വഴക്ക് പറയരുതെന്നും കത്തില്‍ സൂചിപ്പിച്ച കുട്ടികളിലൊരാള്‍, ചെയ്ത തെറ്റിനു മാപ്പ് പറയുകയും ചെയ്തു. തായ്‌ലന്‍ഡ് നാവിക സേനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കുട്ടികളുടെ കത്തുകള്‍ പ്രത്യക്ഷപെട്ടത്.
എന്നാല്‍ ഫുട്‌ബോള്‍ ടീം കോച്ച് അകെ, കുട്ടികളുടെ മാതാപിതാക്കളോട് ക്ഷമാപണം നടത്തി.തന്റെ കഴിവിന്റെ പരമാവധി കുട്ടികളെ സംരക്ഷിക്കുമെന്ന് പറയുന്ന കോച്ച് തങ്ങളെ സഹായിക്കുന്ന എല്ലാവര്‍ക്കും നന്ദിയുമര്‍പ്പിക്കുന്നു. ആത്മാര്‍ത്ഥമായ ഖേദപ്രകടനമാണ് അദ്ദേഹം കത്തില്‍ നടത്തിയിരിക്കുന്നത്. മാതാപിതാക്കളെയും സഹോദരങ്ങളെയും വല്ലാതെ മിസ് ചെയ്യുന്നുവെന്ന് പറയുന്ന ഈ വരികളില്‍ എത്രമേല്‍ വിഷമം ഈ കുരുന്നുകള്‍ അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാണ്. ഇത്രയും നാള്‍ തങ്ങളുടെ പൊന്നോമന വളര്‍ത്തുമൃഗങ്ങളെ കാണാന്‍ സാധിക്കാത്തതിന്റെ വേദനയും അവരില്‍ ചിലര്‍ പങ്കുവെയ്ക്കുന്നു.
നിക്കിന് മമ്മിയേയും ഡാഡിയേയും ഒരുപാട് ഇഷ്ടമാണ്. ഞാന്‍ പുറത്തുവന്നാല്‍ എനിക്ക് ബാര്‍ബിക്യു ചിക്കന്‍ വാങ്ങിത്തരണം, നിക്ക് കത്തില്‍ കിണുങ്ങുന്നു. ഗുഹയില്‍ അകപ്പെട്ട കുട്ടികളില്‍ രണ്ടു പേരുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍.
രക്ഷാപ്രവര്‍ത്തകര്‍ മുഖേനയാണ് ഈ കത്ത് കുട്ടികളുടെ മാതാപിതാക്കളില്‍ എത്തിച്ചത്. ജൂണ് 23-നാണ് ഫുട്‌ബോള്‍ ടീമിലെ പന്ത്രണ്ട് കുട്ടികളും കോച്ചും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്. എന്നാല്‍ പത്ത് ദിവസത്തിനു ശേഷം ഇവരെ കണ്ടെത്തുകയായിരുന്നു. കനത്ത മഴയും വെള്ളപ്പൊക്കവുമാണ് ഈ അപകടത്തിനു കാരണമായത്. രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുന്നതും ഇതു തന്നെയാണ്.
https://www.facebook.com/Malayalivartha