സ്‌കൂളുണ്ടോയെന്ന് അറിയാന്‍ കലക്ടറേറ്റിലേക്ക് വിളിച്ചയാളെ ഉദ്യോഗസ്ഥന്‍ പരിഹസിച്ചെന്ന് പരാതി
ഇന്നലെ രാവിലെ സ്‌കൂളിന് അവധിയുണ്ടോ എന്നറിയാന്‍ കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചയാള്‍ക്ക് ലഭിച്ചത് സ്‌കൂള്‍ അവിടെത്തന്നെയുണ്ടല്ലോ, സ്‌കൂള്‍ എവിടെപ്പോകാനാ എന്ന കളിയാക്കല്‍! ഫോണില്‍ വിവരമറിയാന്‍ വിളിച്ച പൊതുജനത്തെ പരിഹസിച്ചതിനു ശേഷം, നിങ്ങള്‍ വിദ്യാഭ്യാസമുള്ള ആളല്ലേ, സ്‌കൂള്‍ ഉണ്ടോ എന്നാണോ, സ്‌കൂളിന് അവധിയുണ്ടോ എന്നല്ലേ ചോദിക്കേണ്ടത് എന്ന് സൗജന്യ ഉപദേശവും ഉദ്യോഗസ്ഥന്റെ വകയായുണ്ടായി.
രാവിലെ ആറരയോടെ വയനാട് കലക്ടറേറ്റിലെ 9207985027 എന്ന നമ്പറിലേക്കു വിളിച്ച വാളാട് സ്വദേശി കട്ടിയാടന്‍ മുഹമ്മദിനാണ് ദുരനുഭവം ഉണ്ടായത്. പ്രകൃതിദുരന്തങ്ങള്‍ മൂലം സ്‌കൂളിന് അവധിയുണ്ടെങ്കില്‍ 9207985027 എന്ന നമ്പറില്‍ വിവരം ലഭിക്കുമെന്നുള്ള കലക്ടറുടെ അറിയിപ്പ് ദൃശ്യ- ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കണ്ടതിനെത്തുടര്‍ന്നാണ് മുഹമ്മദ് ഫോണ്‍ വിളിച്ചത്. ഫോണ്‍ എടുത്തയുടനെ വളരെ അപഹാസ്യമായ രീതിയിലാണ് ഉദ്യോഗസ്ഥന്‍ മറുപടി തന്നതെന്ന് മുഹമ്മദ് പറയുന്നു.
ഉദ്യോഗസ്ഥന്റെ പേര് ചോദിച്ചപ്പോള്‍ ഒറ്റയടിക്ക് ഫോണ്‍ വയ്ക്കുകയും ചെയ്തുവത്രേ. മുഹമ്മദ് റെക്കോര്‍ഡ് ചെയ്ത ഈ സംഭാഷണം പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. പൊതുജനത്തെ അവഹേളിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇങ്ങനെയൊരു സംഭവം നടന്നതായി അറിയില്ലെന്നും രാവിലെ ഡ്യൂട്ടിക്കിരുന്ന ഉദ്യോഗസ്ഥനാവും മറുപടി കൊടുത്തതെന്നുമായിരുന്നു ഈ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച വിശദീകരണം.
https://www.facebook.com/Malayalivartha