ഒരു മലയാളി ആത്മപരിശോധന നടത്തുന്നു, തായ്‌ലന്‍ഡില്‍ സംഭവിച്ചത് ഇവിടെയായിരുന്നെങ്കിലോ...?
മലയാളികള്‍ക്ക് ഓരോ വിഷയത്തെയും നോക്കിക്കാണുന്ന സ്വന്തമായി ചില രീതികളുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ സൈബര്‍ ലോകത്തും ചാനലിലും ഇരുന്നുകൊണ്ട് വിമര്‍ശന ശരങ്ങള്‍ എയ്യുന്ന സാധാരണ മലയാളിയെ തായ്‌ലന്‍ഡില്‍ സംഭവിച്ച വിഷയവുമായി ബന്ധിപ്പിക്കുകയാണ് അഡ്വക്കറ്റ് കൂടിയായ ബിജോയ്.
തായ്‌ലന്‍ഡില്‍ സംഭവിച്ചത് നമ്മുടെ നാട്ടിലായിരുന്നെങ്കിലോ എന്ന ചോദ്യത്തിന് മറുപടി കണ്ടെത്തുകയും ചെയ്യുന്നുണ്ട് ബിജോയ്. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക് കുറിപ്പാണ് ചോദ്യവും ഉത്തരവുമായി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. അത് വായിച്ചു കഴിയുമ്പോള്‍ അതിനോട് വിയോജിപ്പ് ഉള്ളവര്‍ അധികം പേര്‍ ഉണ്ടാവാനിടയില്ല എന്നതാണ് സത്യം!
ബിജോയ് എഴുതിയ കുറിപ്പ് വായിക്കാം;
തായ് ജനതയില്‍ നിന്നും പഠിക്കൂ. ഒരു വലിയ പ്രതിസന്ധിയെ തായ് ഭരണകൂടവും ജനതയും ഒറ്റക്കെട്ടായി നേരിടുന്നു. ഗുഹയില്‍ അകപ്പെട്ട കുട്ടികളെയും പരിശീലകനെയും സര്‍വാത്മനാ പിന്തുണയ്ക്കുന്നതോടൊപ്പം തായ്‌ലന്‍ഡിലെ ജനങ്ങള്‍ അവിടുത്തെ ഭരണകൂടത്തോടും രക്ഷാപ്രവര്‍ത്തനങ്ങളോടും ഒരേ മനസ്സോടെ സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ആരും ആരെയും കുറ്റപ്പെടുത്തുന്നില്ല.
ഇപ്രകാരം സംഭവിച്ചത് നമ്മുടെ നാട്ടില്‍ ആയിരുന്നു എങ്കിലോ?
1. ആദ്യം തന്നെ സര്‍ക്കാരിന്റെ അനാസ്ഥയെ കുറ്റം പറയും, മുഖ്യമന്ത്രി രാജി വെയ്ക്കണം എന്നാവശ്യപ്പെടും.
2. കുട്ടികളെ ഗുഹയില്‍ കൊണ്ടു പോയ പരിശീലകനെതിരെയും, സ്‌കൂള്‍ അധികാരികള്‍ക്കെതിരെയും, പ്രധാന അധ്യാപകനെതിരെയും കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാനും, സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാനും വേണ്ടി നടപടികള്‍ സ്വീകരിക്കാന്‍ പ്രക്ഷോഭം തുടങ്ങും. സ്‌കൂളിന് കല്ലെറിയും.
3. കാട്ടിലെ ഗുഹാകവാടം ബന്തവസാക്കാത്തതില്‍ ഫോറസ്റ്റ് ജിയോളജി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം തുടങ്ങും.
4. ഗുഹാമുഖം തുറന്നിട്ടത് മുന്‍ ഗവണ്‍മെന്റിന്റെ കാലത്താണ് എന്നാക്ഷേപിച്ച് കുറ്റപ്പെടുത്തും.
5. രക്ഷാപ്രവര്‍ത്തനം വൈകുന്നതില്‍ പ്രതിഷേധിച്ച് ഉദ്യോഗസ്ഥരേയും ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങളേയും തടയും.
6. സംഭവസ്ഥലത്തേക്ക് പരമാവധി ഇടിച്ചു കയറി സെല്‍ഫികളെടുക്കും.
7. സമുദായവും രാഷ്ട്രീയവും തിരിഞ്ഞ് സംഘടനകള്‍ പച്ച, കാവി, മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള മേല്‍ക്കുപ്പായങ്ങള്‍ അണിഞ്ഞ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.
8. സംഭവം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് തങ്ങളുടെ ചാനലാണെന്ന് മാധ്യമങ്ങള്‍ വീമ്പിളക്കും.
9. ഹര്‍ത്താല്‍ നടത്തും.
10. സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കും.
11. ബക്കറ്റ് പിരിവ് തുടങ്ങും.
12. സംഭവത്തിനു പിന്നില്‍ മത തീവ്രവാദ അട്ടിമറി ഉണ്ടോ എന്ന് വെറുതെ ചൂഴ്ന്നു നോക്കി അന്തിച്ചര്‍ച്ച നടത്തും.
13. പരസ്പരം അനാസ്ഥ ആരോപിച്ച് കുറ്റപ്പെടുത്തലുകളും ചീത്ത വിളികളും തുടര്‍ന്നുകൊണ്ടിരിക്കും
14. ഒന്നും ചെയ്യാതെയും മേലനങ്ങാതെയും ഇങ്ങനെ സോഷ്യല്‍ മീഡിയയില്‍ ഓരോന്ന് പോസ്റ്റിക്കൊണ്ടിരിക്കും.
https://www.facebook.com/Malayalivartha