കാശുകൊടുത്ത് കുഴിവെട്ടുകാരനെ പാട്ടിലാക്കിയത് ആ മൃതദേഹം തട്ടിയെടുക്കാന്‍...!
മൂവായിരത്തിലേറെ പ്രദര്‍ശന വസ്തുക്കളുള്ള ഇംഗ്ലണ്ടിലെ 'ദ ഹണ്ടേറിയന്‍ മ്യൂസിയ'ത്തിലെ ഏറ്റവും പ്രധാന ആകര്‍ഷണം 235 വര്‍ഷം പഴക്കമുള്ള ഒരു വസ്തുവാണ്. ഒട്ടേറെ പ്രശസ്ത വ്യക്തികള്‍ ഇത് കാണാനായി മാത്രം അവിടെ എത്തിയിട്ടുമുണ്ട്. ചാള്‍സ് ബയ്ണ്‍ എന്ന വ്യക്തിയുടെ അസ്ഥികൂടമാണത്. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വ്യക്തിയാണ് ചാള്‍സ്. പ്രത്യേകത മറ്റൊന്നുമല്ല, അസാധാരണമായ പൊക്കം. 'ഐറിഷ് ഭീമന്‍' എന്നായിരുന്നു ചാള്‍സിന്റെ ഇരട്ടപ്പേര്.
1761-ല്‍ ഇന്നത്തെ വടക്കന്‍ അയര്‍ലന്‍ഡിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. കുട്ടിക്കാലം മുതല്‍ക്ക്തന്നെ അസാധാരണമായ പൊക്കം ശ്രദ്ധയില്‍പ്പെട്ടെങ്കിലും 18 വയസ്സു തികയുന്നതോടെ വളര്‍ച്ച നില്‍ക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ 'അക്രോമെഗലി ജൈജാന്റീസം' എന്ന ശാരീരിക അവസ്ഥയായിരുന്നു ബയണിന്. അസാധാരണമായ ശരീര വളര്‍ച്ചയായിരുന്നു ഇതിന്റെ പ്രത്യേകത. ഏഴടി ഏഴിഞ്ചായിരുന്നു (2.31 മീറ്റര്‍) പ്രായപൂര്‍ത്തിയായതോടെ ഇദ്ദേഹത്തിന്റെ ഉയരം.
ഇതുമായി ബ്രിട്ടണിലെ പലയിടത്തും അദ്ദേഹം സഞ്ചരിച്ചു. എത്തുന്നിടത്തെല്ലാം ജനം കൗതുകത്തോടെ നോക്കി ഒരു സെലിബ്രിറ്റി പരിവേഷമായിരുന്നു ചാള്‍സിന്. സ്വയം ഒരു പ്രദര്‍ശന വസ്തുവായി കുറേ കാശും ഇദ്ദേഹം സമ്പാദിച്ചു. എന്നാല്‍ 22-ാം വയസ്സില്‍ ചാള്‍സിനു ക്ഷയരോഗം ബാധിച്ചു. ആരോഗ്യം ക്ഷയിക്കാന്‍ തുടങ്ങി. അപ്പോഴാണ് ജോണ്‍ ഹണ്ടര്‍ എന്ന ഡോക്ടര്‍ രംഗത്തെത്തിയത്. ചാള്‍സിനെ സൗജന്യമായി ചികിത്സിക്കാന്‍ ഹണ്ടര്‍ തയാറായിരുന്നു. പക്ഷേ മരിച്ചു കഴിഞ്ഞാല്‍ ആ പൊക്കക്കാരന്റെ മൃതദേഹം തനിക്കു പഠനത്തിനായി വിട്ടു നല്‍കണമെന്നായിരുന്നു ആവശ്യം.
അതോടെ ഭയന്നു പോയ ചാള്‍സ് തന്റെ കൂട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞു, ഒരു കാരണവശാലും മരണശേഷം തന്റെ ശരീരം ഹണ്ടര്‍ക്ക് വിട്ടു കൊടുക്കരുത്. ശരീരം കടലില്‍ ഒഴുക്കണമെന്നും അല്ലെങ്കില്‍ ശ്മശാനത്തില്‍ നിന്നു വരെ ഹണ്ടര്‍ മൃതദേഹം കുഴിച്ചെടുക്കുമെന്നും ചാള്‍സ് ഭയന്നു. 1783-ല്‍ ചാള്‍സ് അന്തരിച്ചു. ഒട്ടേറെ സര്‍ജന്മാരാണ് ആ സമയത്ത് ചാള്‍സിന്റെ മൃതദേഹം സ്വന്തമാക്കാന്‍ കാത്തു നിന്നതെന്ന് അന്നു വാര്‍ത്ത വന്നിരുന്നു. എന്നാല്‍ സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം നിറവേറ്റാനുള്ള ശ്രമത്തിലായിരുന്നു. ശവപ്പെട്ടിയിലാക്കി മൃതദേഹം കടല്‍ത്തീരത്തേക്ക് അയച്ചു. എന്നാല്‍ പാതിവഴിയില്‍ കുഴിവെട്ടുകാരനെ കാശുകൊടുത്തു പാട്ടിലാക്കി ഹണ്ടര്‍ ആ മൃതദേഹം സ്വന്തമാക്കി. പെട്ടിയില്‍ കല്ലുനിറച്ചാണ് കടലിലാഴ്ത്തിയത്. ഹണ്ടറാകട്ടെ ആ മൃതദേഹത്തില്‍ നിന്ന് അസ്ഥികൂടം വേര്‍തിരിച്ചെടുത്ത് സൂക്ഷിച്ചു.
13 വര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു അദ്ദേഹം തന്റെ കയ്യില്‍ ചാള്‍സിന്റെ അസ്ഥികൂടമുണ്ടെന്ന വിവരം പുറത്തുവിട്ടത്. പിന്നാലെ തന്റെ കയ്യിലെ വൈദ്യശാസ്ത്ര കൗതുകങ്ങളുടെ മൊത്തം കലക്ഷന്‍ റോയല്‍ കോളജ് ഓഫ് സര്‍ജന്‍സിനും ഹണ്ടര്‍ നല്‍കി. (റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ് ഓഫ് ഇംഗ്ലണ്ടിന്റെ നേതൃത്വത്തിലാണ് ദ ഹണ്ടേറിയന്‍ മ്യൂസിയത്തിന്റെ പ്രവര്‍ത്തനം). ഹണ്ടറിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ പേരില്‍ മ്യൂസിയം ആരംഭിച്ചപ്പോള്‍ അവിടത്തെ പ്രധാന ആകര്‍ഷണമായിത്തീര്‍ന്നു ഈ നീളന്‍ അസ്ഥികൂടം. രണ്ടു നൂറ്റാണ്ടു കാലത്തിനിടെ ഈ അസ്ഥികൂടത്തില്‍ നടത്തിയിട്ടുള്ള പഠനങ്ങള്‍ക്കു കണക്കില്ല.
അതിനിടെയായിരുന്നു മറ്റൊരു പ്രശ്‌നം. ചാള്‍സിന്റെ ആഗ്രഹം പോലെ മൃതദേഹം കടലിലൊഴുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തു വന്നു. പക്ഷേ മ്യൂസിയം അധികൃതര്‍ ഒന്നും മിണ്ടിയില്ല. ഒടുവില്‍ കഴിഞ്ഞയാഴ്ച ഒരു വാര്‍ത്ത പുറത്തു വന്നു. ചാള്‍സിന്റെ ആഗ്രഹം പോലെ അദ്ദേഹത്തിന്റെ അസ്ഥി കടലില്‍ ഒഴുക്കാന്‍ മ്യൂസിയം അധികൃതര്‍ തയാറായിരിക്കുന്നു. ഇദ്ദേഹത്തിന്റെ ഡിഎന്‍എ വിവരങ്ങളെല്ലാം ശേഖരിച്ച് വേണമെങ്കില്‍ അസ്ഥികൂടത്തിന്റെ പുതിയൊരു 'പകര്‍പ്പ്' പോലും തയാറാക്കാനുള്ള വിവരങ്ങള്‍ വരെ ഇപ്പോള്‍ മ്യൂസിയത്തിന്റെ കയ്യിലുണ്ട്. മാത്രവുമല്ല ചാള്‍സിനേക്കാള്‍ ഉയരമുള്ളവരും വൈദ്യശാസ്ത്ര ആവശ്യത്തിനായി തങ്ങളുടെ മൃതദേഹം വിട്ടുനല്‍കാന്‍ നിലവില്‍ രംഗത്തുണ്ട്. ഇനി ലോകം കാത്തിരിക്കുന്നത് ആ വാര്‍ത്തയ്ക്കു വേണ്ടിയാണ് സ്വപ്നം കണ്ടതു പോലെ ചാള്‍സ് കടലില്‍ അന്ത്യവിശ്രമം കൊണ്ടെന്ന വാര്‍ത്ത!
https://www.facebook.com/Malayalivartha