10 ലക്ഷം കിട്ടാന്‍ ചെലവായത് അല്‍പ്പം ബ്രോക്കോളിയും ചായപ്പൊടിയും; ആര്‍ട്ട് ഫോര്‍ ഹെല്‍ത്ത് മത്സരത്തിലെ ഫോട്ടോഗ്രാഫി വിഭാഗത്തിലെ ഒന്നാം സമ്മാനത്തിന്റെ പിന്നാമ്പുറക്കഥകള്‍
കണ്ണൂര്‍ താണ സ്വദേശി ആഷിഖ് കേച്ചേരിയുടെയും ഷബീനയുടെയും മകള്‍ റസ്ലി മര്‍വ കാമറ വാങ്ങിയത് ധര്‍മശാലയിലെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ (നിഫ്റ്റ്) നിന്ന് ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് പഠിക്കവേ ആയിരുന്നു. കോഴ്‌സിന്റെ ഭാഗമായി കാമറയുമായി കുറേ ക്ലിക്കുകള്‍. ആ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഇതിന് നല്ല കമന്റുകള്‍ ലഭിച്ചത് ഫോട്ടോഗ്രഫിയില്‍ കൂടുതല്‍ ശ്രദ്ധചെലുത്താന്‍ റസ്ലി മര്‍വയ്ക്ക് പ്രോത്സാഹനമായി. കോഴ്‌സ് കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കുകയായിരുന്നു. ഇതിനിടയിലാണ് അവധിക്കാലം ചെലവഴിക്കാന്‍ യുഎഇയിലേക്ക് പോയത്.
അപ്പോഴാണ്, പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കാനായി ഫോട്ടോഗ്രഫി, ആനിമേഷന്‍, ഫിലിം, പെയിന്റിംഗ് വിഭാഗങ്ങളില്‍ ദുബായ് ആരോഗ്യ മന്ത്രാലയം ആര്‍ട്ട് ഫോര്‍ ഹെല്‍ത്ത് എന്ന പേരില്‍ മത്സരം നടത്തിയത്. പത്രത്തില്‍ പരസ്യം കണ്ട് വെറുതെ അപേക്ഷിച്ചു.
17 മുതല്‍ 30 വയസുവരെയുള്ളവര്‍ക്ക് മേയ് മുതലായിരുന്നു മത്സരം. ഫോട്ടോഗ്രഫി വിഭാഗത്തില്‍ 15 പേരുടെ അവസാന പട്ടികയില്‍ സ്ഥാനം പിടിച്ച റസ്ലി പിന്നീട് അഭിമുഖത്തിലും മികവ് പുലര്‍ത്തി. വിദേശികളടക്കമുള്ളവരോട് മത്സരിച്ച് റസ്ലി നേടിയത് 50,000 ദിര്‍ഹം(10 ലക്ഷം രൂപ).
ബ്രോക്കോളിയും ചായപ്പൊടിയും ഉപയോഗിച്ച് സെറ്റ് ചെയ്തായിരുന്നു ഫോട്ടോ എടുത്തതെന്ന് റസ്ലി മര്‍വ പറഞ്ഞു. പച്ച കലര്‍ന്ന ബ്രോക്കോളി ശരീരത്തിന്റെ ആരോഗ്യത്തെയും ചായപ്പൊടി അനാരോഗ്യത്തെയുമാണ് സൂചിപ്പിച്ചിരുന്നത്.
രണ്ടാം റൗണ്ടില്‍ എത്തിയപ്പോഴാണ് ഇത്തിരി സീരിയസായത്. നിഫ്റ്റിലെ അധ്യാപകരുടെയും പ്രതിശ്രുത വരന്‍ കണ്ണൂര്‍ താണ സ്വദേശി ഫിയാന്‍സ് നസ്ബീര്‍ മുഹമ്മദിന്റെയും വലിയ സഹായങ്ങളുണ്ടായിരുന്നു.
ഫോട്ടോഗ്രഫിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാണ് ആഗ്രഹം. കൂടാതെ നല്ലൊരു ഗ്രാഫിക് ഡിസൈനറാകാനും ആഗ്രഹമുണ്ടെന്നും റസ്ലി മര്‍വ പറഞ്ഞു. ദുബായ് മീഡിയാ സിറ്റിയിലായിരുന്നു റസ്ലിയുടെ ഇന്റേണ്‍ഷിപ്പ്. ലീന്‍ തസ്‌നിം ഏക സഹോദരിയാണ്.
യുഎഇ ആരോഗ്യമന്ത്രി ഷെയ്ക്ക് ഹൈനസ് ഡോ.ഹുസൈന്‍ അബ്ദുള്‍ റഹ്മാന്‍ റാന്‍ഡില്‍ നിന്നും കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ റസ്ലി പുരസ്‌കാരം ഏറ്റുവാങ്ങി. ധര്‍മശാലയിലെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ (നിഫ്റ്റ്) നിന്ന് ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ കോഴ്‌സായിരുന്നു റസ്ലി പഠിച്ചത്.
https://www.facebook.com/Malayalivartha