വിത്തുകള്‍ ഒളിപ്പിച്ചുവച്ച ക്ഷണക്കത്ത്; എംഎല്‍എയുടെ മകളുടെ വിവാഹക്ഷണക്കത്ത് വേറെ ലെവലാണ്!
വിവാഹ ക്ഷണക്കത്തുകള്‍ പദവിയും ആഡംബരത്തിന്റെ തോതും വിളിച്ചറിയിക്കുന്നവയായി മാറിയിട്ട് കാലമേറെയായി. എന്നാല്‍ പിന്നീട് ലക്ഷങ്ങള്‍ ചെവഴിച്ച് തയാറാക്കുന്ന ക്ഷണക്കത്തുകള്‍ ഉപേക്ഷിക്കപ്പെടുകയാണ് പതിവ്. ഈ പതിവിന് ഒരു മാറ്റം വരുത്തണമെന്ന് ആഗ്രഹിക്കുക മാത്രമല്ല, പുതിയ തുടക്കമിടുകയും ചെയ്തിരിക്കുകയാണ് ഒരു എംഎല്‍എ. മലപ്പുറം ജില്ലയിലെ താനൂരിന്റെ പ്രതിനിധി വി.അബ്ദുറഹിമാന്‍ ആണ് മാറ്റത്തിനു തുടക്കമിട്ടിരിക്കുന്നത്.
മഴ കോരിച്ചൊരിയുന്ന കര്‍ക്കടക മാസത്തില്‍ നടത്തുന്ന മകള്‍ റിസ്‌വാന ഷെറിന്റെ കല്യാണത്തിനുവേണ്ടി എംഎല്‍എ ഒരുക്കിയിരിക്കുന്നത് വിതച്ചാല്‍ കൊയ്യാവുന്ന ക്ഷണക്കത്താണ്. അടുത്ത ഞായറാഴ്ച തിരൂരില്‍ വച്ചാണ് കല്യാണം.
കത്തു പൂര്‍ണമായും അച്ചടിച്ചതു റീസൈക്കിള്‍ഡ് കടലാസിലാണ്. കത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് പൂക്കളുടെയും ഔഷധ സസ്യങ്ങളുടെയും വിത്തുകള്‍. കല്യാണക്കത്ത് വെള്ളത്തിലിട്ടാല്‍ വിത്തുകള്‍ ലഭിക്കും. അവ സൂര്യപ്രകാശമുള്ള ഇടങ്ങളില്‍ നടണമെന്ന നിര്‍ദേശവും കത്തിലുണ്ട്. വിത്തുകള്‍ എല്ലാവര്‍ക്കും പ്രയോജനപ്പെടില്ല എന്ന് എംഎല്‍എക്ക് അറിയാം. അങ്ങനെയുള്ളവര്‍ അവ സുഹൃത്തുക്കള്‍ക്ക് സമ്മാനിക്കട്ടെ. അങ്ങനെ കൈ മറിഞ്ഞ് സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പ്രചരിക്കട്ടെ എന്നാണ് ജനപ്രതിനിധിയുടെ ആഗ്രഹം.
മൊത്തം എത്ര കത്തുകളില്‍ വിത്തുകള്‍ ഒളിപ്പിച്ച് അച്ചടിച്ചിട്ടുണ്ടെന്ന കണക്കു പുറത്തുവിട്ടിട്ടില്ല. നൂറുകണക്കിനു കത്തുകള്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. അതായത് വിത്തുകള്‍ മണ്ണില്‍ വീണുകഴിഞ്ഞുവെന്നര്‍ഥം. മഴ മാറി സൂര്യന്‍ പ്രകാശിക്കുമ്പോള്‍ ഇനിയവ ചെടികളായും ഔഷധസസ്യങ്ങളായും പൊട്ടിമുളയ്ക്കും.
വിവാഹഒരുക്കങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനിടെ ബെംഗളൂരുവിലുള്ള ഒരു സുഹൃത്താണ് വിത്തുകള്‍ ഒളിപ്പിച്ചുവച്ച ക്ഷണക്കത്തിന്റെ ആശയം എംഎല്‍എയോടു പറയുന്നത്. ആശയം ഇഷ്ടപ്പെട്ട അദ്ദേഹം ഗംഭീരമായിത്തന്നെ നടപ്പാക്കുകയും ചെയ്തു. വഴുതന, വെണ്ടയ്ക്ക, തക്കാളി എന്നിവയുടെയൊക്കെ വിത്തുകളുണ്ട് കത്തുകളില്‍. കുറച്ചധികം ദിവസങ്ങളെടുത്താണ് കത്തുകള്‍ ഒരുക്കിയത്. എങ്കിലും മിതമായ ചെലവു മാത്രമേ വേണ്ടിവന്നുള്ളൂ എന്നു പറയുന്നു അബ്ദുറഹിമാന്‍. കത്തു തയാറാക്കിയതിലൂടെ കുറിച്ചധികം പേര്‍ക്കു ജോലിയും ലഭിച്ചു.
സ്ഥിരം ക്ഷണക്കത്തുകള്‍പോലെ ഇവ ആരും വലിച്ചെറിയില്ല എന്നെനിക്കുറപ്പുണ്ട്. ചെടികള്‍ വളര്‍ത്താന്‍ സൗകര്യമില്ലാത്തവര്‍ക്ക് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഏല്‍പിക്കാം. വളര്‍ന്നുവലുതായി പൂക്കളും കായകളുമായി നില്‍ക്കുന്ന ചെടികള്‍ കാണുമ്പോള്‍ മകള്‍ക്ക് അവര്‍ ആശംസ നേരാതിരിക്കില്ല എന്നാണ് എംഎല്‍എയുടെ ഹരിതപ്രതീക്ഷ.
https://www.facebook.com/Malayalivartha