പാതിരാത്രിയില്‍ വഡോദര ജയിലില്‍ മുതല കയറി!
ഗുജറാത്തിലെ വഡോദരയിലെ ജയിലില്‍ വ്യാഴാഴ്ച രാത്രി ഒരു അപ്രതീക്ഷിത അതിഥിയെത്തി. ഏതായാലും അധികം ഉള്ളിലേക്കെത്തും മുന്‍പ് കക്ഷിയെ പിടിച്ചുകെട്ടി പറഞ്ഞു വിടാനായിരുന്നു ജയിലധികൃര്‍ക്ക് തിടുക്കം. ജയിലിന് സമീപത്ത് കൂടി ഒഴുകുന്ന നദിയില്‍ നിന്നെത്തിയ ഒരു മുതലയാണ് അനധികൃതമായി ജയിലില്‍ പ്രവേശിച്ചത്.
ശക്തമായ മഴയില്‍ വെള്ളം ഉയര്‍ന്നതോടെ ഓട വഴിയാകും മുതല അകത്തേക്കു കടന്നതെന്നാണ് നിഗമനം. ജയിലിന്റെ ഏറ്റവും അകത്തുള്ള ഗേറ്റിനു സമീപത്തു നിന്നാണ് മുതലയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടത്. വൈകാതെ മുതലയെ പിടികൂടുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അരമണിക്കൂറിനുള്ളില്‍ ഏതാണ്ട് ഒന്നരയോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
നാലര അടി നീളമുള്ള മുതല കണ്‍വെട്ടത്ത് നിന്നു പോകാതിരിക്കാന്‍ വനവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചു. വനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അധികം പണി നല്‍കാതെ തന്നെ മുതല നിരുപാധികം കീഴടങ്ങുകയും ചെയ്തു. മുതലയെ പിന്നീട് നദിയിലേക്കു തന്നെ തുറന്നു വിട്ടു.
ഏതായാലും മുതല കയറി വന്ന ഓട ഇരുമ്പഴി ഉപയോഗിച്ച് അടക്കുന്നതാകും ഉചിതമെന്നാണ് ജയില്‍ അധികൃതരുടെ തീരുമാനം. കാരണം അതുവഴി അകത്തേക്കു മാത്രമല്ല പുറത്തേക്കും പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലല്ലോ. പക്ഷെ അതുവഴി പുറത്തു കടന്നാലും രക്ഷപെടാന്‍ തടവുകാര്‍ക്ക് എളുപ്പമല്ല. കാരണം ജയിലിനോടു ചേര്‍ന്നുള്ള നദിക്കരയില്‍ മിക്കവാറും വിശ്രമത്തിനായി മുതലകളുണ്ടാകും. ഏതാണ്ട് 200-ല്‍ അധികം മുതലകള്‍ ഈ മേഖലയില്‍ ഉണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്.
https://www.facebook.com/Malayalivartha