റേഞ്ചറെ വെടിവച്ചിട്ട് കടന്നു കളഞ്ഞ വേട്ടക്കാരനെ പിടികൂടാന്‍ സഹായകമായത് ആനകള്‍
കള്ളക്കടത്ത് സംഘത്തിലെ ഒരാളെ പിടികൂടാന്‍ സഹായിച്ചത് ആനകള്‍. ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കിലാണ് സംഭവം. റേഞ്ചറെ വെടിവച്ച ശേഷം കടന്നു കളഞ്ഞ, വേട്ടക്കെത്തിയ സംഘം വനപാലകരുമായുണ്ടായ ഏറ്റുമുട്ടലിലെ തുടര്‍ന്ന് കാട്ടിലേക്കു ചിതറി ഓടിയിരുന്നു. മൂന്ന് ദിവസം മുന്‍പായിരുന്നു ഇത് നടന്നത്. ഈ കൂട്ടത്തില്‍ ഒരാളാണ് ആനക്കൂട്ടത്തിന്റെ മുന്‍പില്‍ ചെന്നു പെട്ടത്.
വനപാലകനെ വെടിവച്ചിട്ട് കടന്നു കളഞ്ഞവരെ അന്വേഷിക്കുന്നതിനിടെയിലാണ് ആനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് കിടന്ന വേട്ടക്കാരനെ വനപാലകര്‍ കണ്ടെത്തുന്നത്. കയ്യും കാലും ഒടിഞ്ഞ നിലയില്‍ മരണാസന്നനായിരുന്നു ഇയാള്‍. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി. വനപാലനെ വെടി വച്ച സംഘത്തിലെ അംഗമാണ് താനെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച രാത്രിയാണ് വേട്ടക്കാരും ദക്ഷിണാഫ്രിക്കന്‍ വന്യജീവി വകുപ്പിന്റെ ദ്രുതകര്‍മ്മ സേനയും തമ്മില്‍ ഏറ്റു മുട്ടിയത്. തുടര്‍ന്ന് കാട്ടിലേക്കോടിയ ഇയാള്‍ വഴി തെറ്റി അലയുന്നതിനിടെയാണ് ആനക്കൂട്ടത്തിന്റെ മുന്നിലെത്തിയത്. ആനക്കൂട്ടം ഇയാളെ ആക്രമിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വനപാലകര്‍ ഇയാളെ കണ്ടെത്തി. ഇല്ലെങ്കില്‍ സാരമായി പരിക്കേറ്റ ഇയാള്‍ മരണപ്പെടുമായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കാണ്ടാമൃഗങ്ങളെ വേട്ടയാടാനെത്തിയ മൂന്നംഗ വേട്ടസംഘത്തെ സിംഹങ്ങള്‍ കൊന്നു തിന്നത്. ഒരു മാസം മുന്‍പ് വേട്ടക്കാരനായ ബ്രിട്ടിഷ് പൗരനെ കാണ്ടാമൃഗം ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha