മുന്ഭാര്യയ്ക്ക് ജീവനാംശം നല്‍കിയത് നാണയങ്ങളായി, എണ്ണിത്തീര്‍ക്കാനാകാതെ കോടതി കേസ് മാറ്റി!
ഒരു വിവാഹ മോചന കേസ് പരിഗണിക്കുകയായിരുന്നു പഞ്ചാബ്-ഹരിയാന ഹൈക്കോടതി. എന്നാല്‍ ചൊവ്വാഴ്ച തീര്‍പ്പാകേണ്ട കേസ് ജൂലായ് 27-ലേക്ക് മാറ്റാന്‍ സെഷന്‍സ് ജഡ്ജി രജനിഷ് കെ ശര്‍മ നിര്‍ബന്ധിതനായി. കാരണം മറ്റൊന്നുമല്ല, ജീവനാംശമായി കോടതിയിലെത്തിയ തുക എണ്ണിത്തിട്ടപ്പെടുത്താന്‍ ഒരാഴ്ച വേണമായിരുന്നു.
മുന്‍ ഭാര്യയ്ക്ക് നല്‍കേണ്ട 24,600 രൂപയാണ് അഭിഭാഷകനായ ഭര്‍ത്താവ് ജീവനാംശമായി കോടതിയിലെത്തിച്ചത്. ഒരു രൂപയുടെയും രണ്ടു രൂപയുടെയും നാണയങ്ങളായിട്ടായിരുന്നു ഈ തുക മുഴുവന്‍. ഇത് എണ്ണിത്തിട്ടപ്പെടുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഇതു തിരിച്ചറിഞ്ഞാണ് കോടതി കേസ് മാറ്റിയത്.
നല്‍കാനുണ്ടായിരുന്ന രണ്ടു മാസത്തെ ജീവനാംശമായി 50,000 രൂപ നല്കാന് കോടതി വിധിച്ചത് രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ്. അപ്പോഴാണ് ഒരു ബാഗ് നിറയെ നാണയങ്ങള്‍ ഭര്‍ത്താവ് കോടതിയില്‍ സമര്‍പ്പിച്ചത്.
2015-ല്‍ ആണ് വിവാഹമോചന കേസ് ഫയല്‍ ചെയ്യപ്പെട്ടത്. ജീവനാംശമായി മാസംതോറും 25,000 രൂപ നല്‍കണമെന്ന് കേസ് തീര്‍പ്പാക്കിക്കൊണ്ട് കോടതി വിധിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം കിട്ടാതായതോടെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. ജീവനാംശം നല്‍കാനുള്ള പണം തന്റെ പക്കലില്ലെന്ന് ഭര്‍ത്താവ് കോടതിയില്‍ വാദിച്ചു. എന്നാല്‍ വലിയ കേസുകള്‍ വാദിക്കുന്ന ഏറെ വരുമാനമുള്ള അഭിഭാഷകനാണ് ഭര്‍ത്താവെന്നും നിരവധി സ്വത്തുവകകള്‍ സ്വന്തം പേരിലുണ്ടെന്നും ഭാര്യ കോടതിയില്‍ ചൂണ്ടിക്കാട്ടി.
തനിക്ക് പണത്തിന് വളരെയേറെ അത്യാവശ്യമുണ്ടെന്ന് ഭാര്യ പറഞ്ഞു. നിരവധി തവണ കോടതിയില്‍ കേസ് പരിഗണിച്ചതിനു ശേഷമാണ് ഒടുവില്‍ വിധി വന്നത്. അനുകൂല വിധി ലഭിച്ചപ്പോള്‍ ഒരു ബാഗ് നിറയെ നാണയങ്ങളാണ് ലഭിച്ചത്. ഇതുകൊണ്ട് എന്തുചെയ്യും? തന്നെ ബുദ്ധിമുട്ടിക്കാനും പീഡിപ്പിക്കാനുമുള്ള മാര്‍ഗമായാണ് മുന്‍ ഭര്‍ത്താവ് ഇങ്ങനെ ചെയ്തതെന്ന് ഭാര്യ പരിതപിച്ചു.
എന്നാല്‍, താന്‍ ചെയ്തതില്‍ തെറ്റൊന്നുമില്ലെന്ന നിലപാടാണ് ഭര്‍ത്താവിന്റേത്. കോടതിയില്‍ കെട്ടിവെക്കേണ്ട പണം 100, 500, 2,000 രൂപ നോട്ടുകളായി നല്‍കണമെന്ന് എവിടെയും എഴുതിവെച്ചിട്ടില്ല. കോടതില്‍ നല്കിയ പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിന് തന്റെ രണ്ട് ജൂനിയര്‍ അഭിഭാഷകരെ വിട്ടുനല്‍കുകയും ചെയ്തുവെന്ന് അദ്ദേഹം പറയുന്നു. നാനൂറ് രൂപ , നൂറു രൂപയുടെ നാലു നോട്ടുകളായി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha