വരയന്‍ കുതിര വിയര്‍ത്ത് കഴുതയായി!
കറുമ്പിപ്പശുവിന് പെയിന്റടിച്ച് വെള്ളപ്പൂവാലിപ്പശുവാക്കുന്ന വിദ്യയൊക്കെ സിനിമയില്‍ പലതവണ അരങ്ങേറിയിട്ടുള്ളതാണ്. ഈജിപ്തിലെ ഒരു മൃഗശാലാ അധികൃതര്‍ ഇതിലും വലിയ ഒരു തട്ടിപ്പ് യഥാര്‍ത്ഥ ജീവിതത്തില്‍ പയറ്റിനോക്കി. പക്ഷേ, അമ്പേ പാളിപ്പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ!
കെയ്‌റോയില്‍ പുതുതായി ആരംഭിച്ച കെയ്‌റോസ് ഇന്റര്‍നാഷണല്‍ ഗാര്‍ഡന്‍ മുനിസിപ്പല്‍ പാര്‍ക്കിലാണ് സംഭവം. കഴുതയ്ക്ക് പെയിന്റടിച്ച് വരയന്‍ കുതിരയാക്കി പ്രദര്‍ശിപ്പിക്കുക ആയിരുന്നു. വിയര്‍പ്പില്‍ 'വരയന്‍ കുതിര'യുടെ മുഖത്തെ വരകള്‍ മങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു വിദ്യാര്‍ഥി അതിന്റെ ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു.
ഈ ചിത്രം വിവാദമായതോടെ വിശദീകരണവുമായി മൃഗശാല അധികൃതര്‍ രംഗത്തെത്തി. തങ്ങളുടെ പാര്‍ക്കില്‍ വരയന്‍ കുതിരയില്ലെന്നും തെറ്റിദ്ധാരണയുണ്ടാക്കിയ ജീവനക്കാര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ടെന്നും അവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
2009-ല്‍ ഗാസയിലും സമാനരീതിയിലുള്ള തട്ടിപ്പ് നടന്നിരുന്നു. പട്ടിണി മൂലം രണ്ടു വരയന്‍ കുതിരകള്‍ ചത്തതു മറച്ചുവയ്ക്കാന്‍ രണ്ടു കഴുതകളെ വരയന്‍ കുതിരയാക്കി ആയിരുന്നു അന്നത്തെ തട്ടിപ്പ്.
https://www.facebook.com/Malayalivartha