വയസ്സ് 85 ആയല്ലോ...എന്നാല്‍ ഇനി വെയിറ്റ് ലിഫ്റ്റിംഗ് പരിശീലിച്ചേക്കാം...മണിപ്പൂരിലെ രൂപോബതി ചിന്തിച്ചത് ഇങ്ങനെയാണ്!
കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു 86-കാരി മുത്തശ്ശിയുടെ പ്രകടനം കണ്ട് കാണികളൊക്കെ അന്തംവിട്ടു. 72 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച രൂപോബതി 50 കിലോ പുഷ്പം പോലെയാണ് ഉയര്‍ത്തിയത്. ഭാരം പൊക്കിയ ശേഷം കാല്‍മുട്ടില്‍ ചെറിയൊരു വേദന വന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ലെന്ന് രൂപോബതി പറയുന്നു.
ചെറുപ്പത്തിലേ അത്‌ലറ്റിക്‌സില്‍ മികവ് തെളിയിച്ചെങ്കിലും ഇംഫാലില്‍ നിന്നുള്ള ഈ മുത്തശ്ശി കഴിഞ്ഞ വര്‍ഷം, 85-ാം വയസ്സിലാണ് പവര്‍ ലിഫ്റ്റിംഗ് പരിശീലിക്കാന്‍ തുടങ്ങിയത്. അത്‌ലറ്റിക്‌സ് വേദികളില്‍ നിന്ന് പരിചയപ്പെട്ട കൂട്ടുകാരി സുശീലയായിരുന്നു രൂപോബതിയുടെ വഴികാട്ടി.
മണിപ്പൂരിലെ ഇംഫാലില്‍ ജനിച്ചു വളര്‍ന്ന രൂപോബതി അഞ്ചാം വയസ്സ് മുതല്‍ കായിരംഗത്ത് സജീവമാണ്. ടിസി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഓട്ടം, ചാട്ടം, ഹര്‍ഡില്‍സ്, ഷോട്ട് പുട്ട് എന്നിങ്ങനെ കൈവയ്ക്കാത്ത മേഖലകളില്ല. മണിപ്പൂര്‍ സംസ്ഥാന ടീമിനെ പ്രതിനിധീകരിച്ച് ദേശീയ തലത്തില്‍ മത്സരങ്ങളില്‍ പങ്കെടുത്തു. 1949-ല്‍ 17-ാം വയസ്സില്‍ വിവാഹം കഴിഞ്ഞതോടെ കുറച്ചുകാലം ട്രാക്കും ഫീല്‍ഡും രുപോബതിക്ക് മറക്കേണ്ടി വന്നു. കോ ഓപ്പറേറ്റീവ് ബാങ്കിലെ ഉദ്യോഗസ്ഥന്‍ 32-കാരനായ ഗോയ്ഡുവായിരുന്നു രൂപോബതിയുടെ വരന്‍.
15 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടെങ്കിലും തന്റെ ആഗ്രഹങ്ങള്‍ മനസ്സിലാക്കാന്‍ ഗോയ്ഡുവിന് കഴിഞ്ഞിരുന്നുവെന്ന് മണിപ്പൂരി കലര്‍ന്ന ഹിന്ദിയില്‍ രൂപോബതി പറയുന്നു. ഇംഫാലിലെ പ്രൈമറി സ്‌കൂളില്‍ ടീച്ചറായ രൂപോബതി വീണ്ടും ഗ്രൗണ്ടിലെത്തിയത് ഗോയ്ഡുവിന്റെ പിന്തുണയോടെയായിരുന്നു. അവിടെയുള്ള കുട്ടികളെ അത്‌ലറ്റിക്‌സിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കുന്നതായിരുന്നു രൂപോബതിയ്ക്ക് ചെയ്യാന്‍ ഏറ്റവും പ്രിയമുള്ള കാര്യം.
https://www.facebook.com/Malayalivartha