എയര്‍ഹോസ്റ്റസ് ആയ അമ്മയുടെ റിട്ടയര്‍മെന്റ്ദിനത്തിലെ വിമാനം പറത്തിയത് മകള്‍!
അന്ന് എയര്‍ ഇന്ത്യയുടെ ഫ്‌ലൈറ്റ് അര്‍ഷിത പറത്തിയപ്പോള്‍ അമ്മയുടെ സ്വപ്നം സഫലമാക്കിയ സന്തോഷമായിരുന്നു അവളുടെ മനസ്സില്‍.
നീണ്ട 38 വര്‍ഷമായി എയര്‍ ഇന്ത്യയില്‍ എയര്‍ഹോസ്റ്റസ് ആയി ജോലിചെയ്യുകയായിരുന്നു അര്‍ഷിതയുടെ അമ്മ പൂജ. ദീര്‍ഘനാളായുള്ള അമ്മയുടെ സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ടാണ് അമ്മയുടെ റിട്ടയര്‍മെന്റ് ദിനം മകള്‍ അവിസ്മരണീയമാക്കിയത്.
ഫ്‌ലൈറ്റ് ക്രൂവിനൊപ്പം നില്‍ക്കുന്ന അമ്മയുടെ സുന്ദരചിത്രം പങ്കുവച്ചുകൊണ്ടുള്ള അര്‍ഷിതയുടെ ട്വീറ്റിലൂടെയാണ് ആരേയും കൊതിപ്പിക്കുന്ന ഒരു യാത്രയയപ്പ് കഥയെക്കുറിച്ച് ലോകമറിഞ്ഞത്. പൈലറ്റായ മകള്‍ പറത്തുന്ന ഫ്‌ലൈറ്റില്‍ ജോലിചെയ്തുകൊണ്ടാവണം തന്റെ കരിയര്‍ അവസാനിപ്പിക്കേണ്ടത് എന്ന ആഗ്രഹം പൂജയ്ക്കുണ്ടായിരുന്നു. ആഗ്രഹം പോലെ തന്നെ തന്റെ റിട്ടയര്‍മെന്റ് ദിവസം മകള്‍ പറത്തുന്ന ഫ്‌ലൈറ്റില്‍ ജോലിചെയ്യാന്‍ പൂജയ്ക്ക് അവസരം ലഭിച്ചു.
അമ്മയുടെ ആഗ്രഹം സാക്ഷാത്കരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കരിയറില്‍ അമ്മയുടെ പാരമ്പര്യം താന്‍ പിന്തുടരുമെന്നും പറഞ്ഞുകൊണ്ടാണ് അര്‍ഷിത ട്വീറ്റ് ചെയ്തത്. ഫ്‌ലൈറ്റ് ക്യാപ്റ്റന്‍ പരേഷ് നെരൂര്‍ക്കറിന്റെ വാക്കുകളിലൂടെയാണ് അതിമനോഹരമായ ഒരു യാത്രയയപ്പിന്റെ കഥ യാത്രക്കാര്‍ അറിഞ്ഞത്. എയര്‍ലൈനില്‍ നിന്നും പ്രത്യേകമായി അനുമതി വാങ്ങിയാണ് അന്ന് അമ്മയുടെ ഫ്ലൈറ്റില്‍ പൈലറ്റായി എത്തിയത്. സംഭവമറിഞ്ഞ പലരും വികാരനിര്‍ഭരമായ യാത്രയയപ്പാണ് പൂജയ്ക്ക് നല്‍കിയത്.
1980-ലാണ് തനിക്ക് എയര്‍ ഇന്ത്യയില്‍ ജോലി ലഭിച്ചതെന്നും അന്ന് രണ്ടു വനിതാ പൈലറ്റ്‌സ് മാത്രമാണ് ഉണ്ടായിരുന്നതെന്നും പൂജ അനുസ്മരിച്ചു. തനിക്കൊരു മകള്‍ പിറന്നാല്‍ അവളെ പൈലറ്റ് ആക്കണമെന്ന് അന്ന് തീരുമാനിച്ചതാണെന്നും പൂജ പറയുന്നു.
പൂജയുടെ മകള്‍ അര്‍ഷിത ജോലിയില്‍ പ്രവേശിച്ചിട്ട് രണ്ടുവര്‍ഷമേ ആകുന്നുള്ളൂ. എയര്‍ഇന്ത്യ തനിക്ക് കുടുംബം പോലെയാണെന്ന് പറയുന്ന അര്‍ഷിത താന്‍ അമ്മയുടെ പാരമ്പര്യം തുടരുമെന്ന് ഉറപ്പിച്ചു പറയുന്നു. ഫ്‌ലൈറ്റ് ഡെക്കില്‍ ഇനി അമ്മയുടെ ശബ്ദം കേള്‍ക്കാന്‍ സാധിക്കില്ല എന്നതാണ് അര്‍ഷിതയുടെ ഇപ്പോഴത്തെ സങ്കടം.
https://www.facebook.com/Malayalivartha