കുറ്റം തെളിഞ്ഞാല്‍ മദ്യം പിഴയായി നല്‍കിയാല്‍ മതി, ഇന്ത്യയിലെ ഒരു ഗ്രാമത്തിലെ വിചിത്ര നിയമങ്ങളില്‍ ഒന്നാണിത്!
പല ഇന്ത്യന്‍ ഗ്രാമങ്ങളിലും കോടതികള്‍ അല്ലാതെ നാട്ട്കൂട്ടം ശിക്ഷ വിധിക്കുന്ന പതിവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഝാര്‍ഖണ്ഡിലെ ചല്‍ക്കരി വില്ലേജിലെ രീതികള്‍ അതിനൊരു ഉദാഹരണമാണ്. തെറ്റുകുറ്റങ്ങള്‍ക്ക് ഇവിടെ ഇപ്പോഴും തീര്‍പ്പു കല്‍പ്പിക്കുന്നത് നാട്ടുകൂട്ടമാണ്. ഇവിടുത്തെ പിഴകള്‍ക്കൊരു പ്രത്യേകതയുണ്ട്. എന്ത് കുറ്റം തെളിയിക്കപ്പെട്ടാലും പിഴയായി നല്‍കേണ്ടത് മദ്യമാണ്. ബിര്‍ഹോര്‍ ഗോത്ര വിഭാഗത്തില്‍ പെടുന്ന ആളുകള്‍ക്കിടയിലാണ് ഇത്തരത്തില്‍ ഒരു പിഴ നിലനില്‍ക്കുന്നത്.
കഴിഞ്ഞ ആഴ്ച ദാലു ബിര്‍ഹോര്‍ എന്നയാള്‍ അയല്‍വാസിയുമായി വഴക്കുണ്ടാക്കി. കേസ് കേട്ട് കഴിഞ്ഞ് ഗ്രാമത്തിലെ തലവന്‍ പറഞ്ഞത്, ദാലു ബിര്‍ഹോര്‍ കുറ്റക്കാരനാണെന്നാണ്. അതിനാല്‍ രണ്ട് കുപ്പി ഹരിയ എന്ന മദ്യം പിഴ അടയ്ക്കാനും നിര്‍ദ്ദേശിച്ചു. ഗ്രാമത്തിലെ പൂര്‍വ്വികര്‍ കൊണ്ടു വന്ന നിയമം ഇപ്പോഴും ഈ തലമുറയിലുള്ളവരും പിന്‍തുടര്‍ന്നുവരുന്നുണ്ടെന്ന് തോപ്ചാചി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ വിജയ് കുമാര്‍ വ്യക്തമാക്കി.
ബിര്‍ഹോര്‍ സമുദായത്തിലെ ആളുകള്‍ പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കോടതിയിലൊന്നും പോകാറില്ല. അവര്‍ അവരുടെ സമുദായ നേതാക്കളെ തന്നെ പ്രശ്‌നപരിഹാരത്തിന് സമീപിക്കും. ഈ വിധി പ്രഖ്യാപിക്കുമ്പോള്‍ അതിനെ ആരും എതിര്‍ക്കാറില്ല. അടിപിടിക്ക് രണ്ട് കുപ്പി മദ്യമാണ് പിഴ, മോഷണ കുറ്റമാണെങ്കില്‍ അഞ്ച് കുപ്പി മദ്യം, അതിലും വലിയ കുറ്റമാണെങ്കില്‍ പത്ത് കുപ്പി എന്ന നിലയിലാണ് പിഴ അടയ്‌ക്കേണ്ടത്.
''ഗ്രാമത്തില്‍ പൊലീസുകാരുടെ ആവശ്യം ഇല്ല. കഴിഞ്ഞ 65 വര്‍ഷങ്ങളായി ഇവിടെ ഒരു പൊലീസുകാരും വന്നിട്ടില്ല. പ്രശ്‌നങ്ങളെല്ലാം ഞങ്ങള്‍ തന്നെ പരിഹരിക്കുകയാണ് പതിവ്'' വിജയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ 70 കുടുംബങ്ങളാണ് ഗ്രാമത്തിലുള്ളത്. വന്യമൃഗങ്ങളെ വേട്ടയാടുന്നതും നിരോധിച്ചിരിക്കുകയാണ് ഈ ഗ്രാമത്തില്‍. അരി, വെള്ളം, കാട്ടുചെടികള്‍ എന്നിവ കൊണ്ടാണ് ഹരിയ എന്ന മദ്യം ഉണ്ടാക്കുന്നത്. സമുദായത്തിലെ എല്ലാ കുടുംബവും വീട്ടില്‍ ഈ മദ്യം ഉണ്ടാക്കാറുണ്ട്. ഒരുമാസം മുന്‍പ് മോഷണ കുറ്റം ചുമത്തിയ 18-കാരനായ രാഖ ബിര്‍ഹോറിക്ക് രണ്ട് കോഴിയും മൂന്ന് കുപ്പി മദ്യവുമാണ് പിഴയായി നല്‍കേണ്ടി വന്നത്.
https://www.facebook.com/Malayalivartha