നാലായിരം വിഐപി-കളോടൊത്ത് ഫോട്ടോയെടുത്തിട്ടുള്ള അജയകുമാര്‍, നാലായിരാമത്തെ വി ഐ പി എഴുത്തുകാരി ഇര്‍മ മക്ലൗര്‍
വിവിധ മേഖലകളില്‍ വിഐപികളായ വ്യക്തികളോടൊപ്പം നിന്ന് ചിത്രമെടുത്ത് സൂക്ഷിക്കുന്നത് വടക്കഞ്ചേരി ക്ഷീരസംഘത്തിലെ സീനിയര്‍ ക്ലാര്‍ക്കായ അജയകുമാറിന് ഒരു ഹരമായിരുന്നു. അങ്ങനെ ചിത്രമെടുത്ത് ചിത്രമെടുത്ത് ഒപ്പം നിന്ന് ചിത്രമെടുത്തിട്ടുള്ള വി ഐ പി-കളുടെ എണ്ണം 3999 ആയി.
അപ്പോഴാണ് അജയകുമാറിന് ഒരു പ്രത്യേക മോഹം മുളച്ചത്. നാലായിരാമത്തെ വി ഐ പി, പ്രമുഖ എഴുത്തുകാരിയും ആക്ടിവിസ്റ്റും നരവംശ ശാസ്ത്രജ്ഞയുമായ ഇര്‍മ മക്ലൗര്‍ ആയിരിക്കണം എന്നായിരുന്നു ആ മോഹം. ആഫ്രിക്കയില്‍ നിന്നുള്ള ഇവര്‍ പ്രാന്തവത്കൃതരുടെ ശബ്ദമെന്നാണ് അറിയിപ്പെടുന്നത്. ഇര്‍മ മക്ലൗറിന്റെ പ്രധാന കൃതികളിലൊന്ന് ബ്ലാക്ക് ഫെമിനിസ്റ്റ് ആന്ത്രോപോളജി എന്നതാണ്.
മനസില്‍ കൊണ്ടുനടന്നിരുന്ന ആഗ്രഹം അതേപടി സഫലമായതിന്റെ അതിരില്ലാ സന്തോഷത്തിലാണ് അജയകുമാര്‍ ഇപ്പോള്‍. കേരള സാഹിത്യഅക്കാദമി തൃശൂര്‍ ശ്രീ കേരളവര്‍മ കോളജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ സഹകരണത്തോടെ സാഹിത്യഅക്കാദമി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംവാദവേദിയിലാണ് ഇര്‍മ മക്ലൗറിനുമായി ചങ്ങാത്തത്തിന് അജയകുമാറിന് അവസരം ലഭിച്ചത്. അങ്ങനെ വര്‍ണവിവേചനത്തിനും ലിംഗ അനീതികള്‍ക്കുമെതിരേ പോരാടുന്ന ലോകപ്രശസ്ത ഇര്‍മ മക്ലൗറിനൊപ്പംനിന്ന് ഫോട്ടോയെടുത്ത് അജയകുമാര്‍ വിഐപിയുടെ മഹാശൃംഖല നാലായിരം തികച്ചു.
ഇത്തരത്തില്‍ ഒറ്റപ്പെട്ട തരം വിഐപികളെ കണ്ടെത്തി അവര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും ചെറുവിവരണവും സൂക്ഷിച്ചുവയ്ക്കുകയാണ് കണ്ണമ്പ്ര പാറക്കല്‍ അജയകുമാറിന്റെ ഹോബി. ഇതിനാല്‍ സമൂഹത്തിലെ നാനാതുറകളിലുള്ള നിരവധിപേര്‍ 56-കാരനായ അജയകുമാറിന്റെ സ്‌നേഹവലയത്തിലുണ്ട്.
ഫോട്ടോഗ്രാഫിയിലുള്ള കമ്പവും വിഐപികളെ അടുത്തറിയാനുള്ള ആഗ്രഹവുമാണ് ഈ സാഹസങ്ങള്‍ക്കെല്ലാം പിന്നില്‍. കൊന്നഞ്ചേരിയിലെ വേണുഗോപാലനാണ് വിഐപികളെ തേടിയുള്ള യാത്രയിലെ അജയകുമാറിന്റെ സഹായി.
അജയകുമാറിന്റെ ചങ്ങാത്തകൂട്ടില്‍ കയറിക്കൂടാന്‍ ജാതിയോ മതമോ രാഷ്ട്രീയമോ ദേശാന്തരങ്ങളോ തടസമല്ല. ശരിക്കുള്ള വിഐപിയാകണമെന്ന് മാത്രം. 30 വര്‍ഷം പിന്നിട്ട ഈ യാത്ര തുടരാന്‍ തന്നെയാണ് അജയകുമാറിന്റെ തീരുമാനം.
https://www.facebook.com/Malayalivartha