ആ അമ്മത്തിമിംഗലം കുഞ്ഞിന്റെ ജഡം മാറോടണച്ച് നടന്നത് 17 ദിവസം!
ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയ്ക്ക് സമീപംവച്ച് ആ അമ്മത്തിമിംഗലം കുഞ്ഞിനു ജന്മം നല്‍കിയത് 17 മാസത്തെ കാത്തിരിപ്പിനൊടുവിലാണ്. എന്നാല്‍ ജനിച്ച് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ആ കുഞ്ഞ് മരിച്ചു. അതിനു കാരണമെന്തെന്ന് ഇതുവരെ ഗവേഷകര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കുഞ്ഞിന്റെ ജീവനറ്റെന്ന് ബോധ്യമായെങ്കിലും ശരീരം ഉപേക്ഷിച്ചുപോകാന്‍ കൂട്ടാക്കാതെ, ഭക്ഷണം പോലും കഴിക്കാതെ ആ അമ്മ കുഞ്ഞിന്റെ ശരീരം തന്റെ തലയില്‍ ചുമന്ന് വെള്ളത്തിനു മുകളില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഏകദേശം രണ്ടാഴ്ചയ്ക്കു മുമ്പാണ് ജീവനറ്റ കുഞ്ഞിന്റെ ശരീരവും ചേര്‍ത്തുപിടിച്ച് നീന്തുന്ന കൊലയാളിത്തിമിംഗലത്തിന്റെ കരളലിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.
ഏതാനും വര്‍ഷങ്ങളായി കുഞ്ഞുങ്ങളുടെ മരണനിരക്ക് റിക്കാര്‍ഡ് നിരക്കിലാണെന്ന് തിമിംഗല ഗവേഷകനായ കെന്‍ ബാല്‍ കംപ് പറയുന്നു. കുഞ്ഞുങ്ങളോട് ഏറെ അടുപ്പമുള്ളവയാണ് കൊലയാളിത്തിമിംഗലങ്ങള്‍. ജനിച്ചുവീണ ഉടന്‍ കുഞ്ഞുങ്ങള്‍ മരണമടയാറുമുണ്ട്. അത്തരം സാഹചര്യങ്ങളില്‍ ഏതാനും ദിവസം മാതാപിതാക്കള്‍ കുഞ്ഞുങ്ങളുടെ ശരീരത്തിനടുത്തു നിലയുറപ്പിക്കാറുമുണ്ട്. എന്നാല്‍, ഇത് റിക്കാര്‍ഡ് ആണെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഏതായാലും 17 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ അമ്മ കുഞ്ഞിന്റെ ജഡം വിട്ടുകളഞ്ഞു.
https://www.facebook.com/Malayalivartha