നെഹ്‌റു ട്രോഫിക്കായുള്ള പരിശീലന തുഴച്ചിലിനിടയില്‍ വള്ളങ്ങള്‍ കൂട്ടിയിടിച്ചു, രണ്ട് വള്ളങ്ങള്‍ക്കും കേടുപാട്
നെഹ്‌റു ട്രോഫി മത്സരവള്ളംകളിക്കായുള്ള പരിശീലന തുഴച്ചില്‍ കുമരകം മുത്തേരിമടയാറ്റില്‍ നടക്കുന്നതിനിടെ ശിക്കാര വള്ളത്തിലിടിച്ച് ചുണ്ടന്‍വള്ളത്തിന്റെ ചുണ്ട് ഒടിഞ്ഞു.
ഞായറാഴ്ച വൈകുന്നേരം 4.30-നാണ് സംഭവം. കുമരകം നവധാര ബോട്ട് ക്ലബ് തുഴയുന്ന കരുവാറ്റ ശ്രീവിനായകന്‍ ചുണ്ടന്‍ വള്ളമാണ്, പരിശീലനം കാണാനെത്തിയവരുമായി വന്ന ശിക്കാരവള്ളവുമായി കൂട്ടിയിടിച്ചത്.
അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. അതേ സമയം ചുണ്ടന്റെ, പിച്ചളയില്‍ നിര്‍മിച്ച ചുണ്ട് പലക തുളച്ച് ബോട്ടിന്റെ ഉള്ളിലേക്ക് കയറി , ശിക്കാര ബോട്ടിനു കേടുപാട് സംഭവിക്കുകയും ചുണ്ടന്‍ വള്ളത്തിന്റെ ചുണ്ട് ഒടിയുകയും ചെയ്തു.
പരിശീലന ട്രാക്കിലൂടെ ഫിനിഷിംഗ് പോയിന്റിലേക്ക് തുഴ മുറുക്കി അതിവേഗത്തില്‍ ചുണ്ടന്‍ വള്ളം കുതിച്ചെത്തിയപ്പോള്‍ മുത്തേരിമടയാറിന്റെ പടിഞ്ഞാറെ കരയില്‍ നിന്നും കിഴക്കേ കരയിലേക്ക് ശിക്കാരവള്ളം തോടു മുറിച്ച് കടന്നതാണ് അപകടത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha