ചങ്ക് ബ്രോസ് വീണ്ടുമെത്തി ഹാട്രിക് തികച്ചു!
പെരിയാര്‍ കൂലംകുത്തി ഒഴുകുന്നത് കാണുവാന്‍ അവര്‍ വീണ്ടുമെത്തി. 1981-ലും 1992-ലും ചെറുതോണി അണക്കെട്ടില്‍നിന്നു വെള്ളം തുറന്നുവിട്ടത് കണ്ടവരാണ് ഉറ്റസുഹൃത്തുക്കളായ സെബാസ്റ്റ്യനും പാപ്പച്ചനും.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും മുളകവള്ളിയില്‍നിന്നും ഓട്ടോ വിളിച്ചാണ് കൃഷിപ്പണിക്കാരായ രണ്ടു പേരും തടിയമ്പാട് ചപ്പാത്ത് ഭാഗത്തെത്തി. കാഴ്ചയുടെ ഹാട്രിക് തികയ്ക്കാന്‍. മൂന്നാം വട്ടവും അണക്കെട്ട് തുറന്നത് കാണാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം രണ്ടു പേരിലും ഉണ്ടായിരുന്നു.
പാലായില്‍നിന്ന് ഇടുക്കിയിലേക്ക് എത്തിയവരാണ് രണ്ടുപേരും. ഇവിടെ നിന്നാണ് സൗഹൃദം തുടങ്ങിയതെന്നും മുളകുവള്ളി പാലറ കരോട്ട് പാപ്പച്ചന്‍ പറയുന്നു.
മഞ്ഞപ്പാറ കൊച്ചുകരോട്ട് സെബാസ്റ്റ്യന്‍ ഇപ്പോള്‍ അണക്കെട്ട് ഇരിക്കുന്നതിന്റെ മുകള്‍ഭാഗത്ത് കൃഷി ഇറക്കിയിട്ടുള്ള ആളുകൂടിയാണ്. വെള്ളാപ്പാറയില്‍നിന്നു തടിവെട്ടി ഇറക്കിപ്പോയപ്പോഴാണ് സര്‍ക്കാരില്‍നിന്നു സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയത്. കപ്പയും നെല്ലുമായിരുന്നു പ്രധാന കൃഷി.
മുന്‍ വര്‍ഷങ്ങളില്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നപ്പോള്‍ ധാരാളം മീന്‍ പിടിച്ചിരുന്നു. ഇക്കുറി മീന്‍ വളരെ കുറവാണെന്നും അവര്‍ പറഞ്ഞു. മീന്‍ പിടിക്കാന്‍ നിരോധനമുള്ളതില്‍ ചെറിയ നിരാശയും അവര്‍ പങ്കുവെച്ചു. ഗോള്‍ഡ് ഫിഷ്, കറ്റി, കുയില്‍, മനഞ്ഞില്‍, ചേറുമീന്‍ എന്നീ മീനുകളായിരുന്നു പിടിച്ചതില്‍ ഏറെയും.
കഴിഞ്ഞ ആഴ്ച അണക്കെട്ട് തുറന്നിരുന്നെങ്കില്‍ പ്രതിസന്ധി ഇത്ര രൂക്ഷമാകുകയില്ലായിരുന്നെന്നും അവര്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha