ഹെലികോപ്ടറില്‍ എത്തി, രക്ഷിച്ച നേവി സംഘം അമ്മയ്ക്കും കുഞ്ഞിനും സമ്മാനങ്ങളുമായി വീണ്ടുമെത്തി!
നിറവയറോടെ പ്രളയക്കെടുതിയില്‍ കുടുങ്ങിയ യുവതിയെ അതിസാഹസികമായി ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തിയതും നിമിഷങ്ങള്‍ക്കകം യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതും വലിയ വാര്‍ത്തയായിരുന്നു.
ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തിയ പൂര്‍ണ ഗര്‍ഭിണിയായ കളത്തിങ്ങല്‍ സാജിദ ജബീലിനെ നേവല്‍ ബേസ് ആശുപത്രിയിലാണ് എത്തിച്ചത്. അന്ന് ഉച്ചയോടെ സാജിദ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
തുടര്‍ന്നും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന മലയാളി കമാന്‍ഡര്‍ വിജയ് വര്‍മ്മയുടെ നേതൃത്വത്തിലുള്ള നേവി സംഘം ഇന്നലെയാണ് തങ്ങള്‍ രക്ഷിച്ചെടുത്ത ആ പാല്‍പുഞ്ചിരി കാണാന്‍ ആശുപത്രിയിലെത്തിയത്. അമ്മയേയും കുഞ്ഞിനേയും സന്ദര്‍ശിക്കാനെത്തിയ അവര്‍ സമ്മാനങ്ങള്‍ കൊണ്ടു വരാന്‍ മറന്നില്ല.
ആലുവ ചെങ്ങമനാട്ടു കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് പൂര്‍ണ ഗര്‍ഭിണിയെ രക്ഷപ്പെടുത്തിയത്. ഒരേസമയം രണ്ടു ജീവന്‍ രക്ഷിക്കുക എന്നത് മാത്രമാണ് അന്ന് മനസിലുണ്ടായിരുന്നതെന്നും, ആ നിമിഷങ്ങള്‍ മറക്കാന്‍ കഴിയില്ലെന്നും മലയാളി കമാന്‍ഡര്‍ വിജയ് പറയുന്നു.
സാജിദ കുടുങ്ങിപ്പോയ കെട്ടിടം കണ്ടെത്താന്‍ ഏറെ പണിപ്പെട്ടിരുന്നു. ഡോ. മഹേഷിനെ ആദ്യം താഴെയിറക്കി. ഉടന്‍ ആശുപത്രിയിലേക്കു മാറ്റണമെന്നു ഡോക്ടര്‍ ആവശ്യപ്പെട്ടു. പൂര്‍ണ ഗര്‍ഭിണിയെ ഹെലികോപ്ടറില്‍ ഉയര്‍ത്തുന്നതില്‍ അല്‍പം അപകട സാധ്യത ഉണ്ടായിരുന്നു. എന്നാലും വേറെ ഒന്നും ആലോചിച്ചില്ലെന്നും വിജയ് പറയുന്നു.
സാജിദ ധൈര്യപൂര്‍വം തയാറാകുകയും നിര്‍ദേശങ്ങളെല്ലാം അക്ഷരംപ്രതി അനുസരിക്കുകയും ചെയ്തുവെന്നും രക്ഷാപ്രവര്‍ത്തക സംഘം വ്യക്തമാക്കി.
https://www.facebook.com/Malayalivartha