പ്രസവത്തിനായി മന്ത്രി, സൈക്കിള്‍ ചവിട്ടി ആശുപത്രിയില്‍ എത്തി!
പ്രസവത്തിന്റെ നാളുകള്‍ അടുക്കുമ്പോഴേക്കും സ്ത്രീകളോട് അരുതുകളുടെ നീണ്ട ലിസ്റ്റ് വയ്ക്കുന്ന പഴയ തലമുറയെ അത്ഭുതപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്.
പൂര്‍ണഗര്‍ഭിണിയായ ഒരു യുവതി പ്രസവത്തിനായെത്തിയത് സാധാരണ രീതിയിലൊന്നുമല്ല, കുറച്ചു സാഹസികമായാണ്. കന്നിപ്രസവത്തിന് പോകുന്നതിന്റെ യാതൊരു പിരിമുറുക്കങ്ങളുമില്ലാതെ കൂളായി സ്വയം സൈക്കിള്‍ ചവിട്ടി എത്തിയാണ് ആ യുവതി വ്യത്യസ്തയായത്. ന്യൂസീലന്‍ഡിലെ മന്ത്രിയായ ജൂലി ആന്‍സെന്ററാണ് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചത്.
വനിതാക്ഷേമ-ഗതാഗത വകുപ്പ് സഹമന്ത്രിയായ ജൂലി അറിയപ്പെടുന്ന സൈക്കിളിസ്റ്റ് കൂടിയാണ്. ജൂലി വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടിയാണ് ഓക്‌ലന്‍ഡ് സിറ്റി ഹോസ്പിറ്റലില്‍ അവര്‍ എത്തിയത്.
സഹായികളായവര്‍ക്ക് കാറിലിരിക്കാന്‍ ഇടമില്ലെന്ന് തോന്നിയതു കൊണ്ടാണ് താനും പങ്കാളിയും സൈക്കിളില്‍ പോകാന്‍ തീരുമാനിച്ചത്. അതെന്നെ വളരെ നല്ല മാനസികാവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്തു എന്നാണ് ജൂലി പിന്നീട് സമൂഹമാധ്യമത്തില്‍ കുറിച്ചത്. നാല്പത്തിരണ്ട് ആഴ്ച്ച ഗര്‍ഭിണിയായ ജൂലിയെ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.
അടുത്തിടെ ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആന്‍ഡേഴ്‌സണ്‍ ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ച് വിശ്രമം കഴിയും മുമ്പേ ജോലിയില്‍ തിരിച്ചെത്തി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. രാജ്യത്തിന്റെ ഉന്നത ഔദ്യോഗിക പദവിയില്‍ ഇരിക്കവേ പ്രസവിക്കുന്ന ലോകത്തിലെ രണ്ടാമത്തെ പ്രധാനമന്ത്രിയാണ് ജസീന്ത. ബേനസീര്‍ ഭൂട്ടോയാണ് ഔദ്യോഗിക പദവിയില്‍ വച്ചു കുഞ്ഞിനു ജന്മം നല്‍കിയ ആദ്യത്തെ വനിതാ നേതാവ്. അത് 1990-ല്‍ ആയിരുന്നു.
https://www.facebook.com/Malayalivartha