പാമ്പു പിടിത്തക്കാര്‍ക്ക് തിരക്കേറുന്നു
പ്രളയജലം ഇറങ്ങിയ വീടുകളില്‍നിന്ന് പാമ്പുപിടിക്കാന്‍ സഹായിക്കാമെന്ന് വൈല്‍ഡ്‌ലൈഫ് ആന്‍ഡ് റസ്‌ക്യു അസോസിയേഷന്റെ വാഗ്ദാനം. ഇതറിഞ്ഞ് ഭാരവാഹികള്‍ക്ക് വിളിയോടുവിളിയാണ്. വീടുകള്‍ക്കു പുറമെ വാഹനങ്ങള്‍, ഹോട്ടലുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം പാമ്പിനെ പിടിക്കുന്ന തിരക്കിലാണ് അസോസിയേഷന്‍ അംഗങ്ങള്‍.
ഒട്ടേറെ സ്ഥലങ്ങളില്‍നിന്നു കടുത്ത വിഷമുള്ള മൂര്‍ഖന്‍ പാമ്പുകളെ പിടികൂടിയിട്ടുണ്ട്. വെള്ളം കയറിയിരുന്ന ഹോട്ടലിന്റെ അടുക്കളയില്‍നിന്നും ഷോറൂമില്‍ പ്രദര്‍ശനത്തിനു വച്ച കാറിന്റെ ടയറിനിടയില്‍നിന്നും സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെ ഓഫിസില്‍നിന്നുമൊക്കെ മൂര്‍ഖനെ പിടിച്ചു.
മലപ്പുറത്തെ ഉപ്പൂടന്‍ റഹ്മാനു മാത്രം ഇന്നലെ വന്നത് നൂറ്റിയന്‍പതോളം വിളികളാണ്. സംഘടനയ്ക്കു വേണ്ടി തമിഴ്‌നാട്ടില്‍നിന്നെത്തി തിരുവനന്തപുരത്ത് തങ്ങുന്ന സംഘവും വിവിധ ജില്ലകളില്‍ സഹായത്തിനെത്തുന്നുണ്ട്. കേരളത്തില്‍നിന്നുള്ള 50 പേര്‍ സജീവമായി രംഗത്തുണ്ട്.
വാസസ്ഥലങ്ങളില്‍ വെള്ളം കയറിയതിനാല്‍ സുരക്ഷിതമായ സ്ഥലത്തേക്കു പാമ്പുകള്‍ നീങ്ങിക്കൊണ്ടിരിക്കും. വീടുകള്‍ വൃത്തിയാക്കുമ്പോഴാണ് പാമ്പുകടിക്ക് സാധ്യത കൂടുതല്‍. കുരുടി പോലെ വിഷമില്ലാത്ത പാമ്പുകളെയും ഉഭയജീവികളെയും തല്ലിക്കൊല്ലുന്നത് ഒഴിവാക്കണമെന്നും റഹ്മാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha