കായികഭ്രാന്തരായ ഇന്‍ഡൊനീഷ്യന്‍ മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞിന് പേരിട്ടു, 'ഏഷ്യന്‍ ഗെയിംസ്'!
കായികഭ്രാന്തന്മാരായ ഇന്‍ഡൊനീഷ്യന്‍ ദമ്പതികള്‍ തങ്ങളുടെ കുഞ്ഞിനിട്ട പേര് 'ഏഷ്യന്‍ ഗെയിംസ്'.
സ്വന്തം നാട്ടില്‍ ഇപ്പോള്‍ ലോകത്തെ രണ്ടാമത്തെ വലിയ കായികമേളയായ ഏഷ്യന്‍ ഗെയിംസ് അരങ്ങേറുന്നതിനൊപ്പം തങ്ങളുടെ പെണ്‍കുഞ്ഞും ഓര്‍മ്മിക്കപ്പെടാനാണ് യോര്‍ദാനിയ-ഡെന്നിവേര ദമ്പതികള്‍ കുഞ്ഞിന് 'ഏഷ്യന്‍ ഗെയിംസ്' എന്ന പേര് നല്‍കിയത്. കുഞ്ഞിന്റെ മുഴുവന്‍ പേര് 'ആബിദ ഏഷ്യന്‍ ഗെയിംസ്' എന്നാണ്.
ഇന്‍ഡൊനീഷ്യയിലെ പാലേംബാംഗില്‍ ഗെയിംസിന്റെ ഉദ്ഘാടനചടങ്ങ് നടന്നതിന്റെ കൃത്യം ഒരു മാസം മുമ്പായിരുന്നു കുഞ്ഞിന്റെ ജനനം. കുഞ്ഞിന്റെ പേരിന്റെ ആദ്യ ഭാഗം തങ്ങള്‍ ആദ്യമേ കണ്ടെത്തിയിരുന്നെന്നും എന്നാല്‍ പേരിന്റെ രണ്ടാം ഭാഗം എന്തായിരിക്കണമെന്ന കാര്യം മാത്രമാണ് തീര്‍പ്പാക്കാനുണ്ടായിരുന്നതെന്നും യോര്‍ദാനിയ ഡെന്നി പറഞ്ഞു.
ആബിദയെ കൂടാതെ യോര്‍ദാനിയ-ഡെന്നിവേര ദമ്പതികള്‍ക്ക് രണ്ടു കുട്ടികള്‍ കൂടിയുണ്ട്. കുഞ്ഞിന്റെ ജനനം ചരിത്രത്തിനൊപ്പം നിലനില്‍ക്കട്ടെയെന്നാണ് ഇവരുടെ ആഗ്രഹം.
വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രം സംഭവിക്കുന്ന ഒന്നാണ് ഇത്തരം കായികമാമാങ്കങ്ങള്‍. ഇക്കാരണത്താല്‍ തന്നെ പാലേംബാംഗിലെ ജനങ്ങള്‍ ഏഷ്യന്‍ ഗെയിംസ് ഒരു ആഘോഷമാക്കുകയാണ്. നഗരത്തിലെ മിക്കവാറും റെസ്‌റ്റോറന്റുകളില്‍ മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണമുണ്ട്.
വലുതാകുമ്പോള്‍ അവള്‍ക്ക് സ്‌പോര്‍ട്സാണ് താല്‍പ്പര്യമെങ്കില്‍ തങ്ങള്‍ അതിനെ പിന്തുണയ്ക്കുമെന്ന് അമ്മയായ വേര വ്യക്തമാക്കി. ഇന്‍ഡൊനീഷ്യക്കാര്‍ നന്നായി ബാഡ്മിന്റണ്‍ കളിക്കുന്നവരാണെന്ന് ഡെന്നി ഇതിനൊപ്പം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല വലുതാകുമ്പോള്‍ ആബിദയ്ക്ക് തന്റെ പേര് ഇഷ്ടപ്പെട്ടില്ലെങ്കില്‍ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha