വായിലാക്കിയ ചേരയെ വിടാതെ രാജവെമ്പാല ! കടുത്ത പോരാട്ടത്തിനൊടുവില്‍ വാവ സുരേഷിനു മുമ്പില്‍ കൂറ്റന്‍ രാജവെമ്പാല കീഴടങ്ങി!
വാവയുടെ കൈയടക്കത്തിനും ധൈര്യത്തിനും മുന്നില്‍, ആക്രമിക്കാന്‍ തിരിഞ്ഞ രാജവെമ്പാല പത്തിമടക്കി. വാവ പിടികൂടുന്ന 148-ാമത്തെ രാജവെമ്പാലയായിരുന്നു ഇന്നലെ ചെറുത്തുനില്‍പ്പിനു ശേഷം കീഴടങ്ങിയത്. പത്തനംതിട്ട സീതത്തോട്, സീതക്കുഴിയില്‍ വാര്യത്ത് രാജുവിന്റെ വീട്ടില്‍നിന്നുമാണ് വാവ സുരേഷ് 14 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്. മലവെള്ളത്തില്‍ എത്തിയതായിരിക്കാം പാമ്പ് എന്നാണ് നിഗമനം.
ഞായറാഴ്ച പള്ളിയില്‍ പോയി ഉച്ചയോടെ മടങ്ങിയെത്തിയപ്പോഴാണ് വീട്ടുകാര്‍ വിറകുപുരയില്‍ അപകടകാരിയായ കൂറ്റന്‍ രാജവെമ്പാലയെ കണ്ടത്. ഭയന്നുപോയ വീട്ടുകാര്‍ ഉടന്‍തന്നെ ഫോറസ്റ്റ് അധികൃതരുമായി ബന്ധപ്പെട്ടു. അവരാണ് വാവ സുരേഷിനെ വിവരം അറിയിച്ചത്. പ്രളയദുരിതത്തില്‍ അകപ്പെട്ട വീടുകള്‍ വൃത്തിയാക്കാനും മറ്റുമായി വാവ സുരേഷ് റാന്നി മേഖലയില്‍തന്നെ ഉണ്ടായിരുന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി.
രാജവെമ്പാലയെ കണ്ടെന്ന വിവരം കിട്ടിയതോടെ ഫോറസ്റ്റുകാര്‍ക്കൊപ്പം വൈകുന്നേരം നാലോടെ വാവ സ്ഥലത്തെത്തി. വാര്‍ത്ത പ്രചരിച്ചതോടെ കാഴ്ചക്കാരുടെയും ഒഴുക്കായി. വാവയെത്തുമ്പോള്‍ വിറകുപുരയില്‍ വിശ്രമിക്കുകയായിരുന്നു കക്ഷി. വിറകുപുരയുടെ മേല്‍ക്കൂരയിലെ ഷീറ്റിലേക്കു കയറിയ പാമ്പിനെ ഏണിയില്‍ കയറിനിന്നുകൊണ്ടു സാഹസികമായിട്ടാണ് വാവ സുരേഷ് പിടികൂടിയത്. താഴെ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ പാമ്പ് വാവയ്ക്കു നേരേയും ചീറിയെങ്കിലും അദ്ദേഹം സമര്‍ഥമായി അതിനെ വരുതിയിലാക്കി.
ചേരയെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് രാജവെമ്പാലയെ പിടികൂടിയത്. എന്നാല്‍, വാവ പിടിത്തമിട്ടിട്ടും വായിലെ ചേരയെ വിട്ടുകളയാന്‍ രാജവെമ്പാല തയാറായില്ല. രാജവെമ്പാലയുടെ ആക്രമണത്തില്‍ ചേര ഇതിനകം ചത്തിരുന്നു. ഏറെ കാത്തിരുന്നു കിട്ടിയ ഇരയായതിനാലാണ് ചേരയെ വിടാന്‍ അതു കൂട്ടാക്കാതിരുന്നതെന്നും പാമ്പ് വളരെയധികം ക്ഷീണിതനാണെന്നും വാവ പറഞ്ഞു. ആണ്‍പാമ്പാണ് പിടിയിലായത്. പാമ്പിനെ ചാക്കിലാക്കി ഫോറസ്റ്റുകാരുടെ വാഹനത്തില്‍ മൂഴിയാര്‍ വനത്തില്‍ കൊണ്ടുവിട്ടു. പ്രദേശത്തു രാജവെമ്പാലയെ കണ്ടതോടെ മലവെള്ളത്തില്‍ കൂടുതല്‍ പാമ്പുകള്‍ എത്തിയിട്ടുണ്ടോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
https://www.facebook.com/Malayalivartha