ദേഷ്യം സ്ഫുരിക്കുന്ന മുഖഭാവമുള്ളവരോട് ഇടപഴകാന്‍ ആടുകള്‍ക്ക് മടി, ആടുകള്‍ക്ക് ഇഷ്ടം ചിരിക്കുന്ന മുഖങ്ങള്‍
ഇനി ആടുകളെ വെറും മിണ്ടാപ്രാണികള്‍ എന്ന് വിശേഷിപ്പിക്കുന്നത് ഒക്കെ ഒന്ന് നോക്കിയും കണ്ടുമൊക്കെ ആകുന്നത് നന്നായിരിക്കും. കാരണം, ആടുകള്‍ ഒന്നുമറിയാത്തവരല്ല. മനുഷ്യരുടെ മുഖഭാവങ്ങള്‍ മനസിലാക്കാനും അതിനോട് പ്രതികരിക്കാനും ഉള്ള കഴിവ് ആടുകള്‍ക്ക് ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
ലണ്ടനിലെ ക്യൂന്‍ മേരി സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന പഠനത്തിലാണ് ആടുകള്‍ക്ക് മനുഷ്യരുടെ വികാരപ്രകടനങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് വെളിവായത്. മുഖത്ത് ദേഷ്യം പ്രകടിപ്പിക്കുന്നവരോട് ഇടപഴകാന്‍ ആടുകള്‍ക്ക് മടിയാണെന്നും ചിരിക്കുന്ന മുഖങ്ങളാണ് അവ ഇഷ്ടപ്പെടുന്നതെന്നും പഠനത്തിനു നേതൃത്വം കൊടുത്ത അലന്‍ മക് ഇലിഗൊട്ട് പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 20 ആടുകളെയാണ് പഠനത്തിനായി ശാസ്ത്രജ്ഞര്‍ ഉപയോഗിച്ചത്. ഒരേ വ്യക്തിയുടെ ദേഷ്യമുള്ള മുഖത്തിന്റെയും ചിരിക്കുന്ന മുഖത്തിന്റെയും ചിത്രങ്ങള്‍ ആടുകളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ആദ്യഘട്ട പഠനം.
ആടുകളെല്ലാംതന്നെ ദേഷ്യംനിറഞ്ഞ മുഖചിത്രത്തില്‍ നിന്ന് അകലം പാലിക്കുന്നതായും ചിരിക്കുന്ന മുഖചിത്രത്തിനടുത്തെത്തി സന്തോഷപൂര്‍വ്വം പെരുമാറുന്നതായും ഈ പഠനത്തിലൂടെ കണ്ടെത്തി. അപരിചിതരായ ആളുകളെ ആടുകള്‍ക്കിടയിലേക്കയച്ചു നടത്തിയ പരീക്ഷണങ്ങളിലും അവയ്ക്ക് സന്തോഷവാന്മാരോടാണ് താത്പര്യമെന്ന് കണ്ടെത്തിയെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. റോയല്‍ സൊസൈറ്റി ഓപ്പണ്‍ സയന്‍സ് എന്ന ജേര്‍ണലിലാണ് ഈ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
https://www.facebook.com/Malayalivartha