ഉരുള്‍പൊട്ടലില്‍ തകര്‍ന്നില്ലെങ്കിലും നാലുനില വീട് 10 അടിയോളം നിരങ്ങി നീങ്ങി
അടിമാലിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അമ്പാട്ടുകുന്നേല്‍ കൃഷ്ണ ജ്വല്ലറി ഉടമയുടെ നാലുനില വീട്, പോര്‍ച്ചിലുണ്ടായിരുന്ന കാറിനൊപ്പം നിരങ്ങിനീങ്ങി താഴ്ചയില്‍ അതേപോലെ നിന്നു. അടിമാലിയില്‍ പരേതനായ രാധാകൃഷ്ണന്റെ വീടാണ് തകര്‍ന്നു വീഴാതെ അതേപോലെ നിരങ്ങി നീങ്ങിയത്. കൊച്ചി- ധനുഷ്കോടി ദേശീയപാതയോരത്ത് അടിമാലി ഗവ. ഹൈസ്കൂളിനു സമീപമാണ് പില്ലര്‍ ഉള്‍പ്പെടെ നാലു നിലകളായുള്ള വീടു നിര്‍മിച്ചിരുന്നത്. ഇതില്‍ ഒരുനില വാടകയ്ക്കു നല്‍കിയിരുന്നു.
മറ്റു രണ്ടു നിലകളിലാണ് വീട്ടുടമസ്ഥനായ രാധാകൃഷ്ണന്റെ ഭാര്യ ഷീലയും രണ്ടു പെണ്മക്കളും താമസിച്ചിരുന്നത്. താഴത്തെ നില പില്ലറുകളില്‍ പണിതാണ് വീടു നിര്‍മിച്ചിരുന്നത്. ഓഗസ്റ്റ് 16-ന് രാവിലെ എട്ടരയോടെയാണ് ശക്തമായ ഉരുള്‍പൊട്ടലില്‍ കെട്ടിടം, 10 അടിയോളം നിരങ്ങിനീങ്ങിയ ശേഷം താഴ്ന്നത്. പോര്‍ച്ചിലുണ്ടായിരുന്ന കാറും ഭൂമിക്കടിയിലായി. വീടിന്റെ രണ്ടുനിലകള്‍ മണ്ണിനു മുകളില്‍ കാണാവുന്ന നിലയിലാണ്. സംഭവസമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അതിനാല്‍ വന്‍ദുരന്തം ഒഴിവായി.
അടിമാലി മന്നാങ്കാലായിലുള്ള ബന്ധുവീട്ടിലാണ് ഷീലയും മക്കളും ഇപ്പോള്‍ താമസിക്കുന്നത്. 40 ലക്ഷത്തോളം രൂപ ബാങ്ക് വായ്പയെടുത്താണ് നാലുവര്‍ഷം മുന്‍പ് വീടു നിര്‍മിച്ചത്. ഈ സ്ഥലത്തു വീടുനിര്‍മാണത്തിന് ആളെ കിട്ടാതെ വന്നതോടെ കൊച്ചിയില്‍നിന്നു വിദഗ്ധരെ കൊണ്ടുവന്നാണ് പണി നടത്തിയതെന്നു നാട്ടുകാര്‍ പറയുന്നു.
റവന്യു അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും ഭൂമിക്കടിയില്‍പെട്ട കാര്‍ ഉള്‍പ്പെടെയുള്ളവ പുറത്തെടുക്കുന്നതിനു സഹായം ലഭിച്ചില്ലെന്നും ഷീല പറഞ്ഞു. ഒന്നേകാല്‍ വര്‍ഷം മുന്‍പാണ് ഷീലയുടെ ഭര്‍ത്താവ് രാധാകൃഷ്ണന് മരിച്ചത്. ആ ആഘാതം വിട്ടുമാറുന്നതിനു മുന്‍പാണ് ഷീലയെയും രണ്ടു പെണ്മക്കളെയും വിധി വീണ്ടും പരീക്ഷിച്ചത്.
https://www.facebook.com/Malayalivartha