യുഎസിലെ നെബ്രാസ്‌കയിലുള്ള മോണോവി: ഒരേയൊരാള്‍ മാത്രം താമസമുള്ള ലോകത്തിലെ ഏക പട്ടണം...!
അമേരിക്കയിലെ നെബ്രാസ്‌കയുടെ വടക്കുകിഴക്കന്‍ ഭാഗത്ത്, നയോബ്രാര നദിക്കും മിസ്സൗരി നദിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന 0.54 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു നഗരം രാജ്യാന്തരശ്രദ്ധ നേടിയ ഒരു പട്ടണമാണ്. ഒരാള്‍ മാത്രം താമസമുള്ള ലോകത്തിലെ ഒരേയൊരു പട്ടണം ആണിത് എന്നതാണ് ഈ പട്ടണത്തെ ലോകശ്രദ്ധയിലെത്തിച്ചത്.
2010-ലെ സെന്‍സസ് അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 1 ആയിരുന്നു! ഇവിടുത്തെ മേയറും ലൈബ്രേറിയനും ബാര്‍ ടെന്‍ഡറുമെല്ലാം ഒരാളാണ്. താന്‍ തന്നെ അപേക്ഷിച്ച ബാര്‍ ലൈസന്‍സ് സ്വയം അനുവദിക്കുന്നതും താന്‍ തന്നെ അടയ്ക്കുന്ന സ്വന്തം വീട്ടുനികുതി സ്വീകരിക്കുന്നതുമെല്ലാം ഇവര്‍ തന്നെ. എല്‍സി ഐലര്‍ എന്ന 86-കാരിയാണ് ഈ അപൂര്‍വ ബഹുമതിക്ക് ഉടമയായ ലോകത്തിലെ ഏക ആള്‍...!
ഇവിടെയുള്ള ആകെ മൂന്നു വീടുകളില്‍ ഒരെണ്ണത്തിലാണ് ഏക താമസക്കാരിയായ ഐലറുടെ വാസം. ഭര്‍ത്താവ് റൂഡിയുടെ മരണ ശേഷം 2004- ലാണ് ഐലര്‍ മോണോവിയിലെ ഏക താമസക്കാരിയായത്. പിന്നീടുള്ള 13 വര്‍ഷത്തിനിടയില്‍ ഐലര്‍ രാജ്യാന്തര മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറി.
ഐലറുടെ അമ്മ നെബ്രാസ്‌ക സ്വദേശിയായിരുന്നു. ജര്‍മനിയില്‍ നിന്ന് കുടിയേറിയ ആളായിരുന്നു അച്ഛന്‍. നഗരത്തിനു പുറത്തുള്ള ഒരു കൃഷിയിടത്തിലായിരുന്നു അവര്‍ വളര്‍ന്നത്. ഏഴര മൈല്‍ അകലെയുള്ള ലിഞ്ചിലെ ഹൈസ്‌കൂള്‍ പഠനത്തിനു ശേഷം കന്‍സാസ് സിറ്റിയിലെ എയര്‍ലൈന്‍ സ്‌കൂളില്‍ ചേര്‍ന്നു. തുടര്‍ന്ന് ഓസ്റ്റിനിലും ഡാളസിലും റിസര്‍വേഷന്‍ ഓഫിസറായി ജോലി ചെയ്തു.
സ്‌കൂള്‍ സുഹൃത്തായിരുന്ന റൂഡിയെ 19ാം വയസ്സില്‍ വിവാഹം കഴിച്ചു. കൊറിയന്‍ യുദ്ധസമയത്ത് വ്യോമസേനയില്‍ സേവനമനുഷ്ഠിച്ച ആളായിരുന്നു റൂഡി. വിവാഹശേഷം കുറച്ചു കാലം ഒമാഹയില്‍ ആയിരുന്നു താമസം. തുടര്‍ന്ന് മോണോവിയില്‍ സ്ഥിര താമസമാരംഭിച്ച അവര്‍ 1975- ല്‍ മദ്യശാല തുടങ്ങി. ഇന്നും തുറന്നു പ്രവര്‍ത്തിക്കുന്ന ഈ ബാറിലെ ഏക മുഴു സമയ ജീവനക്കാരിയും ഐലര്‍ മാത്രമാണ്. അവശ്യസമയത്ത് ഇവിടെയെത്തുന്ന ആളുകളും ഐലര്‍ക്ക് ഒരു കൈ സഹായം നല്‍കാന്‍ മടിക്കാറില്ല.
മറ്റു പ്രദേശങ്ങളില്‍ എന്ന പോലെ എന്തെങ്കിലും ആവശ്യം വന്നാല്‍ ആശ്രയിക്കാന്‍ ഇവിടെ മുന്‍സിപ്പാലിറ്റിയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരിചയക്കാരാണ് ഐലര്‍ക്ക് തുണ. കുട്ടികളും പേരക്കുട്ടികളും ഒന്നും ഒപ്പമില്ലെങ്കിലും ഐലര്‍ക്ക് പരാതിയില്ല. ഈ പ്രായത്തിലും ഊര്‍ജ്ജസ്വലയായ ഇവര്‍ക്ക് സുഹൃദ് വലയങ്ങള്‍ തന്നെ ധാരാളം. ഏകാന്തതയ്ക്ക് ആ ജീവിതത്തില്‍ സ്ഥാനമില്ല. ഒഴിവു ദിനങ്ങളില്‍ ബാറിനുള്ളില്‍ സ്ഥിരമായി ഒത്തു ചേരുന്ന ദീര്‍ഘകാല സുഹൃത്തുക്കളുമുണ്ട്.
https://www.facebook.com/Malayalivartha