ഓന്തുകളെപ്പോലെ നിമിഷങ്ങള്‍ക്കുള്ളില്‍ നിറം മാറാന്‍ കഴിയുന്ന അപൂര്‍വയിനം മത്സ്യത്തെ കണ്ടെത്തി!
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ(സിഎംഎഫ്ആര്‍ഐ) ഗവേഷകര്‍ഓന്തുകളെപ്പോലെ നിമിഷങ്ങള്‍ക്കുള്ളില്‍ നിറം മാറാന്‍ കഴിയുന്ന അപൂര്‍വയിനം മത്സ്യത്തെ കണ്ടെത്തി. സ്‌കോര്‍പിയോണ്‍ മത്സ്യ വിഭാഗത്തിലെ അപൂര്‍വയിനമായ ''ബാന്‍ഡ്‌ടെയില്‍ സ്‌കോര്‍പിയോണ്‍'' മത്സ്യത്തെയാണ് തമിഴ്‌നാട്ടിലെ സേതുകരൈ തീരത്തുനിന്നു ഗവേഷകര്‍ കണ്ടെത്തിയത്.
ആദ്യമായാണ് ഇന്ത്യയില്‍ ഈ മത്സ്യത്തെ ജീവനോടെ ലഭിക്കുന്നത്. കടല്‍പുല്ലുകളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി കടലിനടിയിലൂടെയുള്ള ഗവേഷണ സഞ്ചാരത്തിനിടെയാണ് കടല്‍പുല്ലുകള്‍ക്കിടയില്‍നിന്നു മത്സ്യത്തെ കണ്ടെടുത്തത്.ഏറെ സവിശേഷതകളുള്ള മത്സ്യം ഇര പിടിക്കുന്നതിനും ശത്രുക്കളില്‍നിന്നു രക്ഷ നേടുന്നതിനുമാണു നിറം മാറുന്നത്.
ചെറിയ തണ്ടുകൊണ്ട് തൊട്ടപ്പോള്‍ നിറം മാറാന്‍ തുടങ്ങിയതോടെയാണ് ആദ്യകാഴ്ചയില്‍ പവിഴത്തണ്ട് പോലെ തോന്നിച്ച ഈ മീന്‍ അപൂര്‍വ ഇനത്തില്‍ പെടുന്നതാണെന്ന് തിരിച്ചറിയാനായതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഒറ്റ നോട്ടത്തില്‍ മീനാണെന്നു പോലും മനസിലാക്കാനാകാത്ത വിധം ചുറ്റുപാടുകളുടെ നിറമാകാന്‍ ഇതിനു കഴിയും. ഇതിനെ പിടിക്കാനുള്ള ശ്രമത്തിനിടെ വെള്ള നിറത്തില്‍നിന്നു കറുപ്പും പിന്നീടു മഞ്ഞയായും മാറി.
നട്ടെല്ലില്‍ ശക്തിയേറിയ വിഷമുള്ളത് കാരണമാണ് ഈ വിഭാഗത്തെ പൊതുവായി സ്‌കോര്‍പിയോണ്‍ മത്സ്യം എന്നു വിളിക്കുന്നത്. അതുകൊണ്ടുതന്നെ ഇവയെ സ്പര്‍ശിക്കുന്നതും മറ്റും അപകടകരമാണ്.പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെയാണ് സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ മീനിനെ പിടികൂടിയത്.
രാത്രികളില്‍ ഇരതേടുന്ന ഇവ ഇര തൊട്ടടുത്തുംവരെ കടലിന്റെ അടിത്തട്ടില്‍ ചലനമില്ലാതെ കിടക്കുകയും തുടര്‍ന്നു മിന്നല്‍വേഗത്തില്‍ അകത്താക്കുകയും ചെയ്യും. കാഴ്ചശക്തി കൊണ്ടല്ല, മറിച്ച് വശങ്ങളിലുള്ള പ്രത്യേക സെന്‍സറുകളിലൂടെയാണ് ഇവ ഇരതേടുന്നത്.
സിഎംഎഫ്ആര്‍ഐയിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ആര്‍. ജയഭാസ്‌കരന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണു മീനിനെ കണ്ടെത്തിയത്. പഠനത്തിന്റെ ഭാഗമായുള്ള പരിശോധനകള്‍ക്കു ശേഷം മീനിനെ സിഎംഎഫ്ആര്‍ഐയിലെ മ്യൂസിയത്തില്‍ നിക്ഷേപിച്ചു.
https://www.facebook.com/Malayalivartha