25 അടി ആഴമുള്ള കിണറ്റിലേക്ക് വീണ 83-കാരിയെ മുക്കാല്‍ മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി!
തൃശ്ശൂര്‍ പാഞ്ഞാളിലെ എണ്‍പത്തിമൂന്നുകാരിയായ സരോജിനിയുടെ കിണറ്റിലേക്ക് ഒരു തേങ്ങ വീണു. അതെടുക്കാന്‍ ബക്കറ്റിലെ കയറിന്റെ മറ്റേ അറ്റത്ത് കുരുക്കിട്ടതു മാത്രമേ സരോജിനിക്ക് ഓര്‍മയുള്ളൂ. ദേ കിടക്കുന്നു, വെള്ളത്തിലെ തേങ്ങയ്ക്കരികില്‍! കയറിന്റെ ഒരറ്റം വിടാതെ പിടിച്ചതിനാല്‍ വെള്ളത്തില്‍ മുങ്ങാതെ കിടന്നു.
പാഞ്ഞാള്‍ ദളപതി റോഡിനു സമീപത്ത് താമസിക്കുന്ന കൊമ്മടഴിയത്ത് സരോജിനി ഇന്നലെ രാവിലെ ഒന്‍പതിനാണു കാല്‍വഴുതി കിണറ്റില്‍ വീണത്. വീട്ടില്‍ മറ്റൊരു വയോധികയും പേരക്കുട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ഓടിയെത്തിയ അയല്‍വാസികള്‍ അഗ്‌നിരക്ഷാസേനയെ അറിയിച്ചു. മായന്നൂര്‍ ഫോറസ്റ്റ് റസ്‌ക്യു വാച്ചര്‍ പ്രമോദ് താന്നിശ്ശേരി, അയല്‍വാസി ശ്രീനിവാസന്‍ മൂച്ചിക്കന്‍ എന്നിവര്‍ കസേരയുമായി ഇറങ്ങി സരോജിനിയെ അതില്‍ കയറ്റി ഇരുത്തി. തുടര്‍ന്നു വടക്കാഞ്ചേരി, ഷൊര്‍ണൂര്‍ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എത്തി മൂവരെയും വലയില്‍ കയറ്റി പുറത്തെടുത്തു.
കിണരിനകത്തേക്ക് പോയത് ഒറ്റയ്ക്കാണെങ്കിലും രണ്ടുപേരുടെ കൂട്ടോടെ മുകളിലെത്തുമ്പോള്‍ സരോജിനിയമ്മയ്ക്ക് ചിരി.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത് വടക്കാഞ്ചേരി സ്റ്റേഷന്‍ ഓഫിസര്‍ എ. എല്‍.ലാസര്‍, സീനിയര്‍ ഓഫിസര്‍മാരായ എ.ബാബു രാജന്‍, രാജേന്ദ്രന്‍ പിള്ള,ഷൊര്‍ണൂര്‍ അഗ്‌നിശമന സേനയിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ശരത്ത് ചന്ദ്രബാബു, ലീഡിങ് ഫയര്‍മാന്‍ കെ.സജിത്ത് എന്നിവരാണ്. കാലിന് പൊട്ടലുള്ളതിനാല്‍ പ്രാഥമിക ചികിത്സയ്ക്കായി ചേലക്കര ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha