വീട്ടുമുറ്റത്ത് പാമ്പുകളുടെ കൂട്ടം; ആദ്യം ഞെട്ടല്‍... പിന്നീട് കൗതുകം!
കണ്മൂര്‍ തളിപ്പറമ്പിലെ ഒരു വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം പാമ്പുകളുടെ കൂട്ടം പ്രത്യക്ഷപ്പെട്ടത് ഭീതിയും ഞെട്ടലും ഉളവാക്കി.
പട്ടുവം മംഗലശ്ശേരിയിലെ ടി.വി.സരോജിനിയുടെ വീട്ടുമുറ്റത്താണ് അഞ്ചിലധികം പാമ്പുകളെ കെട്ടുപിണഞ്ഞ നിലയില്‍ കണ്ടത്. അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ ഇവ ഇഴഞ്ഞ് പോവുകയും ചെയ്തു.
സരോജിനിയുടെ മകന്‍ സൈനികനായ ഷിജു ഇതിന്റെ വിഡിയോ എടുത്ത് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകനും അധ്യാപകനുമായ രാജേന്ദ്രന് കൈമാറി.
പ്രസ്തുത വിഡിയോ രാജേന്ദ്രന്‍ വനംവകുപ്പിന്റെ ആര്‍ആര്‍ടി അംഗവും പാമ്പുകളുടെ സംരക്ഷകനുമായ കുറ്റിക്കോല്‍ എം.പി.ചന്ദ്രന് അയച്ച് കൊടുത്തു. അവ വിഷമില്ലാത്ത തേളിയാന്‍ പാമ്പുകളാണെന്ന് എം.പി.ചന്ദ്രന്‍ അറിയിച്ചു. കൂട്ടത്തോടെ സഞ്ചരിക്കുന്ന തേളിയാന്‍ പാമ്പുകളുടെ ഇണ ചേരലാണ് അപൂര്‍വ ദൃശ്യമായി വീട്ടുമുറ്റത്ത് കണ്ടത്. പടകൂടി എന്ന പേരിലും അറിയപ്പെടുന്ന തേളിയാനെ കുറിച്ച് ഏറെ അന്ധവിശ്വാസങ്ങളാണ് നിലവിലുള്ളത്.
ചേര കഴിഞ്ഞാല്‍ മനുഷ്യനുമായി ഏറ്റവും അടുത്ത് കഴിയുന്നവയാണ് തേളിയാന്‍ പാമ്പുകള്‍. കൂട്ടമായി സഞ്ചരിക്കുന്ന രീതിയാണ് ഇവയ്ക്കുള്ളത്. ആദ്യം മനുഷ്യരുടെ കണ്ണില്‍പ്പെടുന്ന പാമ്പ് കൊല്ലപ്പെടാന്‍ ഇടയായാല്‍ പിന്നാലെ തുടര്‍ച്ചയായി വരുന്നവയെ കാണുമ്പോഴാണ് ആദ്യത്തെ പാമ്പിനെ കൊന്നതിന് പ്രതികാരമായി മറ്റുള്ളവ വരുന്നതായി പ്രചാരണം ഉണ്ടായതെന്ന് ചന്ദ്രന്‍ പറയുന്നു.
വളര്‍ച്ചയില്‍ നിറം മാറി ചുവപ്പ് നിറമാകുന്നതിനാല്‍ നിറംമാറി എന്നും ഇതിന് പേരുണ്ട്. ഒട്ടും ഉപദ്രവകാരിയല്ലാത്ത ഇവ ചുണ്ടെലിയെയും മറ്റും ഭക്ഷിക്കുന്നതിനാല്‍ മനുഷ്യര്‍ക്കും ഉപകാരിയാണ്. ഇവ ഇണ ചേരുമ്പോള്‍ ഒരു പെണ്‍ പാമ്പിനൊപ്പം ഒട്ടേറെ ആണ്‍ പാമ്പുകളും ഉണ്ടാകും.
https://www.facebook.com/Malayalivartha